ഗര്‍ഭകാലത്തെ പ്രമേഹം; ശ്രദ്ധിക്കേണ്ട ചിലത്
ഗര്‍ഭകാലത്ത് മാത്രം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിനില്‍ക്കുന്ന ഒരവസ്ഥയാണ് ഗർഭകാല പ്രമേഹം. അമിതവണ്ണം, കുടുംബപാരമ്പര്യം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയാണ് ഇതിന് പിന്നിലുള്ള പ്രധാനകാരണങ്ങൾ.

അമ്മയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനനുസരിച്ച് ഗര്‍ഭസ്ഥശിശുവിന്റെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു. ഇത് ശിശുവിന്റെ വളര്‍ച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിക്കാം. ഗർഭാവസ്ഥയിലുള്ള പ്രമേഹത്തെ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ആഹാരനിയന്ത്രണമാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്. ഭക്ഷണം ചെറിയ ഇടവേളകളില്‍ കഴിക്കുന്നതാണ് നല്ലത്. ആറോ ഏഴോ തവണയായി ആഹാരം കഴിക്കണം. പ്രധാന ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്.
രാവിലെ രണ്ട് മണിക്കൂര്‍ ഇടവിട്ട് ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. ഇതുമൂലം ഭക്ഷണത്തിനുശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അമിതമായി ഉയരുന്നത് തടയാനാവുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഗർഭകാലത്ത് ലഘുവ്യായാമങ്ങള്‍ ചെയ്യുന്നത് ശീലമാക്കാവുന്നതാണ്. നടത്തംപോലുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുകവഴി രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാനാവും.
ആരോഗ്യകരമായ സമീകൃതാഹാരം കഴിക്കാൻ ശ്രമിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുക. സ്റ്റാർച്ച് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.