ഇന്ത്യയില്‍ 12 ലക്ഷം കടന്ന് രോഗികള്‍, മരണം 29,890 ; വീണ്ടും ലോക്ഡൗണ്‍ ?
കൊവിഡ് രോഗബാധയുടെ കണക്കുകള്‍ മുകളിലേക്ക് തന്നെ എന്ന സൂചനകളാണ് ഏറ്റവും ഒടുവിലായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന കണക്കുകള്‍ കാണിക്കുന്നത്. ലോകത്ത് ഇതുവരെയായി 93,49,374 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ മരണം 6,30,211 ല്‍ എത്തി നില്‍ക്കുന്നു. അതേ സമയം രോഗികളുടെ എണ്ണം ഒന്നരകോടി കവിഞ്ഞു. അതായത്, 1,53,74,394 പേര്‍ക്കാണ് ഇതുവരെയായി രോഗം ബാധിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാമതാണ്. ഇതുവരെയായി ഇന്ത്യയില്‍ 12,39,684 രോഗികളാണ് ഉള്ളത്. മരണ സംഖ്യ മുപ്പതിനായിരത്തിനോട് അടുക്കുന്നു. 29,890 പേര്‍ക്കാണ് ഇതുവരെയായി ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ രോഗവ്യാപനവും മരണവും ദിനംപ്രതി കൂടിവരുമ്പോഴും രാജ്യത്ത് സമൂഹവ്യാപനമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
രാജ്യത്ത് പുതിയ കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു.
ഒറ്റ ദിവസം 45,720 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ. മരണ സംഖ്യ 1000 കടന്നു. 1129 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക്. 12,39,684 പേർക്ക് ഇത് വരെ രോഗം സ്ഥീരികരിച്ചു. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 4,26,167 പേരാണ്.
മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയിൽ പതിനായിരവും ആന്ധ്രപ്രദേശിൽ ആറായിരവും തമിഴ്നാട്ടിൽ അയ്യായിരവും കടന്നു.
ആകെ രോഗികൾ എഴുപത്തിയയ്യായിരം കടന്ന കർണ്ണാടകത്തിൽ മരണം ആയിരത്തിഅഞ്ഞൂറ് പിന്നിട്ടു. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിലേറെ കേസുകളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തോടൊപ്പം ഒഡീഷയിലും ഇന്നലെ പ്രതിദിന രോഗികബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു. ഇതോടെ പ്രതിദിനം ആയിരത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം പതിമൂന്നായി. രോഗബാധിതർ കുത്തനെ ഉയരുമ്പോഴും സാമൂഹിക വ്യാപനമില്ലെന്നാണ് കേന്ദ്ര നിലപാട്.
പശ്ചിമ ബംഗാളിൽ ഇന്ന് സമ്പൂർണ്ണ ലോക്ഡൗണാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആഴ്ചയിൽ രണ്ട് ദിവസം സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.
വ്യാഴം ,ശനി ദിവസങ്ങളിലാണ് ഈ ആഴ്ച്ചയിലെ ലോക്ഡൗൺ. തുടർച്ചയായി രണ്ടായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
മണിപ്പൂരിൽ ഇന്ന് മുതൽ പതിനാല് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. രോഗവ്യാപന തോത് കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകൾ റിപ്പോർട്ട് ചെയ്തതാണ് മണിപ്പൂരിൽ ലോക്ഡൗൺ പ്രഖ്യാപിക്കാൻ കാരണം.
കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാത്ത ചുരുങ്ങിയ സംസ്ഥാനങ്ങളിൽ ഒന്നാണ് മണിപ്പൂർ. മധ്യപ്രദേശിലെ ഭോപ്പാലിൽ നാളെ മുതൽ പത്ത് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.
നിലവില്‍ ഇന്ത്യയില്‍ കൊവിഡ് രോഗം വ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങളില്‍ രോഗത്തെ തടഞ്ഞ് നിര്‍ത്താനോ വ്യാപനം കുറയ്ക്കാനോ കഴിഞ്ഞിട്ടുള്ളത് ദില്ലിക്ക് മാത്രമമാണ്. ദില്ലിയില്‍ നിന്ന് പുറത്ത് വരുന്ന കണക്കുകളില്‍ കുറവുകള്‍ രേഖപ്പെടുത്തി തുടങ്ങി.
ജൂലൈ ആറാം തിയതി മുതല്‍ ദില്ലിയിലെ രോഗബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും ചെറുതെങ്കിലും കുറവ് രേഖപ്പെടുത്തി തുടങ്ങിയിരുന്നു. ജൂണ്‍ 5 വരെ ദില്ലിയില്‍ പ്രതിദിനം 2.5 ശതമാനത്തിന് മുകളിലായിരുന്നു രോഗബാധിതരെ രേഖപ്പെടുത്തിയത്.
