ടി20 ലോകകപ്പ്: 'ക്രിക്കറ്റിന്‍റെ സൗന്ദര്യം'! പാക് താരങ്ങളെ അഭിനന്ദിച്ച് കോലിയും ധോണിയും; വാഴ്‌ത്തി ആരാധകര്‍
ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) ഏറ്റവും വാശിയേറിയ പോരാട്ടമാണ് ഇന്നലെ നടന്ന ഇന്ത്യ-പാകിസ്ഥാന്‍(IND vs PAK) മത്സരം. അയല്‍ക്കാരുടെ ആവേശപ്പോരില്‍ ഇന്ത്യ 10 വിക്കറ്റിന് തോറ്റെങ്കിലും മത്സരത്തിന് ശേഷമുള്ള കാഴ്‌ചകള്‍ ക്രിക്കറ്റ് പ്രേമികളുടെ മനം കീഴടക്കി. തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളുമായി പാകിസ്ഥാന്‍റെ വിജയശില്‍പികളായ മുഹമ്മദ് റിസ്‌വാനെയും(Mohammad Rizwan), ബാബര്‍ അസമിനേയും(Babar Azam) ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli) കെട്ടിപ്പിടിച്ച് അഭിനന്ദിച്ചപ്പോള്‍ ഉപദേഷ്‌ടാവ് എം എസ് ധോണിയും(MS Dhoni) പാക് താരങ്ങളുടെ അടുത്തെത്തി ഏറെ നേരം സംസാരിച്ചു. ഇതിന്‍റെ ചിത്രങ്ങള്‍ മത്സരത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രശംസ പിടിച്ചുപറ്റി.
ബാബറിനെയും റിസ്‌വാനേയും കോലി അഭിനന്ദിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ട്വീറ്റിങ്ങനെ. 'സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ്' എന്നാണ് ചിത്രത്തിന് നല്‍കിയ തലക്കെട്ട്.
ഇന്ത്യന്‍ ടീമിന്‍റെ ഉപദേഷ്‌ടാവും ഇതിഹാസ നായകനുമായ എം എസ് ധോണി പാക് നായകന്‍ ബാബര്‍ അസമിനെ അഭിനന്ദിക്കുന്ന ചിത്രവും വൈറലായി. നിരവധി ആരാധകര്‍ ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.
ദുബായില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാൻ 10 വിക്കറ്റിന് ഇന്ത്യയെ തോൽപിക്കുകയായിരുന്നു. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടന്നു.
ജയത്തോടെ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ചരിത്രം കുറിച്ചു പാക് ടീം. ലോകകപ്പിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്.
ഒരിക്കൽക്കൂടി തന്‍റെ മാറ്ററിയിച്ച നായകന്‍ വിരാട് കോലിയും(49 പന്തിൽ 57), റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായ റിഷഭ് പന്തും(30 പന്തിൽ 39) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നത്.
മറുപടി ബാറ്റിംഗില്‍ ഇന്ത്യൻ ബൗളർമാർക്ക് പഴുതുകൾ നൽകാതെ ക്യാപ്റ്റൻ ബാബർ അസമും(68*), വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‍വാനും(79*) കളി പാകിസ്ഥാന്‍റെ വരുതിയിലാക്കി.