ഇങ്ങനെയാണ് മേയ്‍ക്കപ് ഇല്ലാത്ത ഞാൻ, ബോഡി ഷെയ്‍മിംഗിന് എതിരെ സമീറ റെഡ്ഢി
താരങ്ങളും സാധാരണക്കാരും ഒക്കെ ബോഡി ഷെയ്‍മിംഗ് നേരിടാറുണ്ട്. തടികൂടിയതിന്റെയും മെലിഞ്ഞതിന്റെ സൗന്ദര്യത്തിന്റെയും കാര്യത്തിലുമൊക്കെ ബോഡി ഷെയ്‍മിംഗ് നേരിടാറുണ്ട്. ശരീരപ്രകൃതിയുടെ പേരില്‍ കാരണങ്ങള്‍ എന്തായാലും ബോഡി ഷെയ്‍മിംഗ് ചെയ്യാൻ ശ്രമിക്കുന്നവരുടെ എണ്ണം ഒട്ടേറെയാണ് . ബോഡി ഷെയ്‍മിംഗിനെതിരെ താരങ്ങള്‍ അടക്കം രംഗത്ത് എത്തുന്നുണ്ട്. ആക്ഷേപിക്കപ്പെടുന്നത് ഇപ്പോഴും കുറവല്ല. ബോഡി ഷെയ്‍മിംഗിനെതിരെ പ്രതികരിക്കുകയാണ് വേണ്ടത് എന്നും സ്വന്തം ആരോഗ്യത്തിലും സന്തോഷത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കി ആത്മവിശ്വാസം പകര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് നടി സമീറ റെഡ്ഢി.
ഒരു ആരാധികയില്‍ നിന്ന് കിട്ടിയ സന്ദേശത്തെ തുടര്‍ന്ന് മേയ്‍ക്കപ്പ് ഇല്ലാതെ വന്നാണ് സമീറ റെഡ്ഢി ബോഡി ഷെയ്‍മിംഗിന് എതിരെ പ്രതികരിച്ചത്. ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ അയച്ച സന്ദേശമാണ് ഇപ്പോള്‍ ബോഡി ഷെയ്‍മിംഗിന് എതിരെ പ്രതികരിക്കാൻ കാരണം എന്ന് നടി പറയുന്നു. പ്രസവം കഴിഞ്ഞ അവരെ കാണാൻ ഒട്ടും സൗന്ദര്യമില്ലെന്നാണ് പറയുന്നത്. എന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ അവരെ സങ്കടപ്പെടുത്തുന്നുവെന്നും പറഞ്ഞു. അതൊകൊണ്ടാണ് ഉറക്കമുണര്‍ന്ന രൂപത്തില്‍ ഒരു മെയ്‍ക്കപ്പ് പോലും ഇല്ലാതെ വരാൻ തീരുമാനിച്ചത് എന്ന് സമീറ റെഡ്ഢി പറയുന്നു.
രൂപമല്ല പ്രധാനം. ആരോഗ്യമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ കാണുന്നതുപോലെ പാടുകളൊന്നുമില്ലാത്ത ചർമ്മമല്ല തന്റേത് എന്നും സമീറ റെഡ്ഢി പറയുന്നു.
മെലിയുക എന്നതല്ല ആരോഗ്യമുണ്ടാകാനാണ് ശ്രമിക്കേണ്ടത്. അമ്മയെന്ന അവസ്ഥ ആസ്വദിക്കുക. സമയമാകുമ്പോൾ അനാവശ്യ ഫാറ്റ് കളയാം. ഇപ്പോള്‍ മെലിയാനല്ല ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത് എന്ന് സമീറ റെഡ്ഢി സന്ദേശം അയച്ച ആളോട് എന്നോണം പറയുന്നു.
ഒരിക്കലും എന്നെ താരതമ്യം ചെയ്യുന്നത് ഞാൻ പ്രോത്സാഹിപ്പിക്കാറില്ല. കാരണം ഞാനും അങ്ങനെ താരതമ്യം കേട്ടിട്ടുണ്ട്. മെലിഞ്ഞ ബന്ധുക്കളുമായാണ് എന്നെ താരതമ്യം ചെയ്‍തത്. സിനിമയില്‍ വന്നപ്പോഴും താരതമ്യം ചെയ്യപ്പെട്ടു. ശരീരം ഫിറ്റാകാൻ പാഡുകള്‍ ഉപയോഗിച്ചു. അവസാനം മടുത്തു. അങ്ങനെയാണ് ബോഡി ഷെയ്‍മിംഗിന് എതിരെ പ്രതികരിക്കാൻ തുടങ്ങിയത് എന്നും സമീറ റെഡ്ഢി പറയുന്നു.
സമീറ റെഡ്ഢി മുമ്പും ബോഡി ഷെയ്‍മിംഗിന് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
ഒരു നാള്‍ വരും എന്ന മോഹൻലാല്‍ സിനിമയില്‍ നായികയായി മലയാളത്തിലും അഭിനയിച്ച നടിയാണ് സമീറ റെഡ്ഢി.