ചത്ത പന്നിയുടെ അവയവങ്ങള്‍ ഭാഗീകമായി പുനരുജ്ജീവിപ്പിച്ചു; അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവമെന്ന് ഗവേഷകര്‍
ചത്ത് ഒരു മണിക്കൂറിന് ശേഷം പന്നിയുടെ അവയവങ്ങള്‍ ഭാഗീകമായി പുനരുജ്ജീവിപ്പിച്ചെന്ന അവകാശവാദവുമായി യുഎസ് ഗവേഷകര്‍. ഈ സാങ്കേതിക വിദ്യ പൂര്‍ണ്ണസജ്ജമായാല്‍ അവയവമാറ്റ ശസ്ത്രക്രിയാരംഗത്ത് വന്‍ കുതിച്ച് ചാട്ടം തന്നെ സാധ്യമാകുമെന്നും ഇത് വഴി ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ഈ കണ്ടെത്തലുകൾ "യഥാർത്ഥത്തിൽ ശ്രദ്ധേയവും" "അവിശ്വസനീയമാംവിധം പ്രാധാന്യമുള്ളതും" ആണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുഎസ് ഗവേഷകര്‍ പറയുന്നു.
ഹൃദയമിടിപ്പ് നിലയ്ക്കുമ്പോൾ, ശരീരത്തിന് ഓക്സിജനും അതിജീവിക്കാൻ ആവശ്യമായ പോഷകങ്ങളും ലഭിക്കാതെയാകും. ഇതോടെ അവയവങ്ങൾ വീർക്കുന്നു. രക്തക്കുഴലുകൾ തകരുന്നു. കോശങ്ങൾ ( ഇവയാണ് ശരീരത്തിന്‍റെ അവയവങ്ങളുടെ നിർമ്മാണ ബ്ലോക്കുകൾ ) നശിച്ച് തുടങ്ങുന്നു.
ഈ സെല്ലുലാർ മരണം വേഗമേറിയതും ശാശ്വതവുമാണെന്നായിരുന്നു ഇതുവരെ കരുതപ്പെട്ടിരുന്നുത്. എന്നാൽ യേൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഈ രംഗത്ത് വിപ്ലവകരമായ പുരോഗതി കൈവരിച്ചിരിക്കുന്നു. ഒരു മണിക്കൂറോളം ചത്തുകിടക്കുന്ന മൃഗങ്ങളിൽ നിന്നും അവര്‍ ചില നാശനഷ്ടങ്ങൾ ഇല്ലാതാക്കി.
"കോശങ്ങളുടെ ചില പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയും. ഒന്നിലധികം സുപ്രധാന അവയവങ്ങളിൽ, അത് നിർജീവമാകേണ്ടതായിരുന്നു," പ്രൊഫ.നേനാദ് സെസ്താൻ പറഞ്ഞു. " മരണശേഷം ഈ സെല്ലുകൾ പ്രവർത്തിക്കാൻ പാടില്ലാത്തതാണ്. എന്നാല്‍ പുതിയ കണ്ടുപിടിത്തത്തോടെ മരണം സംഭവിച്ച് ഒരു മണിക്കൂറുകൾക്ക് ശേഷവും അവ പ്രവർത്തിക്കുന്നു." അദ്ദേഹം കൂട്ടിചേര്‍ത്തു.
2019 ലാണ് ഈ രംഗത്ത് ആദ്യത്തെ ചുവട്‍വയ്പ്പ് നടത്തിയത്. അന്ന് ഗവേഷക സംഘം പന്നിയുടെ തലച്ചോറില്‍ സമാനമായ ഒരു നേട്ടം കൈവരിച്ചിരുന്നു. ഗവേഷകര്‍ തങ്ങളുടെ പുതിയ സാങ്കേതികവിദ്യയെ ഓര്‍ഗന്‍ എക്സ് (OrganEx)എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് ശരീരം മുഴുവനും പ്രവര്‍ത്തവക്ഷമമാക്കാനുള്ള സാധ്യതയും ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്നു.
ശരീരത്തിന് ചുറ്റും ഓക്സിജൻ കൊണ്ടുപോകാൻ ഒരു സിന്തറ്റിക് രക്തം ഉപയോഗിക്കുന്നു. ഇത് കട്ടപിടിക്കാത്തതിനാൽ പന്നിക്കുള്ളിലെ തകരുന്ന രക്തക്കുഴലുകളെ നിയന്ത്രിക്കാന്‍ കഴിയുന്നു. മരണവേളയില്‍ കോശങ്ങൾ മരിക്കുന്നതിൽ കലാശിക്കുന്ന രാസപ്രക്രിയകളെ തടസ്സപ്പെടുത്താനും (അപ്പോപ്‌ടോസിസ് എന്നറിയപ്പെടുന്നു) രോഗപ്രതിരോധ സംവിധാനത്തെ ശാന്തമാക്കാനും 13 സംയുക്തങ്ങള്‍ അടങ്ങിയ ഒരു കോക്ടെയ്ൽ സംയുക്തത്തിന് കഴിയുന്നു. ഹൃദയത്തിന്‍റെ സ്പന്ദനം നിലനിര്‍ത്തുന്നതിനായി ഇത് ശരീരത്തിന് ചുറ്റുമുള്ള ദ്രാവകത്തെ താളാത്മകമായി പമ്പ് ചെയ്യുന്നു.
ഇത്തരത്തിലാണ് പുതിയ കണ്ടുപിടിത്തം പ്രവര്‍ത്തിക്കുന്നതെന്ന് ഗവേഷകര്‍ വിശദീകരിച്ചു. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പരീക്ഷണങ്ങളിൽ ഏകദേശം 100 പന്നികളെ ഉൾപ്പെടുത്തിയാണ് പരീക്ഷണം നടത്തിയതെന്ന് പറയുന്നു. പരീക്ഷണവുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് ധാർമ്മിക അംഗീകാരം ലഭിച്ചിരുന്നെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
ശാസ്ത്രജ്ഞർ മൃഗങ്ങള്‍ക്ക് ശക്തമായ അനസ്തേഷ്യ നൽകി. തുടർന്ന് അവയുടെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി. മരണം സ്ഥരീകരിച്ച് ഒരു മണിക്കൂറിന് ശേഷം അവയെ ഓര്‍ഗന്‍ എക്സ് സിസ്റ്റവുമായി ബന്ധിപ്പിച്ചു. തുടര്‍ന്ന് ആറ് മണിക്കൂർ നേരത്തെക്ക് കോക്ടെയ്ൽ നൽകി. അതോടൊപ്പം പരീക്ഷണത്തിലുടനീളം അനസ്തേഷ്യ നിലനിർത്തിയെന്നും ഗവേഷകര്‍ പറയുന്നു.
ആറ് മണിക്കൂറിന് ശേഷം ശാസ്ത്രജ്ഞർ പന്നികളുടെ ഹൃദയം, കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങൾ വിച്ഛേദിച്ചു. ചില പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിച്ചതോടെ അവയവങ്ങള്‍ ഭാഗികമായി പുനരുജ്ജീവിപ്പിച്ചെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. തടുര്‍ന്ന് ഹൃദയത്തിന്‍റെ പ്രവർത്തനം പുനഃസ്ഥാപിച്ചു. എന്നാല്‍ ചില ഹൃദയപേശികളിലെ കോശങ്ങൾ ചുരുങ്ങി. എങ്കിലും മരണത്തിന് മുമ്പുള്ള അതേ നിലയിൽ അവയവങ്ങൾ പ്രവർത്തിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ഗവേഷകര്‍ അറിയിച്ചു.
"ഞങ്ങള്‍ മുമ്പ് ഊഹിച്ചത് പോലെ കാര്യങ്ങൾ അനസാനിച്ചില്ല. മാത്രമല്ല, നമുക്ക് യഥാർത്ഥത്തിൽ ഒരു തന്മാത്രാ തലത്തിൽ സെൽ-റിപ്പയർ ആരംഭിക്കാൻ കഴിയുമെന്നും ഞങ്ങൾ തെളിയിച്ചു. കോശങ്ങളെ മരിക്കാതിരിപ്പിക്കാന്‍ നമുക്ക് കഴിയും." ഗവേഷകനായ ഡോ സ്വോനിമിർ വർസൽജ പറഞ്ഞു. ഒരു ഘട്ടത്തിൽ പന്നികളുടെ തലയും കഴുത്തും സ്വയമേവ ചലിക്കാൻ തുടങ്ങി. കോശങ്ങള്‍ ചില പ്രവർത്തനങ്ങള്‍ വീണ്ടെടുക്കുന്നു എന്നതിന്‍റെ സൂചനയായിരിക്കാം അത്. പക്ഷേ അതിന് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"തികച്ചും ഞെട്ടിക്കുന്ന നിമിഷമായിരുന്നു അതെന്ന് ഡോ ഡേവിഡ് ആൻഡ്രിജെവിക് പറഞ്ഞു. എന്നാല്‍ ഈ സാങ്കേതികവിദ്യ മനുഷ്യരില്‍ ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതൽ ഗവേഷണം ഈ രംഗത്ത് വേണ്ടിവരും. ട്രാൻസ്പ്ലാൻറ് അവയവങ്ങൾ കൂടുതൽ നേരം സൂക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ അവയവങ്ങള്‍ കൂടുതല്‍ രോഗികളിലേക്ക് എത്തിക്കാന്‍ കഴിയും. മരണശേഷവും ഒരു ചികിത്സ എന്ന നിലയിലും കൂടുതൽ ആളുകളെ അനുയോജ്യമായ അവയവദാതാക്കളാക്കി മാറ്റുക എന്നത് കൂടുതൽ വിദൂരമായ ലക്ഷ്യങ്ങളില്‍പ്പെടുന്നു.