'ക്ലാസ് ഈസ് പെര്‍മനന്‍റ്'; ഉര്‍വ്വശിക്ക് കൈയ്യടിച്ച് തമിഴ് സിനിമാപ്രേമികള്‍
മറുഭാഷാ സിനിമകളില്‍ അഭിനയിച്ച് അവിടുത്തെ പ്രേക്ഷകരുടെ കൈയ്യടി നേടുന്ന മലയാളി താരങ്ങള്‍ എന്നത് പുതുമയല്ല. തമിഴിലെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്ന് വിശേഷണമുള്ള നയന്‍താര തന്നെ അതിന്‍റെ സമീപകാല ഉദാഹരണം. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ പല കാലങ്ങളിലായി അഭിനയിച്ച അപൂര്‍വ്വം മറുഭാഷാ സിനിമകളിലൂടെ കൈയ്യടികള്‍ നേടിയിട്ടുണ്ട്. അതേസമയം ലീഡ് റോളുകള്‍ ഒഴിവാക്കിയാല്‍ ക്യാരക്ടര്‍ റോളുകളില്‍ അഭിനയിച്ച് അത്തരത്തില്‍ കൈയ്യടി നേടിയ താരങ്ങള്‍ കുറവാണെന്നും കാണാം. കാമ്പുള്ള ക്യാരക്ടര്‍ റോളുകളിലേക്ക് മലയാളി അഭിനേതാക്കളെ തേടി മറുഭാഷാ അവസരങ്ങള്‍ കുറവാണ് വരാറ് എന്നതുതന്നെ കാരണം. പക്ഷേ അതിന് അപവാദമായ താരങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനിയാണ് ഉര്‍വ്വശി. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഉര്‍വ്വശി ചെയ്തത്രയും കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്ന് മറ്റൊരാളും അവതരിപ്പിച്ചിട്ടുണ്ടാവില്ല.
ഇപ്പോഴിതാ ഒരു മാസത്തിനുള്ളില്‍ മൂന്ന് തമിഴ് സിനിമകളില്‍ തികച്ചും വ്യത്യസ്തരായ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുകയാണ് ഉര്‍വ്വശി. മൂന്നും പേര്‍ക്കും മൂന്ന് വ്യത്യസ്ത മാനങ്ങളിലൂന്നിയ പ്രകടനം കാഴ്ചവച്ച ഉര്‍വ്വശിക്ക് സോഷ്യല്‍ മീഡിയയിലെല്ലാം അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. 'Form is temporary, Class in permanent' എന്നാണ് ഉര്‍വ്വശിയുടെ പ്രകടനത്തെക്കുറിച്ച് ട്വിറ്ററില്‍ പലരും കുറിക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററിലെ ട്രെന്‍ഡിംഗ് ടോപ്പിക്കും ആയിരുന്നു #Urvashi.
പുത്തം പുതു കാലൈ- കൊവിഡ് കാലത്ത് ആമസോണ്‍ പ്രൈമിലൂടെ പുറത്തെത്തിയ തമിഴ് ആന്തോളജി ചിത്രമായിരുന്നു 'പുത്തം പുതു കാലൈ'. 'സൂരറൈ പോട്രി'ന്‍റെ സംവിധായിക ഒരുക്കിയ 'ഇളമൈ ഇതോ ഇതോ' എന്ന ലഘുചിത്രത്തില്‍ ജയറാമിനൊപ്പമാണ് ഉര്‍വ്വശി അഭിനയിച്ചത്. മധ്യവയസ്കരും പ്രണയികളുമായ ഒരു സ്ത്രീയ്ക്കുമിടയില്‍ സംഭവിക്കുന്ന ചില ദിവസങ്ങളാണ് ചിത്രം. 'ലക്ഷ്‍മി കൃഷ്ണന്‍' എന്ന കഥാപാത്രമായാണ് ഉര്‍വ്വശി എത്തിയത്.
സൂരറൈ പോട്ര്- വലിയ ഇടവേളയ്ക്കു ശേഷം നടന്‍ സൂര്യയ്ക്ക് ഒരു ഹിറ്റ് നല്‍കിയിരിക്കുകയാണ് ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ 'സൂരറൈ പോട്ര്'. എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ 'നെടുമാരന്‍ രാജംഗം' എന്നാണ് സൂര്യയുടെ കഥാപാത്രത്തിന്‍റെ പേര്. നെടുമാരന്‍റെ അമ്മ 'പേച്ചി' എന്ന കഥാപാത്രമായാണ് ഉര്‍വ്വശി എത്തിയിരിക്കുന്നത്.
മൂക്കുത്തി അമ്മന്‍- നയന്‍താര ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സൂരറൈ പോട്രിന് തൊട്ടുപിന്നാലെയാണ് ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തിയത്. ചിത്രത്തിന്‍റെ സംവിധായകരില്‍ ഒരാള്‍ കൂടിയായ ആര്‍ ജെ ബാലാജി അവതരിപ്പിക്കുന്ന 'എംഗല്‍സ് രാമസാമി'യുടെ അമ്മയായാണ് ചിത്രത്തില്‍ ഉര്‍വ്വശി എത്തിയിരിക്കുന്നത്.
