- Home
- Sports
- Football
- ലോകകപ്പ് നോക്കൗട്ടിലെ ആദ്യ ഗോള്‍, ഫിഫ പവര്‍ റാങ്കിംഗിൽ വൻ കുതിപ്പുമായി റൊണാള്‍ഡോ, ഒറ്റയടിക്ക് കയറിയത് 38 സ്ഥാനങ്ങള്‍
ലോകകപ്പ് നോക്കൗട്ടിലെ ആദ്യ ഗോള്‍, ഫിഫ പവര്‍ റാങ്കിംഗിൽ വൻ കുതിപ്പുമായി റൊണാള്‍ഡോ, ഒറ്റയടിക്ക് കയറിയത് 38 സ്ഥാനങ്ങള്‍
ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, ലയണൽ മെസിയാണ് രണ്ടാമത്. ഹാരി കെയ്ൻ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ താരങ്ങൾ റാങ്കിംഗിൽ വലിയ മുന്നേറ്റം നടത്തി.

നോക്കൗട്ടിലെ പവര്‍ റാങ്കിംഗ്
ഫിഫ ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെ കളിക്കാരുടെ പവര്‍ റാങ്കിംഗ് പുറത്തുവിട്ട് ഫിഫ. ഇതാദ്യമായാണ് ഫിഫ ലോകകപ്പിലെ കളിക്കാരുടെ പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തി ഫിഫ പവര്‍ റാങ്കിംഗ് ഏര്‍പ്പെടുത്തിയത്. നോക്കൗട്ടിലെ ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് കളിക്കാരുടെ ഇപ്പോഴത്ത റാങ്കിംഗ് തീരുമാനിച്ചത്.
പരിഗണിക്കുന്നത് എന്തൊക്കെ
കളിക്കാരുടെ ഗ്രൗണ്ടിലെ കൃത്യമായ ഡാറ്റ അടിസ്ഥാനമാക്കി ഫിഫ പുതുതായി അവതരിപ്പിച്ച റാങ്കിംഗ് സമ്പ്രദയാമാണിത്. ആക്രമണം ക്രിയേറ്റിവിറ്റി, പ്രതിരോധം എന്നീ മൂന്ന് വിഭാഗങ്ങളിലായി 0 മുതൽ 10 വരെയുള്ള സ്കോറുകൾ വിലയിരുത്തിയാണ് ഫിഫ പവർ റാങ്കിംഗ് നിശ്ചയിക്കുന്നത്.
എംബാപ്പെക്ക് ഇളക്കമില്ല
നോക്കൗട്ടില്‍ സ്വീഡനെതിരായ ഇരട്ടഗോള്‍ പ്രകടനത്തോടെ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് റേസിൽ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയെ പിന്തള്ളിയ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയന്‍ എംബാപ്പെ തന്നെയാണ് ഫിഫ പവര്‍ റാങ്കിംഗിഷൽ ഇപ്പോഴും ഒന്നാമത്. അറ്റാക്കിംഗില്‍ 8.6 ക്രിയേറ്റിവിറ്റിയില്‍ 7.62, ഡിഫന്‍ഡിംഗ് 4.73 എന്നിങ്ങനെയാണ് സ്കോര്‍.
മെസി രണ്ടാമത്
നോക്കൗട്ടിലെ ആദ്യ മത്സരത്തിന് നാളെ കേപ്‌വെര്‍ദെക്കെതിരെ ബൂട്ട് കെട്ടുന്ന അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയാണ് ഫിഫ പവര്‍ റാങ്കിംഗില്‍ രണ്ടാമത്. ആറു ഗോളുമായി എംബാപ്പെക്കൊപ്പം ലോകകപ്പിലെ ടോപ് സ്കോററായ മെസിക്ക് അറ്റാക്കിംഗില്‍ 8.1 ക്രിയേറ്റിവിറ്റിയില്‍ 6.46 ഡിഫന്‍ഡിംഗ് 5.72 എന്നിങ്ങനെയാണ് മെസിയുടെ സ്കോര്‍.
