കേരളം ആര്‍ക്കൊപ്പം ? മനമറിഞ്ഞ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍

First Published Feb 22, 2021, 2:42 PM IST


          2020 ഫെബ്രുവരി ഒന്നിനും 16 -നും ഇടയ്ക്ക് കേരളത്തിലെ അമ്പത് നിയോജക മണ്ഡലങ്ങളിലെ ജനങ്ങളിൽ നിന്നും വിവര ശേഖരണം നടത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ വോട്ടേഴ്സ് പ്രീ പോൾ ഇലക്ഷൻ സർവ്വേ പൂര്‍ത്തിയാക്കിയത്. 272 പേര്‍ നഗരപ്രദേശങ്ങളിലും 811 പേര്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുമായി 10,396 ആളുകൾ സർവ്വേയുടെ ഭാഗമായി നടന്ന വിവരശേഖരണത്തില്‍ പങ്കെടുത്തു. വടക്കൻ കേരളം, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് വോട്ടുവിഹിതവും സീറ്റുവിഹിതവും കണക്കാക്കിയാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ വോട്ടേഴ്സ് പ്രീ പോള്‍ ഇലക്ഷന്‍ സര്‍വ്വേ നടത്തിയത്. 

          ഒൻപത് മാസം മുമ്പ് കൊവിഡ് ലോക്ക് ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ച് തുടങ്ങിയ ഘട്ടത്തിൽ കൊവിഡാനന്തര കേരളത്തിന്‍റെ രാഷ്ട്രീയ മനസ് അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വ്വ നടത്തിയിരുന്നു. ജൂലൈ നാലിന് പുറത്തു വിട്ട ആ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫ് 77 മുതൽ 83 വരെ സീറ്റുകൾ നേടുമെന്നായിരുന്നു സര്‍വ്വേയിലെ കണ്ടെത്തൽ.യുഡിഎഫിന് 54 മുതൽ 60 വരെ സീറ്റുകളും എൻഡിഎയ്ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും പ്രവചിക്കപ്പെട്ടു. എൽഡിഎഫിന് 42, യുഡിഎഫിന് 38, ബിജെപിക്ക് 18 എന്നിങ്ങനെയാണ് വോട്ടു വിഹിതം പ്രവചിക്കപ്പെട്ടത്. 

          സ്വര്‍ണ്ണക്കടത്ത് കേസ്, സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍, ജാതി / മതം തിരിച്ചുള്ള വോട്ട് വിഹിതം എങ്ങനെ എന്നിങ്ങനെ ജനാധിപത്യ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും സര്‍വ്വേയില്‍ ചോദ്യങ്ങളുണ്ടായിരുന്നു. ഈ ചോദ്യങ്ങളോടുള്ള ജനങ്ങളുടെ ഏറ്റവും പുതിയ പ്രതികരണമാണ് ഈ സര്‍വ്വേയിലൂടെ വ്യക്തമാകുന്നത്. 

          കഴിഞ്ഞ ജൂലൈയിലെ രാഷ്ട്രീയ കാലാവസ്ഥയിൽ നിന്നും എത്രത്തോളം വ്യത്യാസമാണ് ഇന്നത്തെ കേരളത്തിന്‍റെ രാഷ്ട്രീയ മനസ് എന്നതിനുള്ള ഉത്തരമാണ് ഈ സര്‍വ്വേ നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കം തെരഞ്ഞെടുപ്പിലേക്ക് ഇനിയും നിര്‍ണായക ചുവടുകൾ ബാക്കിയുള്ളമ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിലവിൽ ആര്‍ക്കാണ് അനുകൂലമെന്ന് ഈ സര്‍വ്വേയിലൂടെ വ്യക്തമാകുന്നു. ഒറ്റ നോട്ടത്തില്‍ സര്‍വ്വേ ഫലങ്ങളറിയാം.