ദീപാവലി റിലീസുകളായി, രണ്ട് ദിവസത്തെ ഇടവേളയിലെത്തിയ രണ്ട് ചിത്രങ്ങളിലെ തികച്ചും വ്യത്യസ്തരായ രണ്ട് അമ്മമാരാണ് ഉര്‍വ്വശിക്ക് കൈയ്യടി നേടിക്കൊടുക്കുന്നത്.
രണ്ടും സൂപ്പര്‍താര ചിത്രങ്ങളായതിനാല്‍ വേണ്ടുവോളം പ്രേക്ഷകശ്രദ്ധയും ലഭിച്ചിരുന്നു.
ഈ രണ്ട് കഥാപാത്രങ്ങളില്‍നിന്നും വ്യത്യസ്തയായ 'പുത്തം പുതു കാലൈ'യിലെ 'ലക്ഷ്മി കൃഷ്ണ'നെയും ട്വിറ്റര്‍ ചര്‍ച്ചകളിലേക്ക് സിനിമാപ്രേമികള്‍ കൊണ്ടുവന്നു.
മൂന്ന് കഥാപാത്രങ്ങളുടെയും ചിത്രങ്ങള്‍ ചേര്‍ത്തുള്ള പോസ്റ്റുകള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും വൈറല്‍ ആയി.
'സ്റ്റാര്‍ ഓഫ് ദി സീസണ്‍' എന്നാണ് ഉര്‍വ്വശിയെ പ്രേക്ഷകരില്‍ ചിലര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
മുപ്പത് ദിവസത്തിനുള്ളില്‍ റിലീസ് ചെയ്യപ്പെട്ട മൂന്ന് ചിത്രങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങള്‍ എന്നത് പ്രേക്ഷകര്‍ക്ക് ഉര്‍വ്വശിയുടെ അഭിനയപ്രതിഭയ്ക്ക് കൈയ്യടിക്കാനുള്ള അവസരമായി മാറി.
അതേസമയം മലയാളികളായ ചില സിനിമാപ്രേമികള്‍ ഉര്‍വ്വശിയുടേതായി മലയാളത്തില്‍ അവസാനമെത്തിയ 'വരനെ ആവശ്യമുണ്ടി'ലെ കഥാപാത്രത്തെയും ഈ ചര്‍ച്ചകളിലേക്ക് എത്തിച്ചു.
സുരേഷ് ഗോപിയും ശോഭനയും കല്യാണി പ്രിയദര്‍ശനും ദുല്‍ഖറുമൊക്കെ ഉണ്ടായിരുന്ന ചിത്രത്തിലെ ചുരുങ്ങിയ രംഗങ്ങളിലൂടെ ഏറ്റവും കൈയ്യടികള്‍ നേടിയത് ഉര്‍വ്വശി ആയിരുന്നു. റിലീസ് സമയത്ത് സോഷ്യല്‍ മീഡിയാ സിനിമാഗ്രൂപ്പുകളില്‍ ചിത്രത്തിലെ ഉര്‍വ്വശിയുടെ സാന്നിധ്യം ചര്‍ച്ചയായിരുന്നു.
ഉര്‍വ്വശി അഭിനയിച്ച പല പഴയ ചിത്രങ്ങളിലെയും അവിസ്മരണീയ പ്രകടനങ്ങളുടെ ചിത്രങ്ങളും ഈ ചര്‍ച്ചകളിലേക്ക് എത്തുന്നുണ്ട്.
നാല് തെന്നിന്ത്യന്‍ ഭാഷകളിലുമായി അഞ്ഞൂറിലേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഉര്‍വ്വശിക്ക് ഒരു വട്ടമാണ് ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളത്. 'അച്ചുവിന്‍റെ അമ്മ' (2006)യിലെ പ്രകടനത്തിന് മികച്ച സ്വഭാവനടിക്കുള്ള പുരസ്കാരമായിരുന്നു അത്.
കേരള സര്‍ക്കാരിന്‍റെ മികച്ച നടിക്കുള്ള പുരസ്കാരം അഞ്ച് തവണ ഉര്‍വ്വശിയെ തേടിയെത്തി.
ഏതെങ്കിലും ഒരു ഇമേജില്‍ ഒരു കാലത്തും കുരുങ്ങിപ്പോയിട്ടില്ല ഈ നടി. ഗൗരവമുള്ള കഥാപാത്രങ്ങളും ഹാസ്യരസപ്രധാനമായ കഥാപാത്രങ്ങളുമൊക്കെ എക്കാലവും ആ കൈകളില്‍ ഭദ്രമായിരുന്നു. (ചിത്രം: 'സ്ഫടിക'ത്തിലെ തുളസി- 1995)
തമിഴ്നാട് സര്‍ക്കാരിന്‍റെ ചലച്ചിത്ര അവാര്‍ഡുകള്‍ രണ്ടുതവണ ഉര്‍വ്വശിയെ തേടിയെത്തി. (ചിത്രം: പ്രത്യേക പുരസ്കാരം നേടിക്കൊടുത്ത 'മഗളിര്‍ മട്ടും'- 1994)