- Home
- News
- India News
- ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് ഡിസംബര്‍ നാലിന് പ്രധാനമന്ത്രി തറക്കല്ലിടും
ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് ഡിസംബര്‍ നാലിന് പ്രധാനമന്ത്രി തറക്കല്ലിടും
ഉത്തരാഖണ്ഡിലെ ഡറാഡൂണില്‍ 2021 ഡിസംബര്‍ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 18,000 കോടി രൂപയുടെ പതിനൊന്ന് വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് തുടക്കമാകും. ഏകദേശം 8,300 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയും (ഈസ്റ്റേൺ പെരിഫറൽ എക്‌സ്പ്രസ് വേ ജംഗ്ഷൻ മുതൽ ഡെറാഡൂൺ വരെ) ഈ പദ്ധതികളില്‍ ഉൾപ്പെടുന്നു. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് ഏകദേശം 2.5 മണിക്കൂറായി ഇത് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹരിദ്വാർ, മുസാഫർനഗർ, ഷാംലി, യമുന നഗർ, ബാഗ്പത്, മീററ്റ്, ബരാത്ത് എന്നിവിടങ്ങളിൽ നിന്ന് ബന്ധിപ്പിക്കുന്നതിന് ഏഴ് പ്രധാന ഉപപാതകളും ഈ പാതയില്‍ ഉണ്ടാകും. വന്യജീവി സഞ്ചാരത്തിനായി ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ (12 കി.മീ) ഈ പാതയുടെ ഭാഗമായി നിര്‍മ്മിക്കും. കൂടാതെ, ഡെറാഡൂണിലെ ദാത് കാളി ക്ഷേത്രത്തിന് സമീപമുള്ള 340 മീറ്റർ നീളമുള്ള തുരങ്കം നിര്‍മ്മിക്കുന്നത് വഴി വന്യജീവികളുടെ ശല്യത്തിലും കുറവ് പ്രതീക്ഷിക്കുന്നു. കൂടാതെ, ഗണേഷ്പൂർ-ഡെറാഡൂൺ സെക്ഷനിൽ മൃഗങ്ങളും വാഹനങ്ങളും കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ഒന്നിലധികം മൃഗ പാതകളും നിര്‍മ്മിക്കും. ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയിൽ 500 മീറ്റർ ഇടവിട്ട് 400-ലധികം വാട്ടർ റീചാർജ് പോയിന്‍റുകളും മഴവെള്ള സംഭരണത്തിനുള്ള ക്രമീകരണങ്ങളും ഉണ്ടായിരിക്കും.

ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയിൽ നിന്നുള്ള ഗ്രീൻഫീൽഡ് അലൈൻമെന്‍റ് പദ്ധതി, ഹൽഗോവ, സഹറൻപൂർ, ഭദ്രാബാദ്, ഹരിദ്വാർ എന്നിവയെ ബന്ധിപ്പിക്കുന്ന പദ്ധതി 2,000 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ പാത ഡൽഹിയിൽ നിന്ന് ഹരിദ്വാറിലേക്കുള്ള യാത്രാ സമയം കുറയ്ക്കും.
1,600 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മനോഹർപൂർ മുതൽ കാംഗ്രി വരെയുള്ള ഹരിദ്വാർ റിംഗ് റോഡ് പദ്ധതി, ഹരിദ്വാർ നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്ന് ആശ്വാസം നൽകും. പ്രത്യേകിച്ച് വിനോദസഞ്ചാരം കൂടുതലുള്ള സമയങ്ങളിൽ, കുമയോൺ മേഖലയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഏകദേശം 1,700 കോടി രൂപ ചെലവിൽ നിർമ്മിക്കുന്നതാണ് ഡെറാഡൂൺ - പോണ്ട സാഹിബ് (ഹിമാചൽ പ്രദേശ്) റോഡ് പദ്ധതി. ഇതോടൊപ്പം സിമാബാദ്-കോട്ദ്വാർ റോഡിന്‍റെ വീതി കൂട്ടും. 1929-ലാണ് നിർമ്മിച്ച, ഇപ്പോള്‍ ഉപയോഗ ശൂന്യമായ ലക്ഷ്മണ്‍ ജൂല പാലത്തിന് സമീപത്ത് മറ്റൊരു പാലം നിര്‍മ്മിക്കും. ഡെറാഡൂണിലെ ശിശുസൗഹൃദ നഗര പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും.
700 കോടി രൂപ ചെലവിൽ ഡെറാഡൂണിലെ ജലവിതരണം, റോഡ്, ഡ്രെയിനേജ് സംവിധാനം എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളുടെ തറക്കല്ലിടലും ഇതോടൊപ്പം നടക്കും. ബദരീനാഥ് ധാമിലും ഗംഗോത്രി-യമുനോത്രി ധാമിലും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും പ്രധാനമന്ത്രി തറക്കല്ലിടും.
ഹരിദ്വാറിൽ 500 കോടിയിലധികം രൂപ ചെലവിൽ പുതിയ മെഡിക്കൽ കോളേജ് നിർമ്മിക്കും. ഇതോടൊപ്പം മേഖലയിലെ വിട്ടുമാറാത്ത മണ്ണിടിച്ചിൽ പ്രശ്നം പരിഹരിച്ച് യാത്ര സുരക്ഷിതമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികൾ ഉൾപ്പെടെ ഏഴ് പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഈ പദ്ധതികളിൽ ലംബാഗഡിലെ മണ്ണിടിച്ചിൽ ലഘൂകരണ പദ്ധതിയും (ഇത് ബദരീനാഥ് ധാമിന്‍റെ റൂട്ടിലാണ്), എൻഎച്ച്-58-ൽ സകാനിധർ, ശ്രീനഗർ, ദേവപ്രയാഗ് എന്നിവിടങ്ങളിലെ ദീർഘകാല മണ്ണിടിച്ചിലിനും പരിഹാരം കാണും.
ചാർധാം റോഡ് കണക്റ്റിവിറ്റി പ്രോജക്റ്റിന് കീഴിൽ ദേവപ്രയാഗിൽ നിന്ന് ശ്രീകോട്ടിലേക്കും ബ്രഹ്മപുരി മുതൽ കൊടിയാല വരെയും NH-58 ലേക്ക് റോഡ് വീതി കൂട്ടുന്ന പദ്ധതിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും.
1,700 കോടി രൂപ ചെലവിൽ യമുന നദിക്ക് കുറുകെ നിർമ്മിച്ച 120 മെഗാവാട്ട് വ്യാസി ജലവൈദ്യുത പദ്ധതിയും ഡെറാഡൂണിലെ ഹിമാലയൻ കൾച്ചർ സെന്‍റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഹിമാലയൻ കൾച്ചർ സെന്‍റിൽ സംസ്ഥാനതല മ്യൂസിയം, 800 ഇരിപ്പിടങ്ങളുള്ള ആർട്ട് ഓഡിറ്റോറിയം, ലൈബ്രറി, കോൺഫറൻസ് ഹാൾ തുടങ്ങിയവ ഉണ്ടായിരിക്കും. സ്റ്റേറ്റ് ഓഫ് ആർട്ട് പെർഫ്യൂമറിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam