ധവാന്‍ പുറത്ത്; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
അഹമ്മദാബാദ്: ഓപ്പണര്‍മാരായി രോഹിത് ശര്‍മയും കെ എല്‍ രാഹുലും എത്തുമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയതോടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാന്‍ അന്തിമ ഇലവനില്‍ കളിക്കില്ലെന്ന് ഉറപ്പായി. ധവാനെ ഒഴിവാക്കിയെങ്കിലും ബാക്കിയുള്ളവരില്‍ നിന്ന് ആരെ ഉള്‍പ്പെടുത്തും ആരെ ഒഴിവാക്കുമെന്ന തലവേദനയിലാണ് ടീം മാനേജ്മെന്‍റ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം എങ്ങനെയെന്ന് നോക്കാം.
രോഹിത് ശര്‍മ: ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലായിരുന്ന രോഹിത് തന്നെയാണ് ഓപ്പണിംഗില്‍ ഇന്ത്യയുടെ തുരുപ്പുചീട്ട്.
കെ എല്‍ രാഹുല്‍: ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിച്ചശേഷം രാഹുല്‍ വീണ്ടും ഇന്ത്യന്‍ കുപ്പായത്തിലെത്തും.
വിരാട് കോലി: വൺ ഡൗണില്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാവും എത്തുക.
ശ്രേയസ് അയ്യര്‍: നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന.
സൂര്യകുമാര്‍ യാദവ്: ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അരങ്ങേറ്റമാവും സൂര്യകുമാര്‍ യാദവിന്‍റേത്. ഐപിഎല്ലിലെ പതിവ് പൊസിഷനായ മൂന്നാം നമ്പറിന് പകരം അഞ്ചാം നമ്പറിലായിരിക്കും സൂര്യകുമാറിനെ കളിപ്പിക്കുക.
റിഷഭ് പന്ത്: ടെസ്റ്റിലെ മിന്നുന്ന ഫോം ടി20യിലും റിഷഭ് പന്ത് ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഹര്‍ദ്ദിക് പാണ്ഡ്യ: പേസ് ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് പാണ്ഡ്യ ഏഴാമനായി എത്തും. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനം ഹര്‍ദ്ദിക്കിന് മുതല്‍ക്കൂട്ടാണ്.
അക്സര്‍ പട്ടേല്‍: ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ വട്ടം കറക്കിയ അക്സര്‍ പട്ടേലാകും സ്പിന്‍ ഓള്‍ റൗണ്ടറുടെ റോളിലെത്തുക.
ഭുവനേശ്വര്‍ കുമാര്‍: പരിക്കിന്‍റെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ഭുവനേശ്വര്‍ കുമാര്‍ ഒന്നാം പേസറായി ടീമില്‍ എത്തും.
യുസ്‌വേന്ദ്ര ചാഹല്‍: ലെഗ് സ്പിന്നറായി യുസ്‌വേന്ദ്ര ചാഹലാവും ടീമിലെത്തുക. ചാഹലെത്തുമ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറിന് ആദ്യ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരും.
ദീപക് ചാഹര്‍: ഓസ്ട്രേലിയയില്‍ തിളങ്ങിയ ടി നടരാജന് ചെറിയ പരിക്കുള്ളതിനാല്‍ രണ്ടാം പേസറായി ദീപക് ചാഹര്‍ ഭുവിക്കൊപ്പം ടീമിലെത്തും.