മുഖത്ത് ചെറുനാരങ്ങ തേക്കാന്‍ പാടുണ്ടോ? അറിയേണ്ട അഞ്ച് കാര്യങ്ങള്‍
മുഖം മിനുക്കാന്‍ വീടുകളില്‍ തന്നെ വച്ച് ചെയ്യാവുന്ന പൊടിക്കൈകള്‍ ( Skin Care ) പലതുമുണ്ട്. വീട്ടില്‍ നിത്യോപയോഗത്തിനായി എടുക്കുന്ന പലതും മുഖം ഭംഗിയാക്കാന്‍ കൂടി പ്രയോജനപ്പെടുന്നതാണ്. എന്നാല്‍ ചിലത് നേരിട്ട് വെറുതെ അങ്ങനെ പ്രയോഗിക്കാന്‍ പാടുള്ളതല്ല. ഇവ മുഖചര്‍മ്മത്തെ ദോഷകരമായി ബാധിക്കാം. അത്തരത്തില്‍ നേരിട്ട് മുഖത്ത് പ്രയോഗിക്കരുതാത്ത അഞ്ച് ചേരുവകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്
ചെറുനാരങ്ങ: ചെറുനാരങ്ങാ നീര് സ്‌ക്രബ്ബിലടക്കം മുഖചര്‍മ്മത്തില്‍ പ്രയോഗിക്കാനുള്ളവയില്‍ പല രീതിയില്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ നാരങ്ങ അസിഡിക് ആയതിനാല്‍ തന്നെ ഇത് വെറുതെ മുഖത്ത് തേക്കരുത്. സ്‌കിന്‍ ഡ്രൈ ആകാനും അസഹനീയമായ അസ്വസ്ഥതയ്ക്കും ഇത് കാരണമാകും.
കറുവാപ്പട്ട: ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് കറുവപ്പട്ട. പലപ്പോഴും മുഖത്ത് തേക്കാമെന്ന രീതിയില്‍ പറഞ്ഞുകേള്‍ക്കാറുള്ള പേരാണിത്. എന്നാല്‍ മുഖചര്‍മ്മത്തിന് വളരെയധികം പ്രശ്‌നങ്ങളേല്‍പിക്കാന്‍ സാധ്യതയുള്ള ഒന്നാണിത്. നിറവ്യത്യാസം, പൊള്ളല്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ഉണ്ടാകാം.
സ്‌പൈസസ്: സ്‌പൈസസ് എല്ലാം പൊതുവേ ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണങ്ങളും നല്‍കാറുണ്ട്. എന്നാല്‍ മുഖചര്‍മ്മത്തില്‍ പ്രയോഗിക്കുമ്പോള്‍ നിറവ്യത്യാസം, പൊള്ളല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇവ ഇടയാക്കാം.
വെജിറ്റബിള്‍ ഓയില്‍: മുഖ ചര്‍മ്മത്തിനും പൊതുവേ ചര്‍മ്മത്തിനുമെല്ലാം എണ്ണ തേക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ വെജിറ്റബിള്‍ ഓയില്‍ ഇതിനായി തെരഞ്ഞെടുക്കാതിരിക്കുക. രോമകൂപങ്ങളെ അടയ്ക്കാനും അതുവഴി ചര്‍മ്മം പ്രശ്‌നത്തിലാകാനും ഇത് ഇടയാക്കാം.
ആപ്പിള്‍ സൈഡര്‍ വിനിഗര്‍: ചര്‍മ്മത്തിനടക്കം ആരോഗ്യത്തിന് വളരെയധികം ഗുണപ്പെടുന്ന ഒന്നാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍. എന്നാല്‍ ഇത് ഉപയോഗിക്കുന്നതിന് ചില രീതികളുണ്ട്. നേര്‍പ്പിക്കുന്നതടക്കമുള്ള ഈ രീതികളെല്ലാം മനസിലാക്കിവേണം ഇതുപയോഗിക്കാന്‍.