ഇലന്തൂര്‍ ഇരട്ട നരബലി; കുരുതിയൊരുക്കിയ ആ വീട് ഇതാണ്!
കൂടത്തായി ജോളി നടത്തിയ പരമ്പരക്കൊലയ്ക്ക് ശേഷം മലയാളിയെ ഞെട്ടിച്ച കൊലപാക വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പത്തനംതിട്ടയ്ക്കടുത്ത് ഇലന്തൂരില്‍, ഭഗവത് സിംഗ് എന്ന പാരമ്പര്യ വൈദ്യന്‍റെ വീട്ടിലാണ് ധനാഭിവൃദ്ധിക്കെന്ന് പറഞ്ഞ് നരബലി നടത്തിയത്. ഇതിന് കളമൊരുക്കിയതാകട്ടെ ലൈംഗിക വൈകൃതമുള്ള ആളാണെന്ന് പൊലീസ് വെളിപ്പെടുത്തിയ മുഹമ്മദ് ഷാഫി ഏലിയാസ് റഷീദ്. ഷാഫിക്ക് തന്‍റെ കുറ്റകൃത്യം ഇരു ചെവിയറിയാതെ ചെയ്യാനുള്ള സ്ഥലം തന്നെയായിരുന്നു ഭഗവത് സിംഗിന്‍റെ വീട്. മറ്റ് വീടുകളില്‍ നിന്നും ഒറ്റപ്പെട്ട് വലിയ പ്രദേശത്ത് ഒരു വീട്. സമീപത്തായി ഒരു വീട് മാത്രമാണുള്ളത്. ഈ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിന്‍റെ ഏറ്റവും പ്രധാനപ്പെട്ട തെളിവുകളായതും. ഇലന്തൂരില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അരവിന്ദ്. എറണാകുളത്തെ പൊലീസിന്‍റെ പത്രസമ്മേളന ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ ബൈജു വി മാത്യു, രവി രാജേഷ്.
പാരമ്പര്യ വൈദ്യ കുടുംബാംഗമായിരുന്നു ഭഗവത് സിംഗ്. നാട്ടിലെ അറിയപ്പെടുന്ന വൈദ്യനായിരുന്നു ഭഗവത് സിംഗിന്‍റെ അച്ഛന്‍. അദ്ദേഹത്തിന് മൂന്ന് മക്കള്‍. ഭഗവത് സിംഗിന്‍റെ മൂത്ത ജേഷ്ഠന്‍ വര്‍ഷങ്ങളായി ഉത്തരേന്ത്യയിലാണ്. രണ്ടാമത്തെ ജേഷ്ഠന്‍ തിരുവനന്തപുരത്താണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഭഗത് സിംഗിന്‍റെ ആരാധകനായിരുന്നു അച്ഛന്‍.
അദ്ദേഹത്തോടുള്ള ആദരമായാണ് മൂന്നാമത്തെ മകന് അദ്ദേഹം ഭഗവത് സിംഗ് എന്ന പേര് നല്‍കിയതെന്നും നാട്ടുകാര്‍ പറയുന്നു. ഭഗവത് സിംഗിന്‍റെ സഹോദരങ്ങളെ കുറുച്ച് കൂടുതല്‍ വിവരങ്ങളൊന്നും നാട്ടുകാര്‍ക്കും അറിയില്ല. വര്‍ഷങ്ങളായി ഭഗവത് സിംഗും കുടുംബവും മാത്രമാണ് ഇവിടെ താമസം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭഗവത് സിംഗും ജോലി തേടി കേരളത്തിന് പുറത്ത് പോയിരുന്നു. എന്നാല്‍, അതിലൊന്നും പച്ച പിടിക്കാത്തതിനാല്‍ ഇയാള്‍ തിരിച്ച് വീട്ടിലെത്തി. മകന്‍ തിരിച്ചെത്തിയപ്പോള്‍ തന്‍റെ പാരമ്പര്യ ചികിത്സ തുടരാന്‍ അച്ഛന്‍റെ നിര്‍ബന്ധിച്ചെങ്കിലും ഭഗവത് സിംഗ് ആദ്യമൊന്നും താത്പര്യം പ്രകടിപിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഒടുവില്‍ അച്ഛന്‍റെ നിര്‍ബന്ധപ്രകാരമാണ് ഭഗവത് സിംഗ് പാരമ്പര്യ വൈദ്യത്തിലേക്ക് തിരിയുന്നത്. എന്നാല്‍, പാരമ്പര്യ വൈദ്യം ചെയ്തിരുന്ന ഭഹവത് സിംഗിന്‍റെ അച്ഛന്‍ ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടിരുന്നില്ല. രോഗികള്‍ കൊടുക്കുന്ന തുക വാങ്ങുക മാത്രമാണ് അദ്ദേഹം ചെയ്തിരുന്നു.
