വത്തിക്കാന്‍ നഗരത്തിന്‍റെ നാലിരട്ടി വലിപ്പമുള്ള ഒരു കെട്ടിടം, അതാണ് ന്യൂ സെഞ്ച്വറി ഗ്ലോബൽ സെന്‍റര്‍ !
കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാള്‍ തിരുവനന്തപുരത്ത് ഉദ്ഘാടനത്തിനായി തയ്യാറെടുക്കുകയാണ്. എന്നാല്‍, അങ്ങ് ചൈനയില്‍ കഴിഞ്ഞ ദിവസം ഒരു ഷോപ്പിങ്ങ് മാള്‍ ഉദ്ഘാടനം ചെയ്തു. ഇതിലെന്താണ് ഇത്ര കാര്യമെന്നല്ലേ... ? ന്യൂ സെഞ്ച്വറി ഗ്ലോബൽ സെന്‍റര്‍ എന്ന് പേരിട്ടിരിക്കുന്ന ആ ഷോപ്പിങ്ങ് സെന്‍ററിസ്, വത്തിക്കാന്‍ സിറ്റിയുടെ നാലിരട്ടി വലിപ്പമുണ്ടെന്നത് തന്നെ. അതായത്, ലോകത്ത് ഇതുവരെ ഉദ്ഘാടനം ചെയ്യപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ഷോപ്പിങ്ങ് മാളാണ് ന്യൂ സെഞ്ച്വറി ഗ്ലോബൽ സെന്‍റര്‍. സെഞ്ച്വറി ഗ്ലോബലിന്‍റെ വിശേഷങ്ങളറിയാം.
ഇറാഖി-ബ്രിട്ടീഷ് ആർക്കിടെക്റ്റ് സഹ ഹാദിദാണ് ഈ ഭീമാകാരമായ കെട്ടിടത്തിന്‍റെ രൂപകൽപന നിര്‍വഹിച്ചിരിക്കുന്നത്. ചൈനയിലെ സിചുവാനിലെ ചെങ്ഡുവിലാണ് ന്യൂ സെഞ്ച്വറി ഗ്ലോബൽ സെന്‍റര്‍ സ്ഥിതി ചെയ്യുന്നത്.
കെട്ടിടത്തിന്‍റെ സ്ഥലവിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് ഇത്. 328 അടി ഉയരവും 1,640 അടി നീളവും 1,312 അടി വീതിയുമുണ്ട് ഈ ഷോപ്പിങ്ങ് മാളിന്. 1,700,000 ചതുരശ്ര മീറ്റർ (18,000,000 ചതുരശ്ര അടി) വിസ്തീർണ്ണമുള്ളതാണ്.
അതായത് സിഡ്നിയുടെ ഐതിഹാസികമായ ഓപ്പറ ഹൗസിന്‍റെ 20 മടങ്ങ് വലുപ്പവും, വത്തിക്കാൻ നഗരത്തിന്‍റെ നാലിരട്ടിയും, അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്‍റഗണിന്‍റെ മൂന്നിരട്ടിയും വലിപ്പമുണ്ട് ചൈനയുടെ ഈ കെട്ടിട ഭീമന്.
കൂടാതെ അതിന്‍റെ 420 ഏക്കർ സ്ഥലവിസ്തൃതി, മൊണാക്കോ എന്ന രാജ്യത്തിന്‍റെ (499 ഏക്കർ) ഏതാണ്ട് അത്രയും വലുപ്പമുള്ളതാണ്. ഇത്രയും വലിയ സ്ഥലത്ത് എന്തൊക്കെ ഉള്‍ക്കൊള്ളിക്കാനാകുമോ അതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ലോകത്തിലെ ഏതാണ്ടെല്ലാ ബ്രാന്‍റുകളുടെയും ഷോപ്പിങ്ങ് സെന്‍ററുകള്‍, ഒട്ടനവധി റീട്ടെയിൽ ഔട്ട്ലെറ്റുകളും 14- മൂവി തിയേറ്ററുകള്‍, നിരവധി ഓഫീസുകളും നിരവധി ഹോട്ടലുകളും കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, ഓഫീസുകൾ, കോൺഫറൻസ് റൂമുകൾ, ഒരു യൂണിവേഴ്സിറ്റി കോംപ്ലക്സ്, എന്നിവയെല്ലാം ഇവിടെയുണ്ട്.
എന്തിനേറെ പറയുന്നു പറുദീസ ദ്വീപ് എന്നറിയപ്പെടുന്ന ഒരു വാട്ടർപാർക്കും ("പാരഡൈസ് ഐലന്‍റ് വാട്ടർ പാർക്ക്") ഈ കെട്ടിടത്തിലുണ്ട്. പോരാത്തതിന് കൃത്രിമ ജലതരംഗങ്ങള്‍ സൃഷിച്ച് ഒരു കൃത്രിമ ബീച്ചും ഈ കെട്ടിടത്തിനകത്ത് സജ്ജമാക്കിയിട്ടുണ്ട്.
ചക്രവാളത്തിന് ഒരു സ്റ്റാൻഡ്-ഇൻ ആയി പ്രവർത്തിക്കുന്ന 164 യാർഡ് നീളമുള്ള എൽഇഡി സ്ക്രീനും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗർഡറുകളും ഗ്ലാസും കൊണ്ട് നിർമ്മിച്ച തരംഗ മേൽക്കൂരയാണ് മറ്റൊരു ആകര്‍ഷണ കേന്ദ്രം.
കൂടാതെ അത്യാധുനിക സ്കേറ്റിംഗ് റിങ്ക്, കടൽക്കൊള്ളക്കാരുടെ കപ്പൽ, വ്യാജ മെഡിറ്ററേനിയൻ ഗ്രാമം, 24 മണിക്കൂറും പ്രകാശവും ചൂടും നൽകുന്ന കൃത്രിമ സൂര്യൻ, 15,000 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പറ്റുന്ന പാർക്കിംഗ് സ്ഥലങ്ങൾ, രണ്ട് വാണിജ്യ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ഒരു ഐമാക്സ് സിനിമ, എന്നിവയും ന്യൂ സെഞ്ച്വറി ഗ്ലോബൽ സെന്‍ററില്‍ ഒരുക്കിയിട്ടുണ്ട്. ഭൂമിലുള്ള എല്ലാം ഒരു കെട്ടിടത്തിലാക്കിയത് ചൈനയിലെ ശതകോടീശ്വരനായ ഡെങ് ഹോങ്ങിന്‍റെ എന്‍റർടൈൻമെന്‍റ് ആന്‍റ് ട്രാവൽ ഗ്രൂപ്പാണ് (ETG).
സംഗതി ഇങ്ങനൊക്കെയാണെങ്കിലും വിവാദങ്ങളും ഈ കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തോടൊപ്പമുണ്ടായിരിന്നു. 2013 ന്‍റെ തുടക്കത്തിൽ ഷോപ്പിംഗ് ഏരിയയുടെ ചില ഭാഗങ്ങൾ തുറന്നു.
എന്നാല്‍, അതിനിടെ കെട്ടിടത്തിന്‍റെ ഉടമസ്ഥനായ ഡെങ് ഹോംഗിനെ അഴിമതി ആരോപണത്തിൽ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഏതാണ്ട് 50 ലധികം തദ്ദേശ സ്വയം ഭരണ സ്ഥാപന ഉദ്യോഗസ്ഥരെ അഴിമതി നടത്തിയതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്ത സംഭവം വരെയുണ്ടായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona