Bigg Boss; ബിഗ് ബോസ് വീട്ടില്‍ കളം പിടിക്കുമോ ആദ്യ ക്യാപ്റ്റന്‍ ?
സീസണ്‍ 4ലെ ബിഗ് ബോസ് വീട് (Bigg Boss Malayalam Season 4) തുറന്നപ്പോള്‍ തന്നെ സസ്പെന്‍സായിരുന്നു. പതിവിന് വിപരീതമായി മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കുമുള്ള ഒരു സര്‍പ്രൈസുമായിട്ടായിരുന്നു എപ്പിസോഡിന്‍റെ തുടക്കം. ഇക്കുറി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടാണ് മത്സരാര്‍ഥികള്‍ സീസണ്‍ 4 ലേക്ക് കടന്നത്. മത്സരാര്‍ത്ഥികളുടെ മറുപടികള്‍ അവരെത്രമാത്രം സീരിയസായാണ് ബിഗ് ബോസിനെ കാണുന്നതെന്നതിനുള്ള ഉത്തരങ്ങള്‍ കൂടിയായിരുന്നു. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ മത്സരാര്‍ത്ഥികളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പ്രവചനങ്ങളുമുണ്ടായിരുന്നു. ബിഗ് ബോസിന്‍റെ ജനപ്രിയത വിളിച്ചുപറയുന്നതായി ഇത്തരം ചര്‍ച്ചകള്‍ മാറി. സാമൂഹിക മാധ്യമങ്ങളില്‍ ഇനിയുള്ള ദിവസങ്ങള്‍ ബിഗ് ബോസിന്‍റെ ദിവസങ്ങളാകുമെന്ന് ഉറപ്പ്.
നടന്‍ നവീന്‍ അറയ്ക്കല്‍, നടി ജാനകി സുധീര്‍, നടി ലക്ഷ്‍മി പ്രിയ, മോട്ടിവേഷണല്‍ സ്പീക്കര്‍ ഡോ. റോബിന്‍ രാധാകൃഷ്ണന്‍, നടി ധന്യ മേരി വര്‍ഗീസ്, അവതാരക ശാലിനി നായര്‍, ഫിറ്റനസ് ട്രെയ്‍നര്‍ ജാസ്മിന്‍ എം മൂസ, ഹാസ്യ കലാകാരന്‍ അഖില്‍ ബി എസ്, മിസ് കേരള ഫൈനലിസ്റ്റ് 2021 നിമിഷ, ഫോട്ടോഗ്രാഫര്‍ ഡെയ്‍സി ഡേവിസ്, നടന്‍ റോണ്‍സണ്‍ വിന്‍സെന്‍റ്, മജീഷ്യന്‍ അശ്വിന്‍ വിജയ്, ആദ്യ വിദേശ സാന്നിധ്യം അപര്‍ണ്ണ മള്‍ബറി, നടന്‍ സൂരജ് തേലക്കാട്, ഗായകന്‍ ബ്ലെസ്‍ലി, നര്‍ത്തകിയും നടിയുമായ ദില്‍ഷ പ്രസന്നന്‍, നടി സുചിത്ര നായര്‍ എന്നിവരാണ് ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ഥികള്‍.
ഇങ്ങനെ മറ്റൊരാളില്‍ നിന്നും തീര്‍ത്തും വ്യത്യാസപ്പെട്ട 17 പേര്‍ മാറ്റുരയ്ക്കുന്നതാണ് ഇത്തവണത്തെ സീസണ്‍. കാര്യങ്ങള്‍ ഒന്ന് പരിചയിച്ച് വരുന്നതിന് മുമ്പ് തന്നെ സര്‍പ്രൈസ് ടാസ്ക്കുകള്‍ ബിഗ് ബോസ് നല്‍കി തുടങ്ങി. ഈ ബിഗ് ബോസ് വീട്ടിലെത്താന്‍ അര്‍ഹതയില്ല എന്ന് നിങ്ങള്‍ കരുതുന്ന മൂന്ന് പേരെ തെരഞ്ഞെടുക്കുക എന്ന ടാസ്ക്കാണ് ആദ്യം നല്‍കിയത്. അതിനുള്ള കാരണവും പറയണമായിരുന്നു.
