സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ചില തെരഞ്ഞെടുപ്പ് ചിന്തകളും; കൂടെ ട്രോളന്മാരും

First Published Mar 11, 2021, 12:34 PM IST

തിനഞ്ചാം സംസ്ഥാന തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നു. രണ്ട് മുന്നണികള്‍ മാറിമാറി ഭരിച്ചിരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളത്തില്‍ മൂന്നാമത്തെ മൂന്നണിയായി എന്‍ഡിഎ കടന്ന് വരുമ്പോള്‍ അതുവരെയുണ്ടായിരുന്ന വോട്ട് രാഷ്ട്രീയ സമവാക്യങ്ങള്‍ താളം തെറ്റുന്നു. മാത്രമല്ല ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ തന്‍റെ 'വിജയ യാത്ര'യ്ക്കിടെ പറഞ്ഞത് കേരളത്തില്‍ 40 സീറ്റ് ബിജെപിക്ക് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കുമെന്നാണ്. അതായത് സംസ്ഥാന ഭരണം പിടിക്കാന്‍ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം പോലും ആവശ്യമില്ലെന്ന്. അതിനിടെ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കപ്പെട്ടു. ഒന്നിനും ഒരു സമയവും ഇല്ല. തെരഞ്ഞെടുപ്പ് അടുത്തു. തളരും വരെ ചര്‍ച്ച നടത്തി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ നിന്നാല്‍ മറ്റ് പാര്‍ട്ടിക്കാര്‍ സ്ഥാനാര്‍ത്ഥിയെയും തീരുമാനിച്ച് പ്രചാരണം തുടങ്ങും. അപ്പോ വളരെ പെട്ടെന്ന് സീറ്റ് ധാരണയാകണം. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കണം. അതിനൊക്കെ പുറമേ തെരഞ്ഞെടുപ്പില്‍ നിന്ന് ജയിച്ചാല്‍ നല്‍കുന്ന വാഗ്ദനങ്ങള്‍ നിരത്തണം. അതിനിടെ പുതിയ ഉയരങ്ങള്‍ താണ്ടുന്ന പെട്രോള്‍, ഡീസല്‍, പാചകവാതക വിലകള്‍... ഐ ഫോണ്‍, ഇഡി വിവാദങ്ങള്‍... വിശ്വാസാവിശ്വാസ പ്രഖ്യാപനങ്ങള്‍...

 

ഉറപ്പായും, രാഷ്ട്രീയ കേരളത്തിലെ വല്ല്യേട്ടനായ സിപിഎമ്മിന് ഇതൊക്കെ വളരെ എളുപ്പമായിരുന്നു. എന്നാല്‍, കുറച്ച് അണികള്‍ അവിടിവിടെ പ്രതിഷേധ പോസ്റ്ററുകളുമായി എത്തി. സിപിഎമ്മിന്‍റെ മാസ്റ്ററായ എം ഗോവിന്ദന്‍ മാസ്റ്റര്‍ അക്കാര്യത്തില്‍ അസന്നിഗ്ദമായി കാര്യം പറഞ്ഞു. അണികളുടെ പ്രതിഷേധ പ്രകടനങ്ങള്‍ കണ്ട് സ്ഥാനാര്‍ത്ഥി പുനപരിശോധന നടത്തുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന്. കാര്യം താഴെതട്ട് മുതല്‍ മേല്‍ത്തട്ട് വരെ ഉള്‍പാര്‍ട്ടി ജനാധിപത്യം ശക്തമായ പാര്‍ട്ടിയാണ്. പക്ഷേ അണികള്‍ പോസ്റ്ററൊട്ടിച്ചാലോ ആയിരങ്ങളെ അണിനിരത്തി പ്രകടനം നടത്തിയാലോ സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന പാര്‍ട്ടിയല്ല സിപിഎം. അത് അണികള്‍ക്ക് അറിയില്ലെങ്കില്‍ നേതാക്കള്‍ക്ക് അറിയാം. ഇല്ലെങ്കില്‍ കണ്ടറിയും. 

 

വിശ്വാസികളെ അംഗീകരിച്ച് കൊണ്ട് മാത്രമേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയൂവെന്നും അതിനാല്‍ വൈരുദ്ധ്യാത്മക ഭൌതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും മുമ്പ് എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. അതിനുള്ള സാഹചര്യം ഇന്ത്യയിലില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നാഴികയ്ക്ക് നാപ്പത് വട്ടം പാര്‍ട്ടി ചൊല്ലിതന്ന് അണികളായ അണികളെല്ലാം ഏറ്റു ചൊല്ലിയിട്ട് അവസാനം 'അതെങ്ങനെ ഇല്ലാതായെന്ന്' മാത്രം തിരിച്ച് ആരും ചോദിച്ചില്ല. ചില ട്രോളന്മാരല്ലാതെ. അതിനിടെ ഇനിയും തീരാത്ത ചര്‍ച്ചയും വീതം വെപ്പുമായി കോണ്‍ഗ്രസിന്‍റെ ജംബോ കമ്മറ്റികള്‍ കേരളത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നീളമുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഹൈക്കമാന്‍റിന് കൈമാറി. ഇനി അവര് വെട്ടി വിടുന്ന ലിസ്റ്റ് ഇവിടെ വീണ്ടും വെട്ടും പിന്നീട്  ലിസ്റ്റ് ഹൈക്കമാന്‍റിലേക്ക് പോകും. അവിടെ വീണ്ടും വെട്ടി വിടും. അങ്ങനെ വെട്ടിയും തിരുത്തിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ഇങ്ങെത്തും. അതിന് മുമ്പ് തന്നെ പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടു. ഇനി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസെങ്ങാനും ജയിച്ചാല്‍ കേരളം ബിജെപി ഭരിക്കുമോയെന്നാണ് ട്രോളന്മാരുടെ ചോദ്യം.