തലസ്ഥാനത്ത് അരുംകൊല; നഗരമദ്ധ്യത്തില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു, കൊലയാളി അറസ്റ്റില്‍
തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകൽ അരുംകൊല. തമ്പാനൂരിൽ (Thiruvananthapuram Thampanoor) ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ (Hotel Receptionist ) വെട്ടി കൊന്നു. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് വെട്ടി കൊലപ്പെടുത്തിയത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആയുധവുമായി ബെക്കിൽ എത്തിയയാള്‍ അയ്യപ്പനെ വെട്ടിയ ശേഷം രക്ഷപ്പെട്ടുകയായിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൊലയാളിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ കൊലയാളിയുടെ മുഖം പതിഞ്ഞിരുന്നു. നെടുമങ്ങാട് കല്ലിയോട് കൊല്ലായിൽ അജീഷ് ഭവനിൽ അജേഷ് (36) എന്നയാളാണ് കൊലനടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്തു. .ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍
കൊലയാളി ആയുധവുമായി ഹോട്ടലിലേക്ക് കയറുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞപ്പോള്‍.
തമ്പാനൂർ ഓവർ ബ്രിഡ്ജിന് സമീപത്തെ സിറ്റി ടവറിൽ റിസപ്ഷനിസ്റ്റാണ് കൊല്ലപ്പെട്ട നാഗർകോവിൽ സ്വദേശി അയ്യപ്പൻ. രാവിലെ അയ്യപ്പനും ഒരും റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായത്.
മാലിന്യം കളയാനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു നിഷ്ഠൂരമായ കൊലപാതകം നടന്നത്. എട്ടരയോടെ ബൈക്കിലെത്തിയ അക്രമി, ബൈക്ക് പാർക്ക് ചെയ്ത ശേഷം വെട്ടുകത്തിയുമായി ഹോട്ടലിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.
റിസപ്ഷനിലുണ്ടായിരുന്ന അയ്യപ്പനെ വെട്ടുകത്തികൊണ്ട് ഇയാള്‍ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. റൂം ബോയ് തിരിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ അയ്യപ്പനെ കണ്ടത്. അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
നാല് വർഷത്തോളമായി സിറ്റി ടവറിലെ ഹോട്ടലിലെ ജീവനക്കാരനാണ് അയ്യപ്പൻ. കൊവിഡ് സമയത്ത് നാട്ടിലേക്ക് പോയ ഇയാൾ ഒൻപത് മാസം മുമ്പാണ് തിരിച്ചെത്തിയത്. അയ്യപ്പനെതിരെ തമിഴ്നാട്ടിൽ ഒരു കേസുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഹോട്ടലില്‍ റൂമെടുത്ത അജേഷ്, അയ്യപ്പനുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാള്‍ നെടുമങ്ങാട്ടേക്ക് കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇയാളെ നെടുമങ്ങാട് വച്ചാണ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ കാമുകനെ കുത്തി പരിക്കേല്പിച്ചതിന് ഇയാൾക്കെതിരെ കേസ് ഉണ്ട്.
കൊലപാതകി, തമിഴ്നാട് സ്വദേശിയാണെന്നായിരുന്നു പൊലീസിന് ആദ്യം ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. കൃത്യത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതിക്കായി സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടാന്‍ കഴിഞ്ഞത് പൊലീസിന് നേട്ടമായി.
അടുത്ത കാലത്തായി തലസ്ഥാനത്ത് തുടർച്ചയായ ഗുണ്ടാ അക്രമങ്ങളാണ് അരങ്ങേറുന്നത്. ഇതിനകം തലസ്ഥാന ജില്ലയില്‍ ഡസന്‍ കണക്കിന് ഗുണ്ടാ അക്രമണങ്ങളാണ് നടന്നത്. പല അക്രമത്തിലുമായി നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
തലസ്ഥാനത്തെ ഗുണ്ടാ അക്രമത്തില്‍ പൊലീസും സര്‍ക്കാറും ഒരു പോലെ പ്രതിരോധത്തിലായിരിക്കുമ്പോഴാണ്, നഗര ഹൃദത്തിലെ ഒരു ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ പട്ടാപകല്‍ വെട്ടിക്കൊന്നത്.