ഭഗവത് സിംഗും ആ വഴിക്ക് തന്നെയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അതിനാല്‍ വൈദ്യത്തില്‍ നിന്നോ തിരുമ്മില്‍ നിന്നോ കാര്യമായ വരുമാനമുണ്ടാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. പ്രദേശത്തെ പരമ്പരാഗത കുടുംബമായതിനാല്‍ ഏറെ ഭൂസ്വത്തുള്ള കുടുംബമായിരുന്നു ഇയാളുടെത്.
കുടുംബ സ്വത്ത് വീതം വച്ചപ്പോള്‍ ഏതാണ്ട് ഒരേക്കറോളം സ്ഥലം ഭഗവത് സിംഗിനും പാരമ്പര്യമായി ലഭിച്ചു. ഭഗവത് സിംഗ് താമസിച്ചിരുന്ന വീടിന്‍റെ പുറക് വശം മറ്റ് വീടുകളൊന്നുമില്ല. ഏതാണ്ട് വിജനമായ വിശാലമായ പ്രദേശം കഴിഞ്ഞാണ് മറ്റൊരുവീടുള്ളത്. സ്ഥരം ആള്‍ത്താമസമില്ലാത്ത വീടാണത്. പിന്നീട് സമീപത്തുള്ളത് ഈ വീടിന്‍റെ മുന്നിലുള്ള വീടാണ്.
ആ വീട് നില്‍ക്കുന്ന സ്ഥലം ഭഗവത് സിംഗിന്‍റെ കുടുംബത്തിന്‍റെതായിരുന്നെങ്കിലും വീതം വച്ചപ്പോള്‍ മറ്റൊരാള്‍ക്കാണ് ലഭിച്ചത്. അത് പിന്നീട് പല തവണ വിറ്റുപോവുകയും ഒടുവില്‍ തൊടുപുഴ സ്വദേശിയായ ജോര്‍ജ്ജും കുടുംബം ആ സ്ഥലം വാങ്ങി വീടുവയ്ക്കുകയുമായിരുന്നു.
ജോര്‍ജ്ജിന്‍റെ വീടിന് മുന്നിലുള്ള സിസിടിവി ക്യാമറയില്‍ നിന്നാണ് പൊലീസിന് ഷാഫിയുടെ സ്കോര്‍പ്പിയോയുടെ ദൃശ്യങ്ങള്‍ പതിഞ്ഞതും കാണാതായ സ്ത്രീകളെ കുറിച്ചുള്ള അന്വേഷണത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചതും. നിലവില്‍ ഭഗവത് സിംഗിന്‍റെ വീടും പരിസരവും ഇപ്പോള്‍ കേരളാ പൊലീസിന്‍റെ അധീനതയിലാണ്.
ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയാമെന്ന് പൊലീസ് പറയുന്നു. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജു വ്യക്തമാക്കി. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിൽ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്. കുറ്റകൃത്യത്തിന് മുമ്പ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. പ്രതികൾ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.