പുതുപ്പള്ളിക്കാരുടെ സ്വന്തം ഉമ്മന്‍ചാണ്ടിയും പിന്നെ ട്രോളന്മാരും

First Published Mar 13, 2021, 2:56 PM IST

പുതുപ്പള്ളി മണ്ഡലവും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ആത്മബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. 1957 ലും 1960 ലും നടന്ന തെരഞ്ഞടുപ്പുകളില്‍ പുതുപ്പള്ളിക്കാര്‍ തങ്ങളുടെ എംഎല്‍എയാക്കിയത് പി സി ചെറിയാനെ (കോൺ). മൂന്നാം തവണ, അതായത് 1967 ല്‍  സിപിഎം സ്ഥാനാര്‍ത്ഥി ഇ എം ജോര്‍ജിനെ പുതുപ്പള്ളിക്കാര്‍ ജയിപ്പിച്ചു. ഇക്കണ്ടകാലത്തിനിടെ ആ ഒരു തവണ മാത്രമാണ് പുതുപ്പള്ളി ചെങ്കൊടി പുതച്ചത്. പിന്നീടിങ്ങോട്ട് ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരു നേതാവിനെ പുതുപ്പള്ളിക്കാര്‍ കണ്ടിട്ടില്ല. ഒന്നും രണ്ടും കൊല്ലമല്ല, നീണ്ട 41 വര്‍ഷമായി പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കാന്‍ തുടങ്ങിയിട്ട്.  1970 തിലാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് ആദ്യമായി മത്സരിക്കുന്നത്. അവിടെ നിന്ന് ഇങ്ങോട്ട്   1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016 ...  തങ്ങളുടെ സ്വന്തം നേതാവിനെ മറ്റൊരു മണ്ഡലത്തിനും വിട്ടുകൊടുക്കാന്‍ പുതുപ്പള്ളിക്കാര്‍ തയ്യാറായിട്ടില്ല. മറ്റൊരു സ്ഥാനാര്‍ത്ഥിയെ കുറിച്ച് പുതുപ്പള്ളിക്കാര്‍ക്ക് ഇന്ന് ആലോചിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. അപ്പഴാണ് ' നേമം ' എന്ന് കേള്‍ക്കുന്നത്. അതൊക്കെ എന്തേലുമാകട്ടെ. ആരെവിടെ നില്‍ക്കുന്നു എന്നത് പുതുപ്പള്ളിക്കാരുടെ പ്രശ്നമല്ല. പുതുപ്പള്ളി നിയമസഭാ മണ്ഡലമാണെങ്കില്‍ എംഎല്‍എ ഉമ്മന്‍ചാണ്ടി തന്നെ എന്നാണ് പുതുപ്പള്ളിക്കാര് പറയണത്. അതിന് വേണ്ടി അവര്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കാനും മടിക്കില്ല. പക്ഷേ പുതുപ്പള്ളിയുടെ വികാരമല്ല ട്രോളന്മാരുടേത്. ഒരു നേതാവിന് വേണ്ടി അണികള്‍ വീടിന്‍റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയാല്‍ കണ്ട് നില്‍ക്കാന്‍ മാത്രം ക്രൂരന്മാരല്ല മലയാളി ട്രോളന്മാര്‍. അവര്‍ പ്രതികരിക്കും. കാണാം ആ പ്രതികരണങ്ങള്‍...