ഏഷ്യാ കപ്പില്‍ ഒന്നൂടെ കാണാമെന്ന് ട്രോളന്മാര്‍; കാണാം ഇന്ത്യ - പാക് ട്രോളുകള്‍
ഓരോ കളിയും അനിശ്ചിതത്വത്തിന്‍റെതാണ്. ഈ അനിശ്ചിതത്വമാണ് ഓരോ കളിയുടെയും സൌന്ദര്യം. അത് ക്രിക്കറ്റായാലും ഫുഡ്ബോളായാലും ചെസായും ശരി, കളികളുടെ ആവേശം നിലനിര്‍ത്തുന്നതും അവയെ രസകരമാക്കുന്നതും ആര് ജയിക്കും ആര് തോല്‍ക്കുമെന്ന അനിശ്ചിതത്വമാണ്. ഇന്നലെ കഴിഞ്ഞ ഏഷ്യാ കപ്പിലെ ഇന്ത്യാ - പാക് പോരാട്ടവും ഇത്തരത്തില്‍ ഏറെ ആവശം നിറഞ്ഞ കളിയായി മാറിയും ഈ അനിശ്ചിതത്വം മൂലമാണ്. അവസാന ഓവറിലും ആര് ജയിക്കും ആര് തോല്‍ക്കുമെന്ന അനിശ്ചിതത്വം നിലനിര്‍ത്തിയ മത്സരത്തില്‍ അവസാന രണ്ട് പന്ത് അവശേഷിക്കേ ആദ്യ തോല്‍വിക്ക് മറുപടി നല്‍കി പാകിസ്ഥാന്‍ ജയം സ്വന്തമാക്കി. ഇന്ത്യയുടെ തോല്‍വി സ്വാഭാവികമായും ആരാധകരെ പ്രകോപിതരാക്കി. കളിക്കാരുടെ ഓരോ നീക്കവും ഇറകീറിയെടുത്ത് വിമര്‍ശന വിധേയമാക്കി. ഇന്നലെ കളിയില്‍ പുറത്തിരുന്ന കളിക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ ജയം ഇന്ത്യയ്ക്കൊപ്പം നിന്നേനെയെന്ന് ആത്മഗതങ്ങളും ഉയര്‍ന്നു. കളിയെഴുതി ട്രോന്മാരും രംഗത്തെത്തി.
ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് പാകിസ്ഥാന്‍ മധുര പ്രതികാരം ചെയ്തിരിക്കുന്നു. സൂപ്പര്‍ ഫോറില്‍ അഞ്ച് വിക്കറ്റിന്‍റെ ആധികാരിക ജയമാണ് പാകിസ്ഥാന്‍ നേടിയത്.
ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്‍റെ വിജയശില്‍പി.
തുടക്കത്തില്‍ തന്നെ ബാബര്‍ അസമിനെ (14) പുറത്താക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. രവി ബിഷ്‌ണോയിയാണ് അസമിനെ മടക്കിയത്. മൂന്നാമനായി ക്രീസിലെത്തിയ ഫഖര്‍ സമാനും (15) അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല.
യൂസ്‌വേന്ദ്ര ചാഹലിനായിരുന്നു വിക്കറ്റ്. എന്നാല്‍ മറുവശത്ത് റിസ്‌വാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. കൂട്ടിന് മുഹമ്മദ് നവാസ് (20 പന്തില്‍ 42) എത്തിയതോടെ പാക് ഇന്നിംഗ്‌സിന് വേഗം കൂടി. ഇരുവരും 73 റണ്‍സ് കൂട്ടിചേര്‍ത്തു.
രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നവാസിന്റെ ഇന്നിംഗ്‌സ്. ഭുവനേശ്വര്‍ കുമാറിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ നവാസ് മടങ്ങി. റിസ്‌വാന്‍, ഹാര്‍ദിക്കിന്റെ പന്തില്‍ മടങ്ങിയതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായി.
51 പന്തിലാണ് റിസ്‌വാന്‍ 71 റണ്‍സ് നേടിയത്. ആറ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു റിസ്‌വാന്റെ ഇന്നിംഗ്‌സ്. പിന്നീട് ക്രീസിലെത്തിയത് ആസി ഫ് അലി.
വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ആസിഫ് അലി നല്‍കിയ അനായാസ അവസരം അര്‍ഷ്ദീപ് സിംഗ് വിട്ടുകളയുകയും ചെയ്തു. ആസിഫ് തന്നെയാണ് പിന്നീട് പാകിസ്ഥാനെ വിജയത്തിനടുത്തെത്തിച്ചത്.
അവസാന രണ്ട് ഓവറില്‍ 26 റണ്‍സാണ് പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഭുവനേശ്വര്‍ എറിഞ്ഞ 19-ാം ഓവറില്‍ 19 റണ്‍സ് പിറന്നു. അവസാന ഓവറില്‍ വേണ്ടത് ഏഴ് റണ്‍സ്.
ആദ്യ പന്തില്‍ ഖുഷ്ദില്‍ സിംഗിള്‍ നേടി. രണ്ടാം പന്ത് ആസിഫ് ബൗണ്ടറിയിലേക്ക് പായിച്ചു. മൂന്നാം പന്തില്‍ റണ്‍സില്ല. നാലാം പന്തില്‍ ആസിഫ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
വീണ്ടും നാടകീയ മുഹൂര്‍ത്തങ്ങളിലേക്ക്. അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് നേടി ഇഫ്തിഖര്‍ അഹമ്മദ് വിജയം പൂര്‍ത്തിയാക്കി. ഖുഷ്ദില്‍ (14) പുറത്താവാതെ നിന്നു.
