കൂടുതല്‍ സന്നാഹങ്ങളുമായി ആ ഇന്നോവ വീട്ടുമുറ്റത്തേക്ക്!
ഇന്ത്യന്‍ എംപിവി വിപണിയിലെ മുടിചൂടാമന്നനാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ. ഇപ്പോഴിതാ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്കി 2020 ഇന്നോവ ക്രിസ്റ്റ പരിഷ്കരിച്ചിരിക്കുകയാണ് ടൊയോട്ട. ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വേരിയന്റ് മുതല്‍ വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളാണ് പുതുതായി നല്‍കിയിരിക്കുന്നത്. ഈ ജനപ്രിയ വാഹനത്തിന്റെ വിശേഷങ്ങള്‍ അറിയാം.
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്ത്യയിലെ വിൽപ്പന വിജയം നേടിയ ഒരു മോഡലായിരുന്നു ക്വാളിസ്. ഈ ക്വാളിസിനു പകരക്കാരനായാണ് 2005 ൽ ഇന്നോവ വിപണിയിലെത്തിയത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു ഇന്നോവ.
2016ലെ ദില്ലി ഓട്ടോ എക്സോപയിലാണ് രണ്ടാം തലമുറ ഇന്നോവയെ ടൊയോട്ട അവതരിപ്പിക്കുന്നത്. ക്രിസ്റ്റ എന്നായിരുന്നു അടിമുടി മാറിയ പുത്തന്‍വാഹനത്തിനു ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ കോര്പറേഷന് നല്കിയ ഓമനപ്പേര്. എക്സ്പോയിലെ താരമായിരുന്നു അന്ന് ഇന്നോവ ക്രിസ്റ്റ. പഴയ ഇന്നോവയെക്കാള്‍ നീളവും വീതിയും ഉയരവുമുള്ള വാഹനം. നീളം 180 എം.എമ്മും, വീതി 60 എം.എമ്മും, ഉയരം 45 എം.എമ്മും കൂടിയപ്പോള്‍ വീല്‍ബേസ് 2750 എം എം ആയിത്തന്നെ നിലനിര്‍ത്തി. ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാംറിയിൽ നിന്നും ആൾട്ടിസിൽ നിന്നും പ്രചോദിതമായിരുന്നു ക്രിസ്റ്റയുടെ മുൻഭാഗത്തിന്റെ ഡിസൈൻ. ഹെഡ്ലൈറ്റുമായി ചേര്‍ത്തുവെച്ചിരിക്കുന്ന വലിയ ഹെക്സാഗണൽ ഗ്രിൽ, വലിയ ഫോഗ്ലാമ്പ് എന്നിവ മുൻഭാഗത്തെ പ്രധാന പ്രത്യേകതകൾ. പഴയ ഇന്നോവയോട് സാദൃശ്യമുള്ളതാണ് വശങ്ങള്. എന്നാല്‍ വലിപ്പമേറിയ രണ്ട് ക്രോം വരകളുള്ള പുതിയ ഹെക്സാഗണല് ഗ്രില്ലും പിന്നിലേക്ക് വളഞ്ഞ് നീളുന്ന ഹെഡ് ലാമ്പുകളും ഡേ ടൈം റണ്ണിങ് ലാമ്പുകളുമൊക്കെ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കി.
ടൊയോട്ടയുടെ ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ (ടി.എന്‍.ജി.എ) പ്ലാറ്റ്ഫോമില്‍ വികസിപ്പിച്ച വാഹനത്തിനു പഴയ ഇന്നോവയെക്കാള്‍ ഭാരം കുറവായിരുന്നു. ഓട്ടോമാറ്റിക് ക്ലൈമെറ്റ് കണ്ട്രോള്, പവര്‍ വിന്‍ഡോസ്, സ്റ്റിയറിങ് മൗണ്ടഡ് കണ്ട്രോള്സ്, നാവിഗേഷന്‍ സമന്വയിപ്പിച്ച ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ സവിശേഷതകളും വാഹനത്തിനു മാറ്റു കൂട്ടി.
