കേരളം ആര്‍ക്കൊപ്പം ? പിണറായി വിജയന് രണ്ടാമൂഴം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ

First Published Feb 22, 2021, 11:47 AM IST


        2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷ സര്‍ക്കാറിന് ഭരണ തുടര്‍ച്ച പ്രവചിച്ച ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വ്വേ ഫലങ്ങള്‍ ഒറ്റ നോട്ടത്തിലറിയാം. ഇതിന് മുമ്പ് 2014-ലേയും 2019 -ലേയും ലോക്സഭാ തെരഞ്ഞെടുപ്പുകളും 2016 - നിയമസഭാ തെരഞ്ഞെടുപ്പിലേയും ഫലങ്ങൾ ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും ചേര്‍ന്നാണ് പ്രഖ്യാപിച്ചിരുന്നത്. 

        ഒമ്പത് മാസം മുമ്പ് കൊവിഡ് ലോക്ക് ഡൗണിന് ശേഷം ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങി തുടങ്ങിയ ഘട്ടത്തിൽ കൊവിഡാനന്തര കേരളത്തിന്‍റെ രാഷ്ട്രീയ മനസ് അറിയാൻ ഏഷ്യാനെറ്റ് ന്യൂസും സീഫോറും ചേര്‍ന്ന് സര്‍വ്വേ നടത്തിയിരുന്നു. ജൂലൈ നാലിന് പുറത്തു വിട്ട ആ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫ് 77 മുതൽ 83 വരെ സീറ്റുകൾ നേടുമെന്നായിരുന്നു സര്‍വ്വേയിലെ കണ്ടെത്തൽ. യുഡിഎഫിന് 54 മുതൽ 60 വരെ സീറ്റുകളും എൻഡിഎയ്ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും അന്ന് പ്രവചിക്കപ്പെട്ടു. എൽഡിഎഫിന് 42, യുഡിഎഫിന് 38, ബിജെപിക്ക് 18 എന്നിങ്ങനെയാണ് വോട്ടു വിഹിതം അന്ന് പ്രവചിക്കപ്പെട്ടത്. 

        അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ നിന്നും എത്രത്തോളം വ്യത്യാസമാണ് ഇന്ന് കേരളത്തിന്‍റെ രാഷ്ട്രീയ മനസ് എന്നതിനുള്ള ഉത്തരമാണ് ഈ സര്‍വ്വേ നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കം തെരഞ്ഞെടുപ്പിലേക്ക് ഇനിയും നിര്‍ണായക ചുവടുകൾ ബാക്കിയുള്ളമ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിലവിൽ ആര്‍ക്കാണ് അനുകൂലമെന്ന് ഈ സര്‍വ്വേയിലൂടെ വ്യക്തമാകുന്നു. ഒറ്റ നോട്ടത്തില്‍ സര്‍വ്വേ ഫലങ്ങളറിയാം. 

        കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി തുടർഭരണം പ്രവചിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ ഫലം. രാഷ്ട്രീയ ചരിത്രം പിണറായി വിജയൻ തിരുത്തുമെന്ന് തന്നെ സർവേ ഫലം വ്യക്തമാക്കുന്നു. എൽഡിഎഫ് 72 മുതൽ 78 സീറ്റ് വരെ നേടി ഭരണം തുടരുമ്പോൾ യുഡിഎഫ് 59 മുതൽ 65 സീറ്റ് വരെ നേടി കൂടുതൽ കരുത്തോടെ പ്രതിപക്ഷത്ത് ഇരിക്കും.