ശരീരഭാരം കുറയ്ക്കണോ...? ബ്രേക്ക്ഫാസ്റ്റിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ
ശരീരഭാരം കുറയ്ക്കാൻ ഇന്ന് മിക്കവരും ചെയ്യുന്നത് പ്രഭാതഭക്ഷണം ഒഴിവാക്കലാണ്. രാവിലെ ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ടത്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ പരമാവധി പ്രാതലിൽ ഉൾപ്പെടുത്തണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് വിപി രോഹിത് ഷെലത്കർ പറയുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം നിരക്കിന്റെ വേഗത കുറയുകയും ഇത് ഭാരം കുറയൽ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രാതലിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
ഓട്‌സ്: പ്രഭാതഭക്ഷണമായി കഴിക്കാൻ ഏറ്റവും മികച്ചതാണ് ഓട്സ്. കാരണം ഇത് നിങ്ങളുടെ ശരീരത്തിന് ദിവസം മുഴുവൻ തുടരാൻ ആവശ്യമായ ഊർജ്ജം നൽകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. നാരുകളായ ബീറ്റ ഗ്ലൂക്കനും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഇത് ഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
വാഴപ്പഴം: വാഴപ്പഴത്തിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും വാഴപ്പഴം സഹായിക്കുന്നു, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് വാഴപ്പഴം, ഇത് ഹൃദയത്തിന് വളരെ പ്രധാനമാണ്.
മുട്ട: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ആരോഗ്യകരമായ മറ്റൊരു പ്രഭാത ഭക്ഷണമാണ് മുട്ട. ഇവയിൽ കലോറിയും പ്രോട്ടീനും കൂടുതലാണ്. പ്രഭാതഭക്ഷണത്തില്‍ ഒരു മുട്ട ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മുട്ട കഴിക്കുന്നത് ഏറെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
ബെറിപ്പഴങ്ങൾ: ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ബെറിപ്പഴങ്ങൾ. ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്‌ബെറി എന്നിവയിൽ പഞ്ചസാര കുറവാണ്, എന്നാൽ നാരുകൾ കൂടുതലാണ്. ഭാരം കുറയ്ക്കാൻ
ആഗ്രഹിക്കുന്നവർ പ്രാതലിൽ ബെറിപ്പഴങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
ഗ്രീൻ ടീ: ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ. ഇത് രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നു. ഗ്രീൻ ടീയിൽ അൽപം നാരങ്ങ നീരും തേനും ചേർക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനുള്ള ചില സംയുക്തങ്ങൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്.