പഴയ ഇന്നോവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രിസ്റ്റയുടെ ഇന്റീരിയറിലായിരുന്നു അതിശയിപ്പിക്കുന്ന മാറ്റങ്ങൾ. ജർമൻ ലക്ഷ്വറി കാറുകളെ ഓർമിപ്പിക്കുന്ന ഭംഗിയും നിലവാരവും ഡാഷ്ബോർഡിനും ഇന്റീരിയർ ഘടകങ്ങൾക്കുമുണ്ടായിരുന്നു. ഒരു സ്വീകരണ മുറി പോലെ വിശാലമായിരുന്നു അകത്തളം. ഡ്യുവല്‍ ടോൺ അപ്ഹോൾസ്റ്ററി, അലുമിനിയം, വുഡൻ ട്രിമ്മുകൾ, ഡ്യുവൽടോൺ ക്ലൈമറ്റ് കൺട്രോൾ, ഏഴിഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെ പ്രത്യേകതകള്‍ നീണ്ടു. നേർത്ത നീലപ്രകാശം ചൊരിയുന്ന ആംബിയന്റ് ഇലൂമിനേഷൻ. വലിയ ഡയലുകളുള്ള ടാക്കോ സ്പീഡോ മീറ്ററുകൾക്കിടയിൽ ഇന്ധന ഉപഭോഗം, ശരാശരി വേഗം, താപനില തുടങ്ങിയ നിരവധി വിവരങ്ങൾ കാണിക്കുന്ന 4.2 ഇഞ്ച് ടിഎഫ്ടി മൾട്ടി ഇൻഫർമേഷൻ സ്ക്രീൻ. ഡാഷ്ബോർഡിന്റെ നടുക്കുള്ള ഏഴിഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേയിൽ ഓഡിയോ, വീഡിയോ, നാവിഗേഷൻ, റിവേഴ്സ് ക്യാമറ എന്നിവ.
സുരക്ഷയുടെ കാര്യത്തിലും ഇന്നോവ ക്രിസ്റ്റ മുൻഗാമിയെക്കാൾ ഏറെ മിടുക്കനായിരുന്നു. അടിസ്ഥാന വകഭേദത്തിനു പോലും മൂന്ന് എയർബാഗുകളും എബിഎസും. കൂടിയ വകഭേദമായ സെഡ് എക്സിന് ഏഴ് എയർബാഗുകളും വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോളും ഹിൽ ഏഴിഞ്ച് ടച്ച് സ്ക്രീൻ നാവിഗേഷൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും എട്ട് തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും ക്ലൈമറ്റ് കൺട്രോൾ എസിയും പുഷ് സ്റ്റാർട്ട് ബട്ടനുമൊക്കെയുണ്ട്.
രണ്ട് എന്ജിന് ഓപ്ഷനുകള്‍. 1. വി.എന്‍.ടി ഇന്റര്‍കൂളര്‍ ഉള്ള 2.4 ലിറ്റര്‍ ജി.ഡി ഫോര്‍ സിലിണ്ടര്‍. 2. ഡ്യുവല്‍ വി.വി.ടി.ഐ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്ജിന്. മാനുവല്‍, സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനുകള്‍. ഒപ്പം ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റുകള്‍.
സാധാരണക്കാരന്റെ വാഹനസ്വപ്നങ്ങള്ക്കു നിരക്കുന്നതായിരുന്നില്ല ഇന്നോവ ക്രിസ്റ്റയുടെ വില. ഇപ്പോള്‍ ഒരു ഫുള്‍ ഓപ്ഷന് ഡീസല്‍ മോഡല്‍ കിട്ടണമെങ്കില്‍ ഏകദേശം 26 ലക്ഷത്തിന് മേലെ ചിലവാകും. 25 ലക്ഷത്തിന് മുകളിലാണ് പെട്രോള്‍ മോഡലിന് വില. വണ്ടിയൊക്കെ ഗംഭീരമാണെങ്കിലും മൈലേജ് കേട്ടാല്‍ സാധാരണക്കാരന്റെ കണ്ണുനിറയും. ലിറ്ററിനു 12 കിലോമീറ്ററിനു മേലെയാണ് വാഗ്ദാനമെങ്കിലും പത്ത് കിലോമീറ്റര്‍ പോലും തികച്ചു ലഭിക്കാറില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പല വാഹന ഉടമകളും സാക്ഷ്യപ്പെടുത്തുന്നു.
ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 2017ല്‍ ടൊയോട്ട അവതരിപ്പിച്ച പുതിയ ലിമിറ്റഡ് എഡിഷന് മോഡലായിരുന്നു ക്രിസ്റ്റ ടൂറിങ് സ്പോര്‍ട്ട്. ഇന്തോനേഷ്യന്‍ വിപണിയിലുള്ള വെഞ്ച്വറര്‍ MPV പതിപ്പായിരുന്നു ടൂറിങ് സ്പോര്‍ട്ടായി ഇന്ത്യയിലെത്തിയത്.
ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ്, യുഎസ്ബി ചാര്‍ജിങ് പോയിന്റ്, ഗുണനിലവാരമേറിയ സ്പീക്കര്‍ എന്നിവയോടെ പുത്തന്‍ ഇന്നോവ 2019 ജൂണില്‍ വിപണിയിലെത്തി. വിഎക്സ് എം ടി, സെഡ്എക്സ് എം ടി, സെഡ് എക്സ് എ ടി എന്നീ മോഡലുകളാണ് പുതിയ പരിഷ്കാരങ്ങളോടെ എത്തിയത്. കൂടാതെ ഇന്നോവ ക്രിസ്റ്റ സെഡ്എക്സ് എം ടി, സെഡ്എക്സ് എ ടി എന്നിവയില്‍ പുതിയ ഐവറി നിറത്തിലുള്ള അകത്തളവും ലഭ്യമാവും.
വാഹനം ഇന്ത്യയിലെത്തിയതിന്റെ 15-ാം വാര്‍ഷികം പ്രമാണിച്ച് ലീഡര്‍ഷിപ്പ് എഡിഷന് കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇന്നോവ ക്രിസ്റ്റയുടെ വിഎക്സ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഈ ലീഡര്‍ഷിപ്പ് എഡിഷന് വരുന്നത്.
ഇന്നോവയുടെ സിഎന്‍ജി വകഭേദവും നിരത്തിലെത്താന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നതു മുതല്‍ ആകാംക്ഷയിലാണ് വാഹനപ്രേമികള്‍. ആദ്യമായിട്ടാണ് വാഹനത്തിന്റെ സിഎന്‍ജി പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. പിറകിലെ ഗ്ലാസില്‍ സിഎന്‍ജി എന്ന് സ്റ്റിക്കര്‍ പതിച്ച ഇന്നോവയാണ് അടുത്തിടെ ക്യാമറക്കണ്ണില്‍ കുടുങ്ങിയത്.
2020 മെയ് ആദ്യവാരം പുറത്തിറക്കിയ മോഡലില്‍ വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള് എന്നീ ഫീച്ചറുകളാണ് എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്കി. നേരത്തെ ഈ രണ്ട് ഫീച്ചറുകളും ഇസഡ്എക്സ് എന്ന ടോപ് വേരിയന്റില്‍ മാത്രമാണ് നല്‍കിയിരുന്നത്.
ഇബിഡി സഹിതം എബിഎസ്, പ്രീടെന്‍ഷനറുകള്‍, ലോഡ് ലിമിറ്ററുകള്‍ എന്നിവയോടെ ഉയരം ക്രമീകരിക്കാവുന്ന സീറ്റ്ബെല്‍റ്റുകള്‍, ഐസോഫിക്സ് സീറ്റ് മൗണ്ടുകള്‍, സീറ്റ്ബെല്‍റ്റ് വാണിംഗ് എന്നിവയാണ് നിലവിലെ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകള്‍.
മറ്റ് സുരക്ഷാ ഫീച്ചറുകള്‍ പരിശോധിച്ചാല്‍, ജിഎക്സ് മാന്വല്‍, ജിഎക്സ് ഓട്ടോമാറ്റിക്, വിഎക്സ് മാന്വല്‍ എന്നീ വേരിയന്റുകളില്‍ മൂന്ന് എയര്‍ബാഗുകള്‍ നല്കി. ടോപ് സ്പെക് ഇസഡ്എക്സ് വേരിയന്റിന് സുരക്ഷയൊരുക്കുന്നത് ഏഴ് എയര്‍ബാഗുകള്‍, എല്ലാ സീറ്റുകളിലും ത്രീ പോയന്റ് സീറ്റ്ബെല്‍റ്റുകള്‍, ഇമ്മൊബിലൈസര്‍ + സൈറണ്‍ + അള്‍ട്രാസോണിക് സെന്‍സര്‍ + ഗ്ലാസ് ബ്രേക്ക് സെന്‍സര്‍ എന്നിവയാണ്. മറ്റ് ഫീച്ചറുകളില്‍ മാറ്റമില്ല.
സുരക്ഷ ശക്തമാക്കിയതൊഴിച്ചാല് വേറെ മാറ്റങ്ങളൊന്നും ഈ വാഹനത്തിലില്ല. ബിഎസ് 6 പാലിക്കുംവിധം ടൊയോട്ട ഇന്നോവ ക്രിസ്റ്റ നേരത്തെ പരിഷ്കരിച്ചിരുന്നു. 2.7 ലിറ്റര്‍ പെട്രോള്‍, 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് ഈ വാഹനം എത്തുന്നത്. പെട്രോള്‍ മോഡല്‍ 164 ബിഎച്ച്പി പവറും 245 എന്‍എം ടോര്‍ക്കും ഡീസല്‍ മോഡല്‍ 148 ബിഎച്ച്പി പവറും 343 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്.
അടുത്തകാലത്തായി മുഖ്യ എതിരാളിയായ മാരുതി എര്‍ട്ടിഗയ്ക്ക് മുന്നില്‍ അല്‍പ്പം ക്ഷീണതനാണ് ഇന്നോവ. 2019- 20 സാമ്പത്തിക വര്‍ഷം 90,547 യൂണിറ്റ് മാരുതി സുസുകി എര്‍ട്ടിഗയാണ് വിറ്റുപോയത്. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ 65,263 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന. കൈവരിച്ചത് 39 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ച. ഇതേ കാലയളവില്‍ എതിരാളിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റ 31 ശതമാനം ഇടിവാണ് നേരിട്ടത്. 2018- 19 സാമ്പത്തിക വര്‍ഷം 77,924 യൂണിറ്റ് ഇന്നോവ ക്രിസ്റ്റ വിറ്റപ്പോള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 53,686 യൂണിറ്റായി കുറഞ്ഞു എന്നാണ് കണക്കുകള്‍