കുതിച്ചുയര്‍ന്ന് ഹാരി കെയ്ൻ
ഡി ആര്‍ കോംഗോക്കെതിരായ ഇരട്ട ഗോള്‍ പ്രകടനത്തോടെ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ 21 സ്ഥാനങ്ങള്‍ കുതിച്ച് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരു മാറ്റം. അറ്റാക്കിംഗില്‍ 7.36 ക്രിയേറ്റിവിറ്റിയില്‍ 4.98 ഡിഫന്‍ഡിംഗ് 5.14 എന്നിങ്ങനെയാണ് ഹാരി കെയ്നിന്‍റെ സ്കോര്‍.
റൊണാള്‍ഡോയുടെ റെക്കോര്‍ഡ് കുതിപ്പ്
നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് മുമ്പ് 74-ാം സ്ഥാനത്തായിരുന്ന പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്രൊയേഷ്യക്കെതിരെ ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തിലെ ആദ്യ ഗോള്‍ നേടുകയും കളിയിലെ താരമാകുകയും ചെയ്തതോടെ റൊണാള്‍ഡോ 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 42-ാം സ്ഥാനത്തെത്തി.അറ്റാക്കിംഗില്‍ 5.91 ക്രിയേറ്റിവിറ്റിയില്‍ 4.89 ഡിഫന്‍ഡിംഗ് 4.62 എന്നിങ്ങനെയാണ് റൊണാള്‍ഡോയുടെ സ്കോര്‍.
ക്വിനോനൊസിനും നേട്ടം
ഇക്വോഡറിനെതിരായ നോക്കൗട്ട് മത്സരത്തിലെ ഗോളോടെ മെക്സിക്കോ താരം ഹൂലിയൻ ക്വിനൊനോസ് 30 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 11-ാം സ്ഥാനത്തെത്തിയതാണ് മറ്റൊരു മാറ്റം.അറ്റാക്കിംഗില്‍ 6.69 ക്രിയേറ്റിവിറ്റിയില്‍ 6.64 ഡിഫന്‍ഡിംഗ് 5.39 എന്നിങ്ങനെയാണ് ക്വിനോനൊസിന്‍റെ സ്കോര്‍.
വിനീഷ്യസിന് സ്ഥാനനഷ്ടം
ജപ്പാനെതിരായ നോക്കൗട്ട് മത്സരത്തില്‍ മികവ് കാട്ടിയെങ്കിലും ഗോളടിക്കാന്‍ കഴിയാതിരുന്നതോടെ ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ മൂന്ന് സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്തേക്ക് വീണു. ടൂര്‍ണമെന്‍റില്‍ നാലു ഗോളുകളുമായി ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് വിനീഷ്യസ്.
ഡെംബലെയും വീണു
നോര്‍വെക്കെതിരായ മത്സരത്തിലെ ഹാട്രിക് പ്രകടനത്തോടെ മുന്നേറിയ ഫ്രാന്‍സിന്‍റെ ഉസ്മാന്‍ ഡെംബലെക്ക് സ്വീഡനെതിരെ നിരാശപ്പെടുത്തിയതോടെ ഫിഫ പവര്‍ റാങ്കിംഗില്‍ രണ്ട് സ്ഥാനം നഷ്ടമായി. പുതിയ റാങ്കിംഗില്‍ എടടാം സ്ഥാനത്താണ് ഡെംബെലെ.
ഗോള്‍ കീപ്പര്‍മാരില്‍ ഒര്‍ലാന്‍ഡോ ഗില്‍
ഇംഗ്ലണ്ടിനെതിരെ കോംഗോയുടെ ലയണല്‍ എംപാസി തിളങ്ങിയെങ്കിലും പവര്‍ റാങ്കിംഗില്‍ ഏറ്റവും മികച്ച റാങ്കിംഗ് ഇപ്പോഴും ജര്‍മനിക്കെതിരായ നോക്കൗട്ടില്‍ വീരോചിത പ്രകടനം പുറത്തെടുത്ത പരാഗ്വേയ് ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലാണ്. 8.08 പോയിന്‍റുമായാണ് ഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!