- Home
- Sports
- Football
- മെസിയുടെ സിംഹാസനം സ്വന്തമാക്കി എംബാപ്പെ, ലോകകപ്പ് ചരിത്രത്തിലെ ടോപ് സ്കോറർ; ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും വൻ ട്വിസ്റ്റ്
മെസിയുടെ സിംഹാസനം സ്വന്തമാക്കി എംബാപ്പെ, ലോകകപ്പ് ചരിത്രത്തിലെ ടോപ് സ്കോറർ; ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും വൻ ട്വിസ്റ്റ്
ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനായി കിലിയൻ എംബാപ്പെ മാറി, 22 ഗോളുകളുമായി ലയണൽ മെസിയെ മറികടന്നു.

ഗോള്‍വേട്ടയില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ
ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും പുതിയൊരു ചരിത്രം കുറിച്ച് ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡിൽ അർജന്‍റീന ഇതിഹാസം ലയണൽ മെസിയെ എംബാപ്പെ മറികടന്നു.
മെസിക്ക് മുന്നില്‍
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ എംബാപ്പെ 22 ഗോളുകളോടെ ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനായി. 21 ഗോളുകളുള്ള മെസിയെ ആണ് എംബാപ്പെ പിന്നിലാക്കിയത്. ലൂസേഴ്സ് ഫൈനലിന് മുമ്പ് മെസിക്ക് ഒരു ഗോള്‍ പിന്നിലായിരുന്നു എംബാപ്പെ.
അതിവേഗ റെക്കോര്‍ഡ്
ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ എക്കാലത്തെയും വലിയ ടോപ് സ്കോററാവുന്ന കളിക്കാരനെന്ന റെക്കോര്‍ഡും എംബാപ്പെ സ്വന്തമാക്കി. ലോകകപ്പില്‍ കളിച്ച വെറും 22 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് എംബാപ്പെ 22 ഗോളുകൾ അടിച്ചുകൂട്ടിയത്.
ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും വന്‍ ട്വിസ്റ്റ്
ഇന്നലെ ഇംഗ്ലണ്ടിനെതിരെ ഇരട്ട ഗോള്‍ നേടിയതോടെ ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് റേസിലും മെസിയെ മറികടന്ന് എംബാപ്പെ ഒന്നാമതെത്തി. 10 ഗോളുകും നാല് അസിസ്റ്റുകളുമായാണ് എംബാപ്പെ മെസിയെക്കാള്‍ ബഹുദൂരം മുന്നിലെത്തിയത്.
ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ഇത്തവണ മെസിക്കില്ലേ
സ്പെയിനിനെതിരായ ഫൈനലില്‍ ഹാട്രിക് നേടുകയോ രണ്ട് ഗോളും ഒരു അസിസ്റ്റും നല്‍കുകയോ ചെയ്താല്‍ മാത്രമെ എംബാപ്പെയെ മറികടന്ന് മെസിക്ക് ഇനി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ കഴിയൂ. എട്ട് ഗോളും നാല് അസിസ്റ്റുകളാുമാണ് നിലവില്‍ മെസിയുടെ പേരിലുള്ളത്. 2014ലും 2022ലും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ മെസിക്കായിരുന്നു.
സ്പെയിനിനെതിരെ എളുപ്പമല്ല
സ്പെയിനിനെപ്പോലെ കടുപ്പമേറിയ പ്രതിരോധമുള്ളൊരു ടീമിനെതിരെ ഹാട്രിക് നേടുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ അസാധ്യമായത് സാധ്യമാക്കിയാല്‍ മെസിക്ക് ലോകകപ്പ് കരിയറിലെ ആദ്യ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാം. ഈ ലോകകപ്പില്‍ സ്പെയിന്‍ ആകെ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. സെമിയില്‍ ഫ്രാൻസിനെതിരെ.
ഗോള്‍വേട്ടയില്‍ എംബാപ്പെയെ മറികടക്കാൻ വേണ്ടത് 2 ഗോള്‍
ഇന്ന് സ്പെയിനിനെതിരെ ഒരു ഗോള്‍ നേടിയാൽ ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോള്‍ വേട്ടക്കാരില്‍ മെസിക്ക് എംംബാപ്പെക്ക് ഒപ്പമെത്താം. രണ്ട് ഗോള്‍ നേടിയാല്‍ 23 ഗോളുകളുമായി ഒന്നാമനായി ഈ ലോകകപ്പിനോട് വിട പറയാം.
അസിസ്റ്റുകളുടെ തമ്പുരാനായി ഒലീസെ
ലോകകപ്പില്‍ ഒരു ഗോള്‍ പോലും അടിച്ചില്ലെങ്കിലും ഫ്രാൻസിന്‍റെ മൈക്കല്‍ ഒലീസെ ഇന്നലെ ഒരു അപൂര്‍വ റെക്കോര്‍ഡ് കുറിച്ചു, കഴിഞ്ഞ 60 വര്‍ഷത്തിനിടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരമെന്ന റെക്കോര്‍ഡാണ് ഒലീസെ സ്വന്തമാക്കിയത്. ഇന്നലെ എംബാപ്പെക്ക് ഗോളടിക്കാന്‍ അസിസ്റ്റ് നല്‍കിയതോടെ ഈ ലോകകപ്പിൽ മാത്രം ഒലീസെ നല്‍കിയ അസിസ്റ്റുകളുടെ എണ്ണം ഏഴായി. 1970ൽ ആറ് അസിസ്റ്റുകള്‍ നല്‍കിയശേഷം ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കുന്ന താരമായി ഒലീസെ.
ഗോള്‍ ആറാട്ട്
ഗോള്‍ ആറാട്ട് കണ്ട ലൂസേഴ്സ് ഫൈനലില്‍ തോമസ് ടുഷേലിന്റെ ഇംഗ്ലണ്ട് നാലിനെതിരെ ആറ് ഗോളുകൾക്കാണ് (6-4) ഫ്രാൻസിനെ തോല്‍പിച്ചത്. ബുക്കായോ സാക്കയുടെ ഹാട്രിക്കിന്‍റെ കരുത്തിലാണ് ഇംഗ്ലണ്ട് ടൂർണമെന്‍റിൽ നിന്ന് വമ്പൻ വിജയത്തോടെ മടങ്ങിയത്. ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് 4-0ന് മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ശക്തമായി ഫ്രാന്‍സ് തിരിച്ചടിച്ചു.
2010ന് ശേഷം ആദ്യം
2010നുശേഷം ആദ്യമായാണ് ഫ്രാന്‍ ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ തോല്‍ക്കുന്നത്. 2010ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മെക്സിക്കോക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയുമായിരുന്നു ഫ്രാന്‍സ് തോറ്റത്. ഇത്തവണ സെമിയില്‍ സ്പെയിനിനോടും ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിനോടും തോറ്റു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!