Health Benefits of Gooseberry : ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ, കാരണം
അൽപം കയ്ക്കുമെങ്കിലും ധാരാളം പോഷകഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...

നെല്ലിക്ക കഴിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം അത് നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു എന്നതാണ്. നെല്ലിക്കയിലെ ആന്റി ബാക്ടീരിയല്‍, രേതസ് ഗുണങ്ങള്‍ ഇതിന് ഗുണം ചെയ്യുന്നു. ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം ഒഴിവാക്കാൻ സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.
കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്കയിലെ കരോട്ടിന്‍ സഹായിക്കുന്നു. തിമിരപ്രശ്‌നങ്ങള്‍, ഇന്‍ട്രാക്യുലര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നതിനും അതുപോലെ തന്നെ ചുവപ്പ്, ചൊറിച്ചില്‍ എന്നിവ തടയുന്നതിനും നെല്ലിക്ക സഹായിക്കുന്നു. പതിവായി നെല്ലിക്ക കഴിക്കുന്നതിലൂടെ മൊത്തത്തിലുള്ള കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുന്നു.
നെല്ലിക്കയില്‍ നല്ല അളവില്‍ ക്രോമിയം അടങ്ങിയിട്ടുണ്ട്. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുന്നതിനും അതുവഴി പ്രമേഹരോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്തുന്നതിനും ഈ ഘടകം സഹായിക്കുന്നു. ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ തോത് നിയന്ത്രിക്കാനും സഹായിക്കുന്നു.
acidity
നെല്ലിക്ക കഴിക്കുന്നതിലൂടെ ഉദരസംബന്ധമായ പ്രശ്‌നമായ അസിഡിറ്റിയെ അകറ്റിനിര്‍ത്താവുന്നതാണ്. മലബന്ധം, അസിഡിറ്റി, അള്‍സര്‍ എന്നിവയ്ക്ക് പരിഹാരമാണ് നെല്ലിക്ക. നാരുകള്‍ അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനം നിയന്ത്രിക്കുകയും അതുവഴി ഹൈപ്പര്‍ അസിഡിറ്റിയും അള്‍സറും കുറയ്ക്കുകയും ചെയ്യുന്നു.
നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രോട്ടീന്‍ ഭക്ഷണത്തോടുള്ള ആസക്തി തടയാന്‍ സഹായിക്കുന്നു. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കുകയും കുറച്ച് ഭക്ഷണം മാത്രം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നെല്ലിക്ക ഉപാപചയ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും നെല്ലിക്ക മികച്ചതാണ്. വിറ്റാമിൻ സി കൊളാജൻ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. അങ്ങനെ നിങ്ങളുടെ ചർമ്മത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam