- Home
- Magazine
- Culture (Magazine)
- എത്രയേറെ ജീവചരിത്രങ്ങള്‍, നിരൂപണത്തിലെ വേറിട്ട വഴി, മലയാളത്തിന്റെ പ്രിയപ്പെട്ട സാനുമാഷ്, തീരാനഷ്ടമായി വിയോഗം
എത്രയേറെ ജീവചരിത്രങ്ങള്‍, നിരൂപണത്തിലെ വേറിട്ട വഴി, മലയാളത്തിന്റെ പ്രിയപ്പെട്ട സാനുമാഷ്, തീരാനഷ്ടമായി വിയോഗം
എഴുത്തുകാരൻ, ചിന്തകൻ, അധ്യാപകൻ, നിരൂപകൻ, പത്രപ്രവർത്തകൻ, വാഗ്മി അങ്ങനെ ഒരുപാട് വിശേഷണങ്ങളുണ്ട് സാനു മാഷിന്. എന്നാൽ, മലയാളത്തിൽ ഇത്രയുമധികം ജീവചരിത്രങ്ങളെഴുതിയ മറ്റൊരാളുണ്ടോ എന്നത് സംശയമാണ്.

പ്രൊഫ. എം കെ സാനു. മലയാളത്തിന്റെ പ്രിയപ്പെട്ട സാനു മാഷ് വിട വാങ്ങിയത് ഇന്നലെയാണ്. മലയാള സാഹിത്യലോകത്തിന് തീരാനഷ്ടം തന്നെയാണ് എം കെ സാനുവിന്റെ വിയോഗം. മലയാളത്തിലെ ഏറ്റവും പ്രശസ്തനായ സാഹിത്യനിരൂപകൻ എന്നതിലുപരി ഏറ്റവും പ്രധാനപ്പെട്ട സാഹിത്യനിരൂപകനായിക്കൂടിയാണ് പ്രൊഫ. എം. കെ സാനുവിനെ രേഖപ്പെടുത്തുന്നത്.
എഴുത്തുകാരൻ, ചിന്തകൻ, അധ്യാപകൻ, നിരൂപകൻ, പത്രപ്രവർത്തകൻ, വാഗ്മി അങ്ങനെ ഒരുപാട് വിശേഷണങ്ങളുണ്ട് സാനു മാഷിന്. എന്നാൽ, മലയാളത്തിൽ ഇത്രയുമധികം ജീവചരിത്രങ്ങളെഴുതിയ മറ്റൊരാളുണ്ടോ എന്നത് സംശയമാണ്.
1958 -ലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകമായ 'അഞ്ചു ശാസ്ത്ര നായകന്മാര്‍' പുറത്തിറങ്ങുന്നത്. നിരൂപണ രംഗത്താവട്ടെ സാനുമാഷിന് അദ്ദേഹത്തിന്റേതായ വഴിയുണ്ടായിരുന്നു. സത്യസന്ധമായിരുന്നു ആ വഴി. ശാന്തമെങ്കിലും മൂർച്ചയേറിയതുമായിരുന്നു കുറിച്ചിട്ട വാക്കുകൾ. ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനങ്ങളെ മലയാളികളെ ഇത്രയാഴത്തിൽ സ്വാധീനിക്കാൻ സഹായിച്ച കൃതി പ്രൊഫ. എം കെ സാനുവിന്റെ സംഭാവനയായിരുന്നു.
1927 ഒക്ടോബര്‍ 27 -ന് ആലപ്പുഴയിലെ തുമ്പോളിയിലാണ് എം കെ സാനുവിന്റെ ജനനം. അച്ഛൻ എം സി കേശവൻ. അമ്മ കെ പി ഭവാനി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് മലയാളത്തില്‍ എംഎ നേടി. ഒന്നാം റാങ്കോടെയായിരുന്നു അദ്ദേഹത്തിന്റെ വിജയം. സ്‌കൂള്‍ അധ്യാപകനായും പിന്നീട് സർക്കാർ കോളജുകളില്‍ അധ്യാപകനായും പ്രവർത്തിച്ചു.
1983 -ലാണ് അദ്ദേഹം ജോലിയിൽ നിന്നും വിരമിക്കുന്നത്. 1986 -ൽ പുരോഗമന സാഹിത്യസംഘത്തിന്റെ പ്രസിഡന്റായി സ്ഥാനമേറ്റു. സാംസ്കാരികരംഗമാണ് തന്റെ കർമ്മമേഖലയെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലും അദ്ദേഹം 1987 -ൽ എറണാകുളം നിയമസഭാമണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന ഇഎംഎസിന്റെ സ്നേഹപൂർവമായ നിർബന്ധത്തിനുവഴങ്ങിയാണ് അദ്ദേഹം അന്ന് മത്സരിച്ചത്. പാർട്ടിയുടെ വീക്ഷണം ശരിയായി. അന്ന് വലിയ ശിഷ്യസമ്പത്തുള്ള സാംസ്കാരിക രംഗത്ത് അറിയപ്പെട്ടിരുന്ന എം കെ സാനു 10,032 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ജയിച്ചത്.
പ്രഭാതദർശനം, സഹോദരൻ കെ അയ്യപ്പൻ, മലയാള സാഹിത്യ നായകന്മാർ - കുമാരനാശാൻ, ഇവർ ലോകത്തെ സ്നേഹിച്ചവർ, അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് - ആശാൻ പഠനത്തിന് ഒരു മുഖവുര, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം), യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം), ഉറങ്ങാത്ത മനീഷി (പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം), കുമാരനാശാൻ്റെ നളിനി - വിശുദ്ധാനുരാഗത്തിൽ തെളിയുന്ന ദിവ്യദീപ്തി, അയ്യപ്പപ്പണിക്കരും അയ്യപ്പപ്പണിക്കരും, ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ (ജീവചരിത്രം) തുടങ്ങി അനേകം രചനകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി അനേകം പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.