- Home
- Entertainment
- News (Entertainment)
- റീലുത്സവത്തിന്‍റെ ആറാം നാൾ; തിയറ്ററുകൾ നിറഞ്ഞ് ചലച്ചിത്രാസ്വാദകർ
റീലുത്സവത്തിന്‍റെ ആറാം നാൾ; തിയറ്ററുകൾ നിറഞ്ഞ് ചലച്ചിത്രാസ്വാദകർ
കേരള രാജ്യാന്തര ചലച്ചിത്രമേള മികച്ച സിനിമകളുടെ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി. സൗഹൃദം നിറഞ്ഞ തിയറ്റർ പരിസരങ്ങൾ പ്രേക്ഷകരെ കൂടുതൽ സിനിമകൾ കാണാൻ പ്രേരിപ്പിക്കുന്നു. വൈവിധ്യമാർന്ന മാനവിക-കലാമൂല്യങ്ങളും പ്രമുഖരുടെ സാന്നിധ്യവും മേളയെ സമ്പന്നമാക്കുന്നു.

ഐഎഫ്എഫ്കെയുടെ ആറാം ദിനമായ ഇന്നും എല്ലാ തിയറ്ററുകളിലും നിറഞ്ഞ പ്രേക്ഷക പങ്കാളിത്തമാണ് കാണാന്‍ സാധിച്ചത്. പ്രദർശിപ്പിച്ച 67 സിനിമകളിൽ മിക്കവയും മികച്ച അഭിപ്രായവും നേടി മുന്നേറി. ഇതില്‍ മലയാളം ഉള്‍പ്പടെയുള്ള സിനിമകളുമുണ്ട്.
ഇക്കൊല്ലത്തെ കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ്പ്രീ അവാർഡ് സ്വന്തമാക്കിയ പായൽ കപാഡിയ ചിത്രം 'പ്രഭയായ് നിനച്ചതെല്ലാം' ടാഗോർ തിയേറ്ററിലെ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു.
സമൂഹത്തിന്റെ സ്ത്രീ സൗന്ദര്യസങ്കൽപ്പങ്ങൾ പ്രമേയമായ 'ദ സബ്സ്റ്റൻസി'ന്റെ മൂന്നാം പ്രദർശനത്തിനും കാണികൾ ഏറെയായിരുന്നു.
ആദ്യ പ്രദർശനങ്ങളിൽ മികച്ച അഭിപ്രായം നേടിയ 'കോൺക്ലേവ്','അനോറ', 'ഫെമിനിച്ചി ഫാത്തിമ', 'കാമദേവൻ നക്ഷത്രം കണ്ടു','ഭാഗ്ജാൻ','ദ ഷെയിംലെസ്' തുടങ്ങിയ ചിത്രങ്ങൾ വീണ്ടും പ്രദർശിപ്പിച്ചു.
മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ ഭരതൻ സംവിധാനം ചെയ്ത അമരവും ഹോമേജ് വിഭാഗത്തിൽ ഹരികുമാറിന്റെ സുകൃതവും പ്രദർശിപ്പിച്ചു.
ടാഗോർ തിയറ്ററിൽ നടന്ന 'മീറ്റ് ദ ഡയറക്ടർ 'ചർച്ചയിൽ മീരാ സാഹിബ് മോഡറേറ്ററായി. മികച്ച സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചത്.
സംവിധായകരായ ശോഭന പടിഞ്ഞാറ്റിൽ (ഗേൾ ഫ്രണ്ട്സ്), ഭരത് സിംഗ് പരിഹർ (ഷീപ് ബാൺ), ജയചിങ് ജായി ദേഹോത്യ (ബാഗ്ജാൻ), അഭിനേതാക്കളായ പൗളിന ബെർണിനി (മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി), മോനൂജ് ബോർകകോതൈ (ബാഗ്ജാൻ) സഹർ സ്തുദേഹ് (വെയിറ്റ് അൺടിൽ സ്പ്രിങ്), ജമീലിയ ബാഗ്ദാഹ് (എൽബോ), ,കഥാകൃത്തായ രമേന്ദ്ര സിംഗ് (ഷീപ് ബാൺ), നിർമ്മാതാവായ ഡാനിയേൽ സേർജ് (അനിമൽ ഹ്യൂമനോ) എന്നിവർ പങ്കെടുത്തു. പരിപാടിയിൽ സംവിധായകൻ ബാലു കിരിയത്ത് നന്ദി പറഞ്ഞു.
2:30ന് നിള തിയേറ്ററിൽ നടന്ന ഇൻ കോൺവെർസേഷനിൽ കാൻ പുരസ്‌കാര ജേതാവായ പായൽ കപാഡിയ അതിഥിയായി. തിയേറ്റർ നിറഞ്ഞ ജനപങ്കാളിത്തമായിരുന്നു കപാഡിയയുടെ സംഭാഷണ പരിപാടിക്ക്.
വൈകീട്ട് അഞ്ചിന് ടാഗോർ പരിസരത്ത് നടന്ന ഓപ്പൺ ഫോറത്തിൽ ഫിപ്രസി സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യ - റിയാലിറ്റി ആൻഡ് സിനിമ എന്നതായിരുന്നു ചർച്ചാ വിഷയം.
ഗിരീഷ് കാസറവള്ളി ഉദ്ഘാടനം ചെയ്ത ചടങ്ങ് സച്ചിൻ ചാട്ടെ മോഡറേറ്റ് ചെയ്തു. വി.കെ.ജോസഫ്, നമ്രത റാവു, മധു ജനാർദ്ദനൻ, ശ്രീദേവി പി അരവിന്ദ്, സുഭ്രത ബ്യൂറ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വൈകുന്നേരം മാനവീയം വീഥിയിൽ കലാ സംസ്‌കാരിക പരിപാടികൾ അരങ്ങേറി. വര്‍ണാഭമായ കലാപരിപാടികള്‍ കണ്ടാസ്വദിച്ച് ഒട്ടനവധി ഡെലിഗേറ്റുകളും ഒപ്പം കൂടി.
ഡിസംബര്‍ 20 വെള്ളിയാഴ്ച ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയ്ക്ക് തിരശ്ശീല വീഴും. പുത്തന്‍ വര്‍ഷത്തില്‍ പുതിയ സനിമകള്‍ കാണാനായി സിനിമാപ്രേമികളുടെ കാത്തിരിപ്പ് വീണ്ടും തുടരും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