മധ്യനിരയില്‍ കോലി ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. ഷദാബ് ഖാന്‍ പാകിസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി. മോശം ഫോമിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രോഹിത്- രാഹുല്‍ സഖ്യം വായടപ്പിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ ഹാരിസ് റൗഫ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. രോഹിത്തിന് ഖുഷ്ദില്ലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ രാഹുലും മടങ്ങി. ഷദാബ് ഖാനായിരുന്നു വിക്കറ്റ്. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോലി ഒരു ഭാഗത്ത് ഉറച്ച് നിന്നെങ്കിലും പിന്തുണ നല്‍കാന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല.
സൂര്യകുമാര്‍ യാദവ് (13), റിഷഭ് പന്ത് (14), ഹാര്‍ദിക് പാണ്ഡ്യ (0) എന്നിവര്‍ നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലെത്തിയ ദീപക് ഹൂഡ (16) അല്‍പം ഉത്തരവാദിത്തം കാണിച്ചു. ഇരുവരും വേഗത്തില്‍ റണ്‍റേറ്റ് ഉയര്‍ത്തി.
37 റണ്‍സാണ് കോലി- ഹൂഡ സഖ്യം കൂട്ടിചേര്‍ത്തത്. അവസാന ഓവര്‍ കോലി റണ്ണൗട്ടായി. ഒരു സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. ഭുവനേശ്വര്‍ കുമാര്‍ (0), രവി ബിഷ്ണോയിക്കൊപ്പം (8) പുറത്താവാതെ നിന്നു. ഷദാബിന് പുറമെ മുഹമ്മദ് ഹസ്നൈന്‍, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ്, നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജഡേജ, ആവേഷ് ഖാന്‍ എന്നിവര്‍ പുറത്തായി. ദിനേശ് കാര്‍ത്തികിനും അവസരം ലഭിച്ചില്ല.
ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, രവി ബിഷ്ണോയ് എന്നിവര്‍ ടീമിലെത്തി. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍, ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ എന്നിവരെ പരിഗണിച്ചില്ല. പാകിസ്ഥാന്‍ ഒരു മാറ്റമാണ് വരുത്തിയത്. മുഹമ്മദ് ഹസ്നൈന്‍ ടീമിലെത്തി.
കളി കഴിഞ്ഞ് കളിക്കാര്‍ ഗ്രൌണ്ടില്‍ നിന്നും മടങ്ങും മുമ്പ് തന്നെ അക്രമണം തുടങ്ങിയിരുന്നു. ഇത്തവണ ഇരയാക്കപ്പെട്ടത് പേസര്‍ അര്‍ഷ്‌ദീപ് സിംഗായിരുന്നു.
രവി ബിഷ്‌ണോയി എറിഞ്ഞ 18-ാം ഓവറിന്റെ മൂന്നാം പന്തിലാണ് ആസിഫ് അലി നല്‍കിയ അവസരം അര്‍ഷ്‌ദീപ് കൈവിട്ടത്. ഇതിന് പിന്നാലെയായിരുന്നു താരത്തിന് നേരെ സൈബര്‍ ആക്രമണം.
നിര്‍ണായകമായ ക്യാച്ച് കൈവിട്ടത് മുതല്‍ അര്‍ഷ്‌ദീപ് സിംഗിനെ കടന്നാക്രമിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വിഭാഗം. അര്‍ഷ്‌ദീപിന്‍റെ കുടുംബത്തെ വരെ ചിലര്‍ വിമര്‍ശനങ്ങളിലേക്ക് വലിച്ചിഴച്ചു.
അര്‍ഷ്ദീപ് സിംഗിനെ ഖാലിസ്ഥാനി എന്ന് വിളിച്ച് നിരവധി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ രസകരമായ വസ്തുത, ഇതിന് പിന്നില്‍ പാക് അക്കൗണ്ടുകളാണ് എന്നതാണ്.
ആസിഫ് അലിയുടെ ക്യാച്ച് അര്‍ഷ്ദീപ് കൈവിട്ടതാണ് പാക് ടീമിന്റെ വിജയത്തിന് സഹായകമായത്. ആസിഫ് അലി വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം.
രവി ബിഷ്ണോയിക്കെതിരെ അലി കൂറ്റന്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ പന്ത് എഡ്ജായി ഷോര്‍ഡ് തേര്‍ഡില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു അര്‍ഷ്‌ദീപിന്‍റെ കൈകളിലേക്കെത്തി. എന്നാല്‍ അനായാസമെന്ന് തോന്നിച്ച ക്യാച്ച് അര്‍ഷ്‌ദീപിന്‍റെ കൈയില്‍ നിന്നും വഴുതിപ്പോയി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ഇത് വിശ്വസിക്കാനായില്ലെന്ന് അന്നേരത്തെ അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമായിരുന്നു. എങ്കിലും പാക് ഇന്നിംഗ്സിലെ അവസാന ഓവറില്‍ തകര്‍പ്പന്‍ യോര്‍ക്കറുകളുമായി മത്സരത്തിലേക്ക് അര്‍ഷ്ദീപ് ശക്തമായി തിരിച്ചുവരുന്നതിനും ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായി.
മത്സരം 19.5 ഓവറിലേക്ക് നീട്ടിയത് അര്‍ഷ്‌ദീപിന്‍റെ ഈ തകര്‍പ്പന്‍ ഓവറാണ്. അര്‍ഷ്ദീപ് സിംഗിനെതിരായ സൈബര്‍ ആക്രമണത്തിനും വ്യാജ പ്രചാരണങ്ങള്‍ക്കുമെതിരെ മുന്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.