ദൃശ്യം രണ്ടിനായി കാത്തിരിക്കുന്നു, കമല്‍ഹാസനും അജയ് ദേവ്‍ഗണും

First Published May 22, 2020, 10:37 PM IST


മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. മോഹൻലാലിന്റെ നായകവേഷം പ്രേക്ഷകര്‍‌ മറക്കില്ല ഒരിക്കലും. ഇന്നും ദൃശ്യം സിനിമയ്‍ക്ക് പ്രേക്ഷകരുണ്ട്. ദൃശ്യം രണ്ടാം ഭാഗം ഒരുക്കുന്നുവെന്നും പ്രഖ്യാപനം വന്നു. മോഹൻലാല്‍ നായകനാകുമ്പോള്‍ മീന തന്നെയാകും നായികയായി എത്തുകയെന്നും കരുതാം. മലയാളത്തില്‍ കോടി ക്ലബില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ദൃശ്യം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്‍തിരുന്നു. കമല്‍ഹാസനും വെങ്കടേഷുമൊക്കെ ഓരോ ഭാഷകളില്‍ നായകരായി. ദൃശ്യം രണ്ടാമതും എത്തുമ്പോള്‍ എന്തായിരിക്കും കഥയെന്ന് അറിയാൻ സ്വാഭാവികമായും അവരും ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും. പ്രേക്ഷകരെപ്പോലെ. ഒരുപക്ഷേ സിനിമ ചിത്രീകരണം തുടങ്ങുമ്പോള്‍ തന്നെ റീമേക്കിനായി മറ്റ് ഭാഷകളിലുള്ളവര്‍ ശ്രമിക്കുകയും ചെയ്‍തേക്കാം. റീമേക്ക് അവകാശം സ്വന്തമാക്കാൻ മറ്റ് ഭാഷകളില്‍ നിന്ന് ആരൊക്കെയാകും ശ്രമിക്കുക എന്ന് കാത്തിരുന്ന് കാണാം. എന്തായാലും എല്ലാ ഭാഷകളിലെയും അഭിനേതാക്കളടക്കം ദൃശ്യം രണ്ടിനായി കാത്തിരിക്കുമെന്ന് ഉറപ്പ്.