പരസ്പരം അറിയുന്നതിന് മുമ്പ് തന്നെ ചിലരെ എതിര്‍പക്ഷത്ത് നിര്‍ത്തേണ്ടിവരുന്നത് മത്സരാര്‍ത്ഥികളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനും കൂടുതല്‍ നല്ല നീക്കങ്ങള്‍ക്ക് അവരെ പ്രാപ്തരാക്കാനും സഹായിക്കും. പ്രതീക്ഷിച്ച പോലെ തന്നെ പലരും തങ്ങള്‍ക്ക് അപരിചിതരായ മത്സരാര്‍ത്ഥികളുടെ പേരുകളാണ് പറഞ്ഞത്. തുടര്‍ന്ന് അതിന്‍റെ മുകളിലായി ബിഗ് ബോസ് വീട്ടിലെ ചൂടന്‍ ചര്‍ച്ചകള്‍.
ലക്ഷ്മിപ്രിയ ആദ്യം പറഞ്ഞത് നിമിഷയുടെ പേരായിരുന്നു. ജാസ്മിന്‍, അശ്വിന്‍ എന്നിവരെയും ലക്ഷ്മി തന്‍റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. നിമിഷ കാര്യമായി ഇടപെടുന്നില്ല. കുക്കിംഗ് പഠിക്കണമെന്ന് പറഞ്ഞിട്ട് ആ പരിസരങ്ങളില്‍ കണ്ടില്ല എന്നൊക്കെയുള്ള കാരണങ്ങളായിരുന്നു ലക്ഷ്മിക്ക് നിമിഷയെ കുറിച്ച് പറയാനുണ്ടായിരുന്നത്.
ടാസ്ക്കിന് ശേഷം എന്ത് കൊണ്ട് ആ പേരുകള്‍ തെരഞ്ഞെടുത്തു എന്നതിന്‍റെ വിശദീകരണവും ലക്ഷ്മിപ്രിയയ്ക്ക് ഉണ്ടായിരുന്നു. " ഞങ്ങള്‍ ഇങ്ങനെ ചേര്‍ത്ത് പിടിക്കുന്ന ആള്‍ക്കാരാണ്. സീനിയര്‍, ജൂനിയര്‍... പരിചയം ഉണ്ട് ഇല്ല എന്നൊന്നുമില്ല..'' ലക്ഷ്മി തന്‍റെ നയം വ്യക്തമാക്കി.
ബിഗ് ബോസിലെ സ്ഥാനാര്‍ത്ഥികള്‍ പലരും ജീവിതത്തിന്‍റെ പല നിലകളില്‍ നിന്ന് വരുന്നവരാണ്. ചിലര്‍ ജീവിതത്തിന്‍റെ കനല്‍വഴികള്‍ താണ്ടിയെത്തിയപ്പോള്‍ മറ്റ് ചിലര്‍ അതിന്‍റെ എല്ലാ സുഖങ്ങളും അനുഭവിച്ച് കടന്ന് വന്നവരാണ്. കനല്‍ വഴി താണ്ടി വന്ന ജീവിതമാണ് തന്‍റെതെന്ന് മത്സരാര്‍ത്ഥിയായ അശ്വിന്‍ തുറന്ന് പറഞ്ഞപ്പോള്‍, ബിഗ് ബോസില്‍ പലരുടെയും കണ്ണുകള്‍ അറിയാതെ നിറയുന്നത് കാണാമായിരുന്നു.
ഇന്നലെ അപ്രതീക്ഷിതമായാണ് ബിഗ് ബോസ് ആദ്യ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്ന് മറ്റ് മത്സരാര്‍ഥികള്‍ വിലയിരുത്തിയ നിമിഷ, ജാനകി, അശ്വിന്‍ എന്നിവര്‍ക്ക് ബിഗ് ബോസ് ഒരു ഫിസിക്കല്‍ ടാസ്ക് നല്‍കി.
ആക്റ്റിവിറ്റി ഏരിയയില്‍ നടന്ന ടാസ്‍കില്‍ വിജയിച്ച അശ്വിന്‍ അങ്ങനെ അപ്രതീക്ഷിതമായി ബിഗ് ബോസിലെ ആദ്യ ക്യാപ്റ്റനായി തെരഞ്ഞടുക്കപ്പെട്ടു. പുതിയ ക്യാപ്റ്റന്, സ്വന്തം ജീവിതാഖ്യാനത്തിലൂടെ കാഴ്ചക്കാരെ നേടിയെടുക്കാന്‍ കഴിഞ്ഞു. എന്നാല്‍, വരും ദിവസങ്ങളില്‍ ഈ ആധിപത്യം എങ്ങനെയാണ് അശ്വിന്‍ ഉപയോഗിക്കുന്നത് എന്ന് കാത്തിരുന്ന് കാണണം.
സാധാരണയായി ബിഗ് ബോസില്‍ ആദ്യ ആഴ്ച നോമിനേഷന്‍ പ്രക്രിയ ഉണ്ടാവാറില്ല. എന്നാല്‍, ഇക്കുറി അതിന് വിപരീതമായി ഒരു സര്‍പ്രൈസ് നോമിനേഷനാണ് ബിഗ് ബോസ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അശ്വിന്‍ ഒഴികെയുള്ള മറ്റ് 16 പേരും ആദ്യ നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചു. ഇവര്‍ക്കായുള്ള വോട്ടിംഗും ആരംഭിച്ചു. ആദ്യ ദിനം തന്നെ അങ്ങനെ കളറാക്കി ബിഗ് ബോസ്.
മറ്റ് സീസണില്‍ നിന്ന് വ്യത്യസ്തമായി ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് ചില സവിശേഷ സൗകര്യങ്ങള്‍ ഇത്തവണ വീട് വാഗ്ദാനം ചെയ്യുന്നു. ക്യാപ്റ്റന് മാത്രമായി പ്രത്യേക കിടപ്പുമുറിയാണ് അതില്‍ ഏറ്റവും പ്രധാനം. ക്യാപ്റ്റന് മാത്രമാണ് അവിടേക്ക് പ്രവേശനം. അല്ലെങ്കില്‍ ക്യാപ്റ്റന്‍റെ അനുവാദത്തോടെ മാത്രം ഒരാള്‍ക്കും അവിടേക്ക് പ്രവേശിക്കാം.
ഒടുവില്‍ ഷോ തീരുമ്പോള്‍, വീട്ടിലെ പുതു ജീവിതം തുടങ്ങി രണ്ടാം ദിവസം തന്നെ അടി തുടങ്ങിയോ എന്ന സംശയമാണ് കാഴ്ചക്കാരില്‍ അവശേഷിപ്പിച്ചത്. അതിനുള്ള ബിഗ് ബോസിന്‍റെ 'നൂലാ'യിരുന്നു ആദ്യ ടാസ്ക് തന്നെ. ആദ്യ കാഴ്ചയില്‍ തന്നെ ബിഗ് ബോസില്‍ തങ്ങളുടെ കൂടെ മത്സരിക്കാന്‍ അര്‍ഹതയില്ലാത്ത മൂന്ന് പേരെ വച്ചാണ് 17 അംഗ സംഘത്തിലെ ഓരോരുത്തരും തെരഞ്ഞെടുത്തിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് വരും ദിവസങ്ങളില്‍ ഏങ്ങനെ ബിഗ് ബോസ് വീട്ടില്‍ ഓളമുണ്ടാക്കുമെന്ന് കാത്തിരുന്ന് കാണാം.