അവൻ ഇപ്പോൾ തന്നെ വൈസ് ക്യാപ്റ്റനാണ്. ഇത് കണ്ടിട്ട് വൈകാതെ അവൻ ഇന്ത്യയുടെ ക്യാപ്റ്റനും ആകുമെന്ന് തോന്നുന്നു. പിച്ചിലെ പേസും ബൗൺസും കണ്ട് ക്രീസിലേക്ക് പോകേണ്ട എന്ന് തിലക് വർമ്മ തന്നെ സ്വയം പറഞ്ഞിട്ടുണ്ടാകും.

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യ തുടർ പരാജയം നേരിട്ടതിന് പിന്നാലെ ടീം മാനേജ്‌മെന്റിനും വൈസ് ക്യാപ്റ്റൻ തിലക് വർമ്മയ്ക്കുമെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ഷോർട്ട് പിച്ച് പന്തുകളെ നേരിടാൻ ഭയക്കുന്ന തിലക് വർമ്മയെ ഫാസ്റ്റ് ബൗളിംഗിൽ നിന്ന് ഒളിപ്പിച്ചു നിർത്താനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്ന് ശ്രീകാന്ത് ആരോപിച്ചു. തിലകിന് പകരം മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നു എന്നും ശ്രീകാന്ത് തന്‍റെ യുട്യൂബ് ചാനലില്‍ തുറന്നടിച്ചു.

അവൻ ഇപ്പോൾ തന്നെ വൈസ് ക്യാപ്റ്റനാണ്. ഇത് കണ്ടിട്ട് വൈകാതെ അവൻ ഇന്ത്യയുടെ ക്യാപ്റ്റനും ആകുമെന്ന് തോന്നുന്നു. പിച്ചിലെ പേസും ബൗൺസും കണ്ട് ക്രീസിലേക്ക് പോകേണ്ട എന്ന് തിലക് വർമ്മ തന്നെ സ്വയം പറഞ്ഞിട്ടുണ്ടാകും. തിലകിന് ഇപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് ഒരു ധാരണയുമില്ല. തിലക് വർമ്മയ്ക്ക് പകരം താനായിരുന്നെങ്കില്‍ സഞ്ജു സാംസണെ കളിപ്പിക്കുമായിരുന്നുവെന്നും ശ്രീകാന്ത് വ്യക്തമാക്കി. ഫാസ്റ്റ് ബൗളിംഗിനെതിരെ തിലക് വർമ്മയ്ക്കുള്ള ബലഹീനത മാനേജ്‌മെന്‍റിന് കൃത്യമായി അറിയാമെന്നും അതുകൊണ്ടാണ് ബാറ്റിംഗ് ഓർഡറിൽ അക്സർ പട്ടേലിനെ തിലകിന് മുന്നെ ഇറക്കിയതെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

ടീമിലെ പ്രധാന ബാറ്ററും വൈസ് ക്യാപ്റ്റനുമാക്കിയ ശേഷം എന്തിനാണ് അവനെ ഫാസ്റ്റ് ബൗളിംഗിൽ നിന്ന് ഒളിപ്പിച്ചു നിർത്തുന്നത്? ഷോർട്ട് പിച്ച് പന്തുകൾക്ക് മുന്നിൽ അവൻ പതറുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഈ സംരക്ഷണം. അവനെ ടീമിൽ നിന്ന് മാറ്റണമെന്ന് ഞാൻ തുടർച്ചയായി പറയുന്നുണ്ട്, പക്ഷേ അവർ മാറ്റില്ല- ശ്രീകാന്ത് കൂട്ടിച്ചേർത്തു. വൈസ് ക്യാപ്റ്റൻ സ്ഥാനം ലഭിച്ച ശേഷം കളിച്ച അഞ്ച് മത്സരങ്ങളിൽ 19, 55, 13, 24*, 3 എന്നിങ്ങനെയാണ് തിലകിന്‍റെ സ്‌കോറുകൾ. അയർലൻഡിനെതിരെ നേടിയ 55 റൺസ് ഒഴിച്ചുനിർത്തിയാൽ ഇംഗ്ലണ്ട് മണ്ണിൽ പൂർണ്ണ പരാജയമായിരുന്നു താരം.

ടി20 ലോകകപ്പ് കിരീടം നേടി മാസങ്ങൾക്കകം ഇന്ത്യൻ ടീമിലുണ്ടായ വൻ അഴിച്ചുപണികളും തുടർച്ചയായ പരാജയങ്ങളുമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. ലോകകപ്പ് നേടിയ സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതും അക്സർ പട്ടേലിന് വൈസ് ക്യാപ്റ്റൻസി നഷ്ടമായതുമടക്കമുള്ള തീരുമാനങ്ങൾ കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. പുതിയ നായകൻ ശ്രേയസ് അയ്യർക്കും വൈസ് ക്യാപ്റ്റൻ തിലക് വർമ്മയ്ക്കും കീഴിലിറങ്ങിയ ഇന്ത്യ, അയർലൻഡിനെതിരെയുള്ള പരമ്പര കൈവിട്ടതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും 0-2 ന് പിന്നിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക