പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം
ശരീരം നോക്കുന്നത് പോലെ തന്നെ പല്ലുകളെയും ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യമുള്ള പല്ലുകള്‍ക്കായി രണ്ട് നേരം പല്ലു തേയ്ക്കുന്നതിനൊപ്പം പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതും വളരെ അത്യാവശ്യമാണ്. പല്ലുകളെ സംരക്ഷിക്കുന്നതിന് അന്നജം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.
മത്സ്യം: സാൽമൺ, ട്യൂണ പോലുള്ള മത്സ്യങ്ങളിൽ വിറ്റാമിൻ ഡി, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ പല്ലുകൾ പൊട്ടാനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല മോണയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മോണയിലെ രക്തസ്രാവം തടയാനും ഈ മത്സ്യങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യുന്നു.
ഇലക്കറികൾ: പച്ചനിറത്തിലുള്ള ഇലക്കറികളിൽ ദന്താരോഗ്യത്തിന് ഗുണം ചെയ്യുന്നു ചില പ്രീബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ചീരയിൽ കാൽസ്യം കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ പല്ലിന്റെ ഇനാമൽ സംരക്ഷിക്കാൻ സഹായിക്കുന്നു. മോണപ്രശ്നങ്ങളെ അകറ്റാൻ സഹായിക്കുന്ന വിറ്റാമിൻ ബി, ഫോളിക് ആസിഡും ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ചീരയിൽ ബീറ്റാ കരോട്ടിൻ നിറഞ്ഞിരിക്കുന്നു. ഇത് പല്ലുളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.
ഓറഞ്ച്: ഓറഞ്ചിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് വായിലെ രക്തക്കുഴലുകളെയും ബന്ധിപ്പിക്കുന്ന ടിഷ്യുകളെയും ശക്തിപ്പെടുത്തുന്നു. മോണയുടെ വീക്കം കുറയ്ക്കാനും വിറ്റാമിൻ സി സഹായിക്കും.
മുന്തിരി: ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ മുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മുന്തിരിപ്പഴങ്ങളിലെ ചില സംയുക്തങ്ങൾ പല്ലുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
ചീസ്: പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് ചീസ്. ഇതിൽ പഞ്ചസാര കുറവാണ്, കാൽസ്യം കൂടുതലാണ്. പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തുന്നതിന് ഉപയോഗപ്രദമാകുന്ന പ്രോട്ടീൻ ആണ് കെയ്‌സിൻ. ചീസിലും ഫോസ്ഫേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് വായിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു.