- Home
- Entertainment
- News (Entertainment)
- ഭാവന-റഹ്‌മാന്‍ ടീമിന്‍റെ 'അനോമി' മുതല്‍ എബ്രിഡ് ഷൈന്‍ ചിത്രം 'സ്‌പാ' വരെ; ഫെബ്രുവരി മാസത്തിലെ പ്രധാന റിലീസുകള്‍
ഭാവന-റഹ്‌മാന്‍ ടീമിന്‍റെ 'അനോമി' മുതല്‍ എബ്രിഡ് ഷൈന്‍ ചിത്രം 'സ്‌പാ' വരെ; ഫെബ്രുവരി മാസത്തിലെ പ്രധാന റിലീസുകള്‍
ഭാവനയും റഹ്‌മാനും മുഖ്യ വേഷത്തിലെത്തുന്ന 'അനോമി' മുതല്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 'സ്‌പാ' വരെ വലിയ പ്രതീക്ഷകള്‍ 2026 ഫെബ്രുവരി റിലീസുകളിലുണ്ട്. വരും മാസം തിയറ്ററുകളിലെത്തുന്ന ആറ് പ്രധാന സിനിമകളെ കുറിച്ച് വിശദമായി അറിയാം.

1. അനോമി- ഫെബ്രുവരി 6
ഭാവനയും റഹ്‌മാനും മുഖ്യ വേഷത്തിലെത്തുന്ന മലയാളം സൈ-ഫൈ ത്രില്ലറാണ് 'അനോമി' (Anomie). റിയാസ് മാരാത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന അനോമി ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും. 'അനിമൽ' ഫെയിം ഹർഷവർദ്ധൻ രാമേശ്വർ ആദ്യമായി മലയാളത്തിൽ സംഗീതം നൽകുന്ന ചിത്രമാണിത്. ഷെബിൻ ബെൻസൺ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയ വലിയ താരനിരയും അനോമിയിലുണ്ട്. 'സൗണ്ട് പാർട്ടിക്കിൾസ്' എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും അനോമിക്കുണ്ട്.
2. ആശകൾ ആയിരം- ഫെബ്രുവരി 6
22 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് 'ആശകൾ ആയിരം' (Ashakal Ayiram). കാളിദാസ് ബാലതാരമായി അഭിനയിച്ച കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റേം എന്നീ ചിത്രങ്ങളിലെ ജയറാം- കാളിദാസ് കോമ്പിനേഷന്‍ ആരാധക ഹൃദയങ്ങള്‍ കീഴടക്കിയതാണ്. 'ഒരു വടക്കൻ സെൽഫി' എന്ന സിനിമയിലൂടെ മലയാളി ചലച്ചിത്ര പ്രേക്ഷകർക്കു സുപരിചിതനായ ജി പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്‍റണി ജോസഫുമാണ് രചന. ജൂഡ് ആന്‍റണി ജോസഫ് തന്നെയാണ് ആശകൾ ആയിരത്തിന്‍റെ ക്രിയേറ്റീവ് ഡയറക്‌ടർ.
3. കരികാട (കന്നഡ) -ഫെബ്രുവരി 6
ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തുന്ന കന്നഡ ആക്ഷന്‍, അഡ്വഞ്ചര്‍, റൊമാന്‍റിക്, ത്രില്ലര്‍ ഫിലിമാണ് 'കരികാട' (Karikaada). ദില്ലി വെങ്കടേഷ് ആണ് കരികാട സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ദീപ്‌തി ദാമോദറാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. കൃതി വര്‍മ്മ, യാഷ് ഷെട്ടി, കാഡ നടരാജ്, മഞ്ജുസ്വാമി, നിരീക്ഷ ഷെട്ടി എന്നിവരാണ് കരികാടയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
4. കാലം പറഞ്ഞ കഥ - ഫെബ്രുവരി 6
പ്രസാദ് നൂറനാട് സംവിധാനം ചെയ്‌ത മലയാളം ഫാമിലി ഡ്രാമയാണ് 'കാലം പറഞ്ഞ കഥ' (Kaalam paranja kadha). പ്രസാദ് നൂറനാടിനൊപ്പം കൃഷ്‌ണന്‍കുട്ടി കരുനാഗപ്പള്ളിയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അജാസ്, ഡോ. സാന്ദ്ര എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
5. മദനമോഹം- ഫെബ്രുവരി 6
പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ശശി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന 'മദനമോഹം' (Madanamoham) എന്ന മലയാള സിനിമയും ഫെബ്രുവരി 6ന് റിലീസ് ചെയ്യും. കേരളസമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കിയ ചിത്രത്തിൽ ഇറോട്ടിക് ഹൊററിനൊപ്പം ത്രില്ലര്‍ ഘടകങ്ങളും ചേർത്ത് പ്രേക്ഷകർക്ക് ഒരു പുതിയ ദൃശ്യാനുഭവമാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. മദനമോഹത്തില്‍ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാർ, രഞ്ജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. എ ടെയിൽ ഓഫ് കുഞ്ഞിതേയി എന്നാണ് മദനമോഹത്തിന്‍റെ ടാഗ്‌ലൈന്‍.
6. സ്‌പാ- ഫെബ്രുവരി 12
എബ്രിഡ് ഷൈന്‍ രചിച്ച് സംവിധാനം ചെയ്യുന്ന മലയാള സിനിമയായ 'സ്പാ' ഫെബ്രുവരി 12ന് റിലീസിനെത്തും. സ്‌പാ'-യുടെ ഫസ്റ്റ് ലുക്ക് നേരത്തെ വൈറൽ ആയിരുന്നു. സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, സജിമോൻ പാറയിൽ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി ഒരു വമ്പൻ താരനിരതന്നെ ചിത്രത്തിലുണ്ട്. സ്പാ എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. സംഗീതം ഇഷാൻ ഛബ്ര.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

