- Home
- Sports
- Cricket
- 'എന്നെ വിശ്വസിച്ചവരോട് ക്ഷമ ചോദിക്കുന്നു'; മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജു മാപ്പ് പറഞ്ഞോ? വാസ്തവമറിയാം
'എന്നെ വിശ്വസിച്ചവരോട് ക്ഷമ ചോദിക്കുന്നു'; മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജു മാപ്പ് പറഞ്ഞോ? വാസ്തവമറിയാം
ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി സഞ്ജു ഓപ്പണ്‍ ചെയ്യില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. മോശം ഫോമിനെ തുടര്‍ന്ന് വിമര്‍ശനങ്ങളും സഞ്ജുവിനെതിരെ വന്നു. ചില വ്യാജ പ്രചരണങ്ങളും. അതിലൊന്ന് സഞ്ജു മാപ്പ് പറഞ്ഞുവെന്നായിരുന്നു. വസ്തുത ഇങ്ങനെ…

ന്യൂസിലന്‍ഡിനെതിരെ നിരാശ
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് പ്രധാന ഓപ്പണറായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ ലോകകപ്പിന് മുന്നോടിയായി ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയില്‍ സഞ്ജു നിരാശപ്പെടുത്തിയതോടെ സ്ഥാനം തെറിച്ചു.
കിഷന്‍ അവസരം വിനിയോഗിച്ചു
അഞ്ച് മത്സരങ്ങളിലും ഓപ്പണറായി കളിച്ചിട്ടും 46 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്. എന്നാല്‍ സഞ്ജുവിന് ബാക്ക് അപ്പായി വന്ന ഇഷാന്‍ കിഷന്‍ ആവട്ടെ അവസരം ശരിക്കും വിനിയോഗിച്ചു.
215 റണ്‍സ്
നാല് മത്സരങ്ങളില്‍ നിന്ന് മാത്രം 215 റണ്‍സാണ് കിഷന്‍ അടിച്ചെടുത്തത്. ഇതില്‍ തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നേടിയ സെഞ്ചുറിയും ഉള്‍പ്പെടും.
സന്നാഹത്തിലും കിഷന്‍ തിളങ്ങി
തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹത്തിലും ഇഷാന്‍ അര്‍ധ സെഞ്ചുറി നേടി. സഞ്ജുവിനെ ഇറക്കിയതുമില്ല. ഇതോടെ കിഷന്‍ ഓപ്പണറാകുമെന്ന് സൂര്യകുമാര്‍ യാദവ് സ്ഥിരീകരിക്കുകയും ചെയ്തു.
സഞ്ജു മാപ്പ് പറഞ്ഞോ?
സഞ്ജുവിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായി. ടീമിന്റെ ഏഴയലത്ത് പോലും അടുപ്പിക്കരുതെന്ന് ക്രിക്കറ്റ് ലോകം വിമര്‍ശിച്ചു. ഇതിനിടെയാണ് സഞ്ജു പറഞ്ഞതായിട്ടുള്ള പ്രസ്താവന സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സഞ്ജു ആരാധകരോട് മാപ്പ് പറഞ്ഞുവെന്നാണ് ആ കുറിപ്പില്‍ ഉണ്ടായിരുന്നത്.
പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ
വൈകാരിക കുറിപ്പ് ഇങ്ങനെയായിരുന്നു... ''എന്നെ വിശ്വസിച്ചവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു, എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഭാവിയില്‍ ടീം മാനേജ്‌മെന്റ് എനിക്ക് മറ്റൊരു അവസരം നല്‍കുമോ എന്നറിയില്ല. എങ്കിലും ഞാന്‍ എന്റെ ടീമിനെ തുടര്‍ന്നും പിന്തുണയ്ക്കും.'' എന്നാണ് സന്ദേശത്തില്‍ ഉണ്ടായിരുന്നത്.
സഞ്ജു അങ്ങനെ പറഞ്ഞിട്ടില്ല
എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നാണ് തെളിയുന്നത്. ഇക്കാര്യത്തില്‍ സഞ്ജുവിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല. സഞ്ജുവിന്റെ ഇന്‍സ്റ്റാഗ്രാം, എക്‌സ്, ഫേസ്ബുക്ക് തുടങ്ങിയ ഔദ്യോഗിക ഹാന്‍ഡിലുകളില്‍ ഇങ്ങനെയൊരു പോസ്റ്റ് നിലവിലില്ല.
ഇപ്പോഴും ടീമിനൊപ്പം
ഇപ്പോഴും 2026 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് സഞ്ജു. ഫോം സംബന്ധിച്ച വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ടെങ്കിലും താരം ഇതേവരെ ഇത്തരത്തില്‍ പ്രതികരിച്ചിട്ടില്ല.
സൈബര്‍ ആക്രമണം
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് താരത്തെ തളര്‍ത്തുന്ന രീതിയിലുള്ള വ്യാജ പ്രസ്താവനകള്‍.
മാധ്യമങ്ങളില്‍ ഇല്ല
താരങ്ങളുടെ പേരിലുള്ള വ്യാജ സ്‌ക്രീന്‍ഷോട്ടുകളും എഡിറ്റ് ചെയ്ത പോസ്റ്റുകളും വിശ്വസിക്കരുത്. സഞ്ജുവിനെപ്പോലൊരു സീനിയര്‍ താരം തന്റെ കരിയറിനെക്കുറിച്ചോ ടീം മാനേജ്മെന്റിനെക്കുറിച്ചോ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുകയാണെങ്കില്‍ അത് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. നിലവില്‍ അത്തരം വാര്‍ത്തകളൊന്നും തന്നെ ലഭ്യമല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!