ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് ഇനി 15 നാള്‍, സ്ഥാനം ഉറപ്പാക്കിയത് ഇവര്‍ 12 പേര്‍
മുംബൈ:ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഇനി 15 നാള്‍ കൂടി ബാക്കി. സെപ്റ്റംബര്‍ 15നകം ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ഐസിസിയുടെ നിര്‍ദേശം. 15 അംഗ ടീമിനെയും രണ്ടോ മൂന്നാ റിസര്‍വ് താരങ്ങളെയുമാകും 15ന് പ്രഖ്യാപിക്കുക. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20 പരമ്പരക്ക് മുമ്പെ ടീം പ്രഖ്യാപിക്കുമെന്നതിനാല്‍ ഏഷ്യാ കപ്പിലെ പ്രകടനം തന്നെയാകും ടീം സെലക്ഷനില്‍ നിര്‍ണായകമാകുക. ലോകകപ്പ് ടീമില്‍ ഇതുവരെ സ്ഥാനം ഉറപ്പിച്ച 13 പേര്‍ ആരൊക്കെയാണെന്ന് നോക്കാം.
രോഹിത് ശര്‍മ
ക്യാപ്റ്റനെന്ന നിലയിലും ഓപ്പണറെന്ന നിലയിലും ലോകകപ്പ് ടീമിലെ സ്വാഭാവിക ചോയ്സാണ് രോഹിത് ശര്‍മ. രോഹിത്തിന്‍റെ സമീപകാല ഫോം മാത്രമാണ് ഇന്ത്യക്ക് ആശങ്ക നല്‍കുന്ന ഏക ഘടകം.
കെ എല്‍ രാഹുല്‍
പരിക്കില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചു നല്‍കി ടീം മാനേജ്മെന്‍റ് വിശ്വാസം അര്‍പ്പിച്ചെങ്കിലും ഫോമിന്‍റെയും ഫിറ്റ്നെസിന്‍റെയും കാര്യത്തില്‍ ഇപ്പോഴും ആശങ്ക മാറിയിട്ടില്ല. എങ്കിലും രാഹുല്‍ ടി20 ലോകകപ്പില്‍ ഉറപ്പായും കളിക്കുമെന്നാണ് കരുതുന്നത്.
വിരാട് കോലി
ഏഷ്യാ കപ്പില്‍ തിളങ്ങിയാലും ഇല്ലെങ്കിലും വിരാട് കോലി ലോകകപ്പ് ടീമിലുണ്ടാകും. സമീപകാലത്തെ മോശം ഫോമും യുവതാരങ്ങളുടെ മിന്നും പ്രകടനങ്ങളും സെലക്ടര്‍മാരുടെ തലവേദന കൂട്ടുന്നുണ്ടെങ്കിലും കോലിയില്‍ അവസാനമായി ഒരിക്കല്‍ കൂടി പ്രതീക്ഷ അര്‍പ്പിക്കാന്‍ സെലക്ടര്‍മാര്‍ തയാറായേക്കും. ലോകകപ്പിനുശേഷം മാത്രമാകും കോലിയുടെ ടി20 ഭാവി സംബന്ധിച്ച് സെലക്ടര്‍മാര്‍ തീരുമാനമെടുക്കുക.
സൂര്യകുമാര്‍ യാദവ്
നിലവിലെ ഫോമില്‍ ലോകത്തെ ഏത് ടീമിലും സ്ഥാനം നേടാന്‍ കഴിവുള്ള സൂര്യകുമാര്‍ യാദവ് ലോകകപ്പ് ടീമിലെ ഉറപ്പായ സാന്നിധ്യമാണ്.
ഹാര്‍ദ്ദിക് പാണ്ഡ്യ
ലോകത്തെ ഏത് ടീമും ആഗ്രഹിക്കുന്ന പേസ് ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് സൂര്യകുമാറിനെപ്പോലെ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പായ മറ്റൊരു താരം.
റിഷഭ് പന്ത്
വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ആദ്യ ചോയ്സാണെങ്കിലും ദിനേശ് കാര്‍ത്തിക്കിന്‍റെ സാന്നിധ്യം റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പ് നല്‍കുന്നില്ല. എങ്കിലും ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തില്‍ റിഷഭ് പന്തുണ്ടാകുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
രവീന്ദ്ര ജഡേജ
വാഷിംഗ്ടണ്‍ സുന്ദറിന്‍റെ അഭാവത്തില്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് രവീന്ദ്ര ജഡേജക്ക് മത്സരമൊന്നുമില്ല.
ഭുവനേശ്വര്‍ കുമാര്‍
സമീപകാലത്ത് ടി20 ക്രിക്കറ്റില്‍ ഇന്ത്യ മിന്നും ജയങ്ങള്‍ നേടുന്നതിന് പിന്നിലെ പ്രധാന കാരണക്കാരന്‍ ഭുവനേശ്വര്‍ കുമാറാണ്. ഓസ്ട്രേലിയയിലേക്ക് ഭുവിയില്ലാത്ത ടീമിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാനാവില്ല.
അര്‍ഷദീപ് സിംഗ്
സമീപകാലത്തെ മികച്ച പ്രകടനങ്ങളിലൂടെ ഇടം കൈയന്‍ പേസറായ അര്‍ഷദീപ് സിംഗും ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കുന്നു. ഇന്ത്യന്‍ ടീമിലെ ഒരേയൊരു ഇടം കൈയന്‍ പേസറാണെന്നതും അര്‍ഷദീപിന് ഗുണകരമാണ്.
യുസ്‌വേന്ദ്ര ചാഹല്‍
കഴിഞ്ഞ ടി20 ലോകകപ്പ് ടീമില്‍ നിന്ന് അപ്രതീക്ഷിതമായി തഴയപ്പെട്ട ചാഹല്‍ ഇത്തവണ വളരെ നേരത്തെ ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ദിനേശ് കാര്‍ത്തിക്
രണ്ടാം വിക്കറ്റ് കീപ്പറെന്ന നിലയിലും ഫിനിഷറെന്ന നിലയിലും ദിനേശ് കാര്‍ത്തിക് ടീമിലുണ്ടാകും. സമീപകാലത്ത് നടത്തിയ മിന്നുന്ന പ്രകടനങ്ങള്‍ കാര്‍ത്തിക്കിന് തുണയാവും.
ദീപക് ഹൂഡ
മൂന്നാം നമ്പറില്‍ വിരാട് കോലിയുടെ ബാക്ക് അപ്പായും മധ്യനിരയിലും കളിപ്പിക്കാവുന്ന ദീപക് ഹൂഡ ലോകകപ്പ് ടീമിലുണ്ടാവുമെന്നുറപ്പാണ്.
റിസര്‍വ് താരങ്ങള്‍ ആരൊക്കെ
15 അംഗ ടീമിന് പുറമെ രണ്ടോ മൂന്നോ റിസര്‍വ് താരങ്ങളെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, സഞ്ജു സാംസണ്‍, രവി ബിഷ്ണോയ്, ആര്‍ അശ്വിന്‍, ആവേശ് ഖാന്‍ എന്നിവരെല്ലാം ലക്ഷ്യമിടുക റിസര്‍വ് ലിസ്റ്റിലെങ്കിലും ഇടം നേടാനായിരിക്കും.