- Home
- Sports
- Football
- കളി തുടങ്ങും മുൻപേ കോടികൾ, ഫൈനൽ ജയിച്ചാൽ ലോട്ടറി, 7,200 കോടിയുടെ ലോകകപ്പ് സമ്മാന വിഹിതം ഇങ്ങനെ
കളി തുടങ്ങും മുൻപേ കോടികൾ, ഫൈനൽ ജയിച്ചാൽ ലോട്ടറി, 7,200 കോടിയുടെ ലോകകപ്പ് സമ്മാന വിഹിതം ഇങ്ങനെ
2026 ഫിഫ ലോകകപ്പിനായി 871 മില്യൺ ഡോളറിൻ്റെ റെക്കോർഡ് സമ്മാനത്തുകയാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. വിജയിക്കുന്ന ടീമിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 50 മില്യൺ ഡോളർ ലഭിക്കും.

കോടികളുടെ കിരീടപ്പോരാട്ടം
ഫുട്ബോൾ ലോകം കാത്തിരിക്കുന്ന മഹാപോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, 2026 ഫിഫ ലോകകപ്പിലെ സമ്മാനത്തുകയുടെ റെക്കോർഡ് വിവരങ്ങൾ പുറത്ത്. ഇത്തവണ ടൂർണമെന്റിലെ ആകെ സമ്മാനത്തുകയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത് റെക്കോർഡ് തുകയായ 871 മില്യൺ ഡോളറാണ് (ഏകദേശം 7,200 കോടിയിലധികം ഇന്ത്യൻ രൂപ).
വിജയികള്‍ക്ക് വമ്പൻ ലോട്ടറി
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയിനും അർജന്‍റീനയും ഏറ്റുമുട്ടുമ്പോൾ, വിജയികളെ കാത്തിരിക്കുന്നത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ്. കിരീടം ഉയർത്തുന്ന ടീമിന് ഫിഫ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 50 മില്യൺ ഡോളർ((ഏകദേശം 415 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. 2022-ൽ അർജന്റീനയ്ക്ക് ലഭിച്ചതിനേക്കാൾ 8 മില്യൺ ഡോളർ അധികമാണിത്.
രണ്ടാം സ്ഥാനക്കാര്‍ക്കും കൈ നിറയെ സമ്മാനം
ഫൈനലില്‍ തോറ്റ് രണ്ടാം സ്ഥാനക്കാരാവുന്ന ടീമിന് 33 മില്യൺ ഡോളര്‍(ഏകദേശം 274 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. കഴിഞ്ഞ ലോകകപ്പിനെക്കാള്‍ 3 മില്യൺ ഡോളറിന്‍റെ വർധനവാണ് ഫിഫ രണ്ടാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുകയില്‍ വരുത്തിയത്.
തോറ്റെങ്കിലും ഇംഗ്ലണ്ടിനും കിട്ടി കൈനിറയെ
സെമിയില്‍ തോറ്റ് പുറത്തായ ഇംഗ്ലണ്ട് ലൂസേഴ്സ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പിച്ച് മൂന്നാം സ്ഥാനക്കാരായിരുന്നു. മൂന്നാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടിന് 29 മില്യൺ ഡോളര്‍ (ഏകദേശം 240 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്.
ഫ്രാന്‍സിനും നിരാശയില്ല
സെമിയില്‍ സ്പെയിനിനോടും ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിനോടും തോറ്റ് നാലാം സ്ഥാനത്തായെങ്കിലും കിലയന്‍ എംബാപ്പെയുടെ ഫ്രാന്‍സിന് 27 മില്യൺ ഡോളര്‍ (എകദേശം 224 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും.
ഹാളണ്ടിനും സംഘത്തിനും പണക്കിലുക്കം
ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് പുറത്തായ ഏര്ഡലിങ് ഹാളണ്ടിന്‍റെ നോര്‍വെ അടക്കമുള്ള ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍ക്ക് 19 മില്യൺ ഡോളര്‍ വീതം(ഏകദേശം 157 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. നോര്‍വെക്ക് പുറമെ ക്വാര്‍ട്ടറില്‍ പുറത്താ. ബെല്‍ജിയം, സ്വിറ്റ്സര്‍ലൻഡ്, മൊറോക്കോ ടീമുകള്‍ക്കാണ് ഈ തുക ലഭിക്കുക.
ബ്രസീലിനും പോര്‍ച്ചുഗലിനും സമ്മാനം
പ്രീ ക്വാര്‍ട്ടറിലെത്തി പുറത്തായ ടീമുകളായ ബ്രസീല്‍, കാനഡ, പരാഗ്വേ, അമേരിക്ക, മെക്സിക്കോ, പോര്‍ച്ചുഗല്‍, ഈജിപ്ത് ടീമുകള്‍ക്ക് 15 മില്യണ്‍ ഡോളര്‍(124 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും.
നോക്കൗട്ടിലെത്തിയവര്‍ക്ക് 91 കോടി
റൗണ്ട് ഓഫ് 32(നോക്കൗട്ട്) ഘട്ടത്തില്‍ പുറത്തായ ടീമുകള്‍ക്ക് 11 മില്യണ്‍ ഡോളര്‍ വീതം(ഏകദേശം 91 കോടി രൂപ) ഫിഫ സമ്മാനത്തുകയായി നല്‍കി.
ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടീമുകള്‍ക്കും കോടികള്‍
ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ടീമുകള്‍ക്ക് 9 മില്യൺ ഡോളര്‍ വീതം (ഏകദേശം 74 കോടി രൂപ) ഗ്യാരന്‍റീഡ് പ്രൈസ് മണിയായി ഫിഫ കൈമാറിയിരുന്നു.
കളി തുടങ്ങും മുൻപേ കോടികൾ
ടൂർണമെന്‍റിൽ ഒരു മത്സരം പോലും കളിക്കുന്നതിന് മുൻപ് തന്നെ യോഗ്യത നേടിയ 48 ടീമുകൾക്കും ഫിഫ വൻ തുക കൈമാറിയിരുന്നു. യോഗ്യത നേടിയതിനുള്ള 10 മില്യണ്‍ ഡോളറും, ടൂർണമെന്‍റ് ഒരുക്കങ്ങൾക്കായി 2.5 മില്യൺ ഡോളറും ഉൾപ്പെടെ 12.5 മില്യൺ ഡോളര്‍(ഏകദേശം 103 കോടി രൂപ) ഓരോ രാജ്യത്തിനും ഫിഫ തുടക്കത്തിലേ ഉറപ്പാക്കിയിരുന്നു.
2010-ൽ നിന്നും ഇരട്ടിയിലധികം വർധനവ്
ലോകകപ്പിന്‍റെ സാമ്പത്തിക വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. 2010-ൽ സ്പെയിൻ ചാമ്പ്യന്മാരായപ്പോൾ 30 മില്യൺ ഡോളറായിരുന്നു സമ്മാനത്തുക. എന്നാൽ 2026-ൽ എത്തുമ്പോൾ അത് 50 മില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ തവണത്തെ ആകെ സമ്മാനത്തുകയേക്കാൾ 431 മില്യൺ ഡോളറിന്‍റെ വൻ വർദ്ധനവാണ് ഇത്തവണ ഫിഫ വരുത്തിയിരിക്കുന്നത്. ഇതിൽ 655 മില്യൺ ഡോളറും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലുള്ള സമ്മാനത്തുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!