കത്തിച്ച് കളഞ്ഞത് ലോകത്തിലെ ഏറ്റവും വലിയ കണ്ടാമൃഗ കൊമ്പുകളുടെ ശേഖരം
ലോക കണ്ടാമൃഗ ദിനമായിരുന്നു കഴിഞ്ഞ ബുധനാഴ്ച. അന്ന് അസമില്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ടാമൃഗകൊമ്പുകളുടെ ശേഖരം അഗ്നിക്കിരയാക്കി. വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പുള്ള ഇന്ത്യൻ കാണ്ടാമൃഗത്തെ വേട്ടയാടുന്നത് തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് അഗ്നിക്കിരയാക്കലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. തലയിൽ കൊമ്പുള്ള കാണ്ടാമൃഗം വിലപ്പെട്ടതാണെന്ന ശക്തമായ സന്ദേശം ലോകത്തിന് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വേട്ടക്കാരാല്‍ കൊമ്പു നീക്കം ചെയ്യപ്പെട്ട് മരിച്ചതോ സര്‍ക്കാര്‍ ട്രഷറികളില്‍ സൂക്ഷിക്കപ്പെട്ട കൊമ്പുകളോ അല്ല തങ്ങളെ സംബന്ധിച്ച് കണ്ടാമൃഗമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, വനം - പരിസ്ഥിതി മന്ത്രി പരിമൽ സുക്ലബൈദ്യ, കൃഷി മന്ത്രി അതുൽ, പ്രാദേശിക എജിപി, എംഎൽഎമാര്‍, മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൊമ്പുകള്‍ അഗ്നിക്കിരയാക്കിയത്. കാസിരംഗ ദേശീയോദ്യാനത്തിൽ നിന്ന് 23 കിലോമീറ്റർ അകലെയുള്ള ബൊക്കാഖാറ്റിൽ നടന്ന ചടങ്ങിലാണ് കൊമ്പുകള്‍ അഗ്നിക്കിരയാക്കിയത്.

കിഴക്കൻ ഇന്ത്യയിലെ മൃഗങ്ങളുടെ ശരീരഭാഗങ്ങൾ കൂട്ടത്തോടെ കത്തിക്കുന്ന രണ്ടാമത്തെ സംഭവമായിരുന്നു ബുധനാഴ്ച നടന്നത്. 2005-06 ൽ പശ്ചിമ ബംഗാളിലെ ചിലപ്പത വനമേഖലയിൽ കാണ്ടാമൃഗം കൊമ്പുകളുടെയും ആനക്കൊമ്പുകളുടെയും വന്‍ ശേഖരം കത്തിച്ചിരുന്നു.
ഇത്തവണ 1979 മുതൽ സംസ്ഥാനത്തെ 12 ജില്ലാ ട്രഷറികളിൽ സൂക്ഷിച്ചിട്ടുള്ള 2,623 കൊമ്പുകളിൽ 2,479 കൊമ്പുകൾ ഗുവാഹത്തിയിൽ നിന്ന് 240 കിലോമീറ്റർ കിഴക്കായി ബോകാഖട്ടിലെ ഒരു സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുള്ള ആറ് വലിയ ഇരുമ്പ് ചിതയിൽ കത്തിച്ചതായി വന്യജീവി ഉദ്യോഗസ്ഥർ പറഞ്ഞു.
2623 കൊമ്പുകളായിരുന്നു അസമിലെ