മാമ്പഴം പെട്ടെന്ന് ചീത്തയാകുന്നുണ്ടോ? ഫ്രഷായിരിക്കാൻ ഇതാ ചില പൊടിക്കൈകൾ
മാമ്പഴം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. ഇപ്പോൾ മാമ്പഴക്കാലമാണ്. എന്നാൽ ഇത് ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ എളുപ്പം കേടായിപ്പോകും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

വാങ്ങുമ്പോൾ ശ്രദ്ധിക്കാം
പലരും നന്നായി പഴുത്ത്, മൃദുവായ മാമ്പഴമാണ് തിരഞ്ഞെടുക്കുക. എന്നാൽ പകുതി പഴുത്തതോ, അൽപ്പം കട്ടിയുള്ളതോ ആയ മാമ്പഴം വാങ്ങുന്നതാണ് എപ്പോഴും നല്ലത്. അതേസമയം കേടുവന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തണം.

സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
മാമ്പഴം സ്വാഭാവികമായി എഥിലീൻ എന്ന വാതകം പുറത്തുവിടും. ഇതാണ് പഴങ്ങൾ വേഗം പഴുക്കാൻ സഹായിക്കുന്നത്. അതുകൊണ്ട്, നന്നായി പഴുത്ത മാമ്പഴവും പച്ച മാങ്ങയും ഒരുമിച്ച് വെക്കരുത്.
വായുസഞ്ചാരം
മാമ്പഴത്തിന് നല്ല വായുസഞ്ചാരം കിട്ടേണ്ടത് അത്യാവശ്യമാണ്. കടയിൽ നിന്ന് കൊണ്ടുവന്ന ഉടൻ തന്നെ പ്ലാസ്റ്റിക് കവറിൽ നിന്ന് പുറത്തെടുക്കുക. പ്ലാസ്റ്റിക് കവറിൽ വെച്ചാൽ ചൂടുകൂടി മാമ്പഴം വിയർക്കുകയും ബാക്ടീരിയ വന്ന് വേഗം അഴുകിപ്പോകുകയും ചെയ്യും.
കഴുകരുത്
മാമ്പഴം സൂക്ഷിക്കുന്നതിന് മുൻപ് കഴുകരുത്. നനവുണ്ടെങ്കിൽ പൂപ്പൽ പിടിക്കാൻ സാധ്യതയുണ്ട്. ഈർപ്പം തങ്ങി നിന്നാൽ മാമ്പഴം പെട്ടെന്ന് കേടുവരും.
ഫ്രിഡ്ജിൽ വയ്ക്കരുത്
പച്ചയോ മുഴുവനായി പഴുക്കാത്ത മാമ്പഴമോ ഫ്രിഡ്ജിൽ വെക്കരുത്. റൂം ടെമ്പറേച്ചറിൽ വെച്ച് പൂർണ്ണമായി പഴുത്തതിന് ശേഷം മാത്രം ഫ്രിഡ്ജിൽ വെക്കുക.

