ടൊയോട്ടയുടെ കുപ്പായമിട്ടപ്പോള്‍ മാരുതി ബ്രസയ്ക്ക് മോഹവില!
ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് പുതിയ വാഹനമായ അർബർ ക്രൂയിസറിനെ വിപണിയിലെത്തിച്ചിരിക്കുന്നു. മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ ബാഡ്‌ജ് പതിപ്പായ ഈ മോഡലിന്‍റെ ചില വിശേഷങ്ങള്‍ അറിയാം.
മാരുതിയുമായുള്ള കൂട്ടുകെട്ടില്‍ ടൊയോട്ടയില്‍ നിന്നും പുറത്തിറങ്ങുന്ന രണ്ടാമത്തെ മോഡലായ ഈ വാഹനത്തിന് 8.40 ലക്ഷം മുതൽ 11.40 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. മിഡ്, ഹൈ, പ്രീമിയം എന്നീ മൂന്ന് വേരിയന്റുകളിലാണ് മോഡൽ എത്തുന്നത്. അഞ്ച് സീറ്റർ വിറ്റാര ബ്രെസയുമായി വ്യത്യസ്തമാകുന്നതിനായി ചെറിയ ഡിസൈൻ മാറ്റങ്ങൾ മാത്രമാണ് ടൊയോട്ട വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്.
മിനി ഫോർച്യൂണർ ലുക്കില്‍ മിഡ്, ഹൈ, പ്രീമിയം എന്നീ മൂന്ന് മോഡലുകളിലാകും പുതിയ എസ്‌യുവി എത്തുന്നത്. അർബൻ ക്രൂയിസറിൽ പുതിയ കെ സീരീസ് 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ മാനുവൽ ഓട്ടോമാറ്റിക് ഓപ്‌ഷനിൽ ലഭ്യമാണ്. മികച്ച ഇന്ധനക്ഷമതയും ഉറപ്പ് നൽകുന്നു.
എല്ലാ ഓട്ടോമാറ്റിക് വേരിയന്റിലും നവീന ലിഥിയം അയൺ ബാറ്ററി, സ്റ്റാർട്ടർ ജനറേറ്റർ എന്നിവ ഉറപ്പ് നൽകുന്നു. കരുത്തുറ്റ ബോൾഡ് ഗ്രിൽ, ട്രെപ്പീസോയിടൽ ഫോഗ് ലാമ്പ്, ഡ്യുവൽ ചേംബർ എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ലാംപ്, ഡ്യുവൽ ഫങ്ങ്ഷൻ ഡി ആർ എൽ കം ഇൻഡിക്കേറ്റർ എന്നിവയാണ് ഹാർബർ ക്രൂയിസറിന്റെ പ്രത്യേകതകൾ. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ഡ്യുവൽ ടോൺ നിറങ്ങൾ, തനതായ ബ്രൗൺ നിറം എന്നിങ്ങനെ വ്യത്യസ്ത ഓപ്‌ഷനുകൾ ഉപഭോക്താക്കൾക്കു തെരഞ്ഞെടുക്കാവുന്നതാണ്.
ഓട്ടോമാറ്റിക് മോഡലുകൾക്ക് ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ഉള്ള ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉൾപ്പെടുത്തുക. ഫ്രണ്ട് എൽഇഡി ഫോഗ് ലാമ്പുകൾ, സെന്റർ ക്യാപ് ഉള്ള ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഓട്ടോ മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഡേ / നൈറ്റ് റിയർ വ്യൂ മിറർ തുടങ്ങിയ സവിശേഷതകൾ ടോപ്പ് എൻഡ് പതിപ്പിൽ ടൊയോട്ട വാഗ്ദാനം ചെയ്യും.
യുഎസ്ബി, ഓക്സ്-ഇൻ കണക്റ്റിവിറ്റിയും റിമോട്ട് കൺട്രോൾ, എഞ്ചിൻ പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ ഉള്ള സ്മാർട്ട് എൻട്രി, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോൾ എന്നിവയും അർബൻ ക്രൂയിസിന്റെ ഭാഗമാകും.
അർബൻ ക്രൂയിസർ മുൻകൂട്ടി ബുക്ക് ചെയ്‍ത ഉപഭോക്താക്കളെ ആദരിക്കുന്നതിന്‍റെ ഭാഗമായി റെസ്‌പെക്ട് പാക്കേജ് കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. അർബൻ ക്രൂയിസർ മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കായാണ് റെസ്‌പെക്ട് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഈ ഉപഭോക്താക്കള്‍ക്ക് രണ്ട് വർഷത്തേക്ക് തുക നൽകേണ്ടാത്ത പീരിയോഡിക് മെയിന്റനൻസ് (നോ കോസ്റ്റ് പീരിയോഡിക് മെയിന്റനൻസ്) ലഭിക്കും.
അര്‍ബന്‍ ക്രൂയിസറിനുള്ള ബുക്കിംഗ് ഇതിനകം തന്നെ കമ്പനി ആരംഭിച്ചിരുന്നു. ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി ടൊയോട്ടയുടെ ഷോറൂമുകളിൽ നിന്നും അർബൻ ക്രൂയിസർ ബുക്ക് ചെയ്യാം.
വര്‍ധിച്ച് വരുന്ന യുവ തലമുറയില്‍പെട്ട ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതായിരിക്കും പുതിയ വാഹനമെന്നാണ് കമ്പനിയുടെ പ്രതീക്ഷയും അവകാശവാദവും