ഇതേ കാലയളവില്‍ ദില്ലിയിലെ മരണ നിരക്കും രണ്ട് ശതമാനത്തിന് മുകളിലായിരുന്നു. എന്നാല്‍ ജൂലൈ ആറിന് ശേഷം മരണനിരക്ക് കുറയ്ക്കാന്‍ ദില്ലിക്ക് കഴിഞ്ഞു. അതില്‍ തന്നെ ഇന്ന 0.73 ശതമാനമായിരുന്നു ദില്ലിയിലെ മരണനിരക്കെന്നത് ഏറെ ആശ്വാസകരമാണ്.
ജൂണ്‍ മാസത്തിന്‍റെ ആദ്യ നാളുകളില്‍ രോഗബാധിതരുടെ എണ്ണം ആറ് ശതമാനത്തിന് മുകളിലായിരുന്നു. മരണനിരക്കാകട്ടെ ഏഴും ഏട്ടും ശതമാനമായിരുന്നു.
ഈ കണക്കുകളില്‍ നിന്നാണ് ഒരു മാസത്തിന് ശേഷം ദില്ലി മരണനിരക്കും രോഗബാധിതരുടെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തി തുടങ്ങിയത്. ഇതിനിടെ ദില്ലിയില്‍ സജീവ രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.
ദില്ലിയില്‍ 1,26,323 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 1,07,650 പേര്‍ക്ക് രോഗം ഭേദമായി. 3,719 പേര്‍ മരിച്ചു. 14,954 സജീവ കേസുകള്‍ നിലനില്‍ക്കുന്നു. എന്നാല്‍ ദില്ലിയുടെ മാതൃകയിലല്ല മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍. അവിടങ്ങളില്‍ രോഗവ്യാപനവും മരണനിരക്കും ഏറിവരികയാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളതും ഏറ്റവും കൂടുതല്‍ മരണവും നടന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇന്നും രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും മാറ്റമൊന്നുമില്ലാതെയാണ് മഹാരാഷ്ട്രയില്‍ നിന്നും പുറത്ത് വരുന്ന കണക്കുകള്‍.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ 3 ശതമാനം വര്‍ദ്ധനവാണ് മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തുന്നത്. മരണനിരക്കാകട്ടെ 2 ശതമാനമായി നിലനില്‍ക്കുന്നു.
രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള തമിഴ്നാട്ടിലാകട്ടെ 1,86,492 രോഗികളാണ് ഉള്ളത്. 3,144 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 51,765 സജീവ രോഗികള്‍ ഇപ്പോഴും തമിഴ്നാട്ടിലുണ്ട്. തമിഴ്നാട്ടില്‍ ചെന്നൈയിലാണ് കൂടുതല്‍ രോഗികളുള്ളത്.
ജൂണ്‍ മാസത്തിന്‍റെ തുടക്കത്തില്‍ അഞ്ച് ശതമാനമായിരുന്നു തമിഴ്നാട്ടിലെ രോഗവര്‍ദ്ധനവ്. മരണ നിരക്കാകട്ടെ ഏഴും ഏട്ടും ശതമാനമായിരുന്നു. എന്നാല്‍ അവിടെ നിന്ന് ജൂലൈ മാസത്തിന്‍റെ അവസാനമെത്തുമ്പോഴേക്കും മൂന്ന് ശതമാനമായി രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.
തമിഴ്നാട്ടില്‍ മരണനിരക്കിലും കുറവ് രേഖപ്പെടുത്തിത്തുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ മരണം രേഖപ്പെടുത്തിയത് തമിഴ്നാടിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കി.
ആന്ധപ്രദേശ് , പശ്ചിമ ബംഗാള്‍ , കർണ്ണാടക, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗവ്യാപനവും മരണനിരക്കും കൂടിതന്നെയാണ് നില്‍ക്കുന്നത്. നിരവധി സംസ്ഥാനങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്താതിരിക്കുന്നത് വീണ്ടും കാര്യക്ഷമമായ ലോക്ഡൗണിലേക്ക് പോകാനുള്ള സാധ്യതയെ തള്ളിക്കളയാന്‍ കഴിയില്ല.
ഇന്ത്യയില്‍ നിലവിലെ അവസ്ഥയില്‍ രോഗവ്യാപനം കൂടുകയാണെങ്കില്‍ അമേരിക്കയേയും ബ്രസീലിനെയും മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യമായിമാറാന്‍ ആഴ്ചകള്‍ മാത്രം മതിയെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
എന്നാല്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ രാജ്യം മുഴുവനായും ലോക്ഡൗണിലേക്ക് നീങ്ങാനുള്ള സാധ്യതയില്ല. പകരം സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനാണ് സാധ്യത.
വൈറസിന്റെ ഇന്ത്യയിലെ വ്യാപനം രേഖപ്പെടുത്തി തുടങ്ങിയ ഏപ്രില്‍, മെയ് മാസങ്ങളില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെ പല സംസ്ഥാനങ്ങളും എതിര്‍ത്തിരുന്നു.
എന്നാല്‍, രണ്ട് മാസങ്ങള്‍ക്ക് ശേഷം രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പിന്‍വലിച്ചശേഷം രാജ്യത്ത് രോഗവ്യാപനം കുതിച്ചുയരുകയായിരുന്നു. അവശ്യമായ സമയത്ത് ലോക്ഡൗണില്‍ കര്‍ശനമാക്കേണ്ടതിന് പകരം ഇളവുകള്‍ നല്‍കിയത് ഏറെ ദോഷമായിതീര്‍ന്നെന്ന വിമര്‍ശനവും ഉയര്‍ന്നു.
എന്നാല്‍ നിലവിലെ അവസ്ഥയില്‍ പല സംസ്ഥാനങ്ങളും സ്വന്തം നിലയില്‍ പല സ്ഥലങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അഞ്ച് മാസത്തോളമായി രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട്. ഇത്രയും കാലം ദൈന്യംദിന വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന സാധാരണക്കാരുടെ ജീവിതം തകര്‍ന്നു.
രാജ്യത്തെ ഏറ്റവും വലിയ സമൂഹമായ ഈ അടിസ്ഥാന വര്‍ഗ്ഗത്തെ കണക്കിലെടുക്കാതെയുള്ള ലോക്ഡൗണുകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. എന്നാല്‍ രോഗവ്യാപനവും സൃഷ്ടിക്കുന്ന ആശങ്ക മറുവശത്ത്.
കേരളത്തിലെ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ദിനംപ്രതിയുണ്ടാകുന്ന വര്‍ദ്ധനവ് ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോള്‍ തന്നെയാണ് തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ സമൂഹവ്യാപനം നടന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചതും.
അതോടൊപ്പം കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ രോഗവ്യാപനം കൂടുന്നതും ഏറെ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഈ അവസ്ഥയിലാണ് വീണ്ടും കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പുനരാലോചന നടത്തുന്നതും.
എന്നാല്‍, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗണിലേക്ക് മടങ്ങണം എന്ന സംസ്ഥാനങ്ങളുടെ നിർദ്ദേശത്തോട് കേന്ദ്രസർക്കാറിന് അനുകൂലമായ മനോഭാവമല്ല ഉള്ളത്. സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.
കൊവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കണം. മാസ്ക്ക് ധരിക്കണം, കൈകൾ ശുചിയാക്കണം. ഇതു വഴി പോരാട്ടവുമായി മുന്നോട്ടു പോകണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ഇന്ത്യയെ പോലൊരു മൂന്നാം ലോക രാജ്യത്ത് തീര്‍ത്തും അപ്രായോഗികമായ ഒരു തീരുമാനമാണത്.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളിൽ മൂന്നിലൊന്നിൽ കൂടുതലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്. മൂന്നിലൊന്ന് പേർ മഹാരാഷ്ട്രയിലാണുള്ളത്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 4,26,167 പേരാണ്.
തമിഴ്നാട്ടിൽ 51,765 പേരും, കർണ്ണാടകയിൽ 47,075 പേരും, ആന്ധ്രയിൽ 31,763ഉം, തെലങ്കാനയിൽ 11,155ഉം, കേരളത്തിൽ 8825 പേരും ചികിത്സയിലുണ്ട്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആകെ 1,51,484 പേരാണ് ചികിത്സയിലുള്ളത്.
അതായത് രാജ്യത്തെ കൊവിഡ് രോഗികളിൽ മൂന്നിൽ ഒന്നിൽ കൂടുതൽ രോഗികൾ അഞ്ച് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്. മൂന്നിലൊന്ന് പേർ മഹാരാഷ്ട്രയിൽ ആണെന്നിരിക്കെ മറ്റു സംസ്ഥാനങ്ങളിൽ എല്ലാം കൂടി 30 ശതമാനം രോഗികൾ മാത്രമാണുള്ളത്.
ചികിത്സയിലുള്ളവരുടെ എണ്ണം ഇന്ത്യയിൽ ദിവസേനെ നാലു ശതമാനം വീതം ഉയരുകയാണ്. നിലവിലെ രോഗബാധിതരുടെ കാര്യത്തിൽ ഇന്ത്യയ്ക്കും ബ്രസിലിനുമിടയിൽ ഒരു ലക്ഷത്തിൻറെ വ്യത്യാസം മാത്രമാണുള്ളത്.
സ്ഥിതി അതീവഗുരുതമാണെന്നിരിക്കെയാണ് സംസ്ഥാനങ്ങൾ ലോക്ഡൌണിനെക്കുറിച്ച് ആലോചിക്കുന്നത്.
എന്നാൽ ലോക്ക്ഡൗണിലേക്ക് മടങ്ങണം എന്ന നിർദ്ദേശത്തോട് കേന്ദ്രത്തിന് യോജിപ്പില്ല. കൊവിജ് വാക്സിൻ നവംബറോടെ ആയിരം രൂപ നിരക്കിൽ ലഭ്യമാക്കാനാകും എന്ന സൂചനകളിലാണ് കേന്ദ്രത്തിന്റെ എല്ലാ പ്രതീക്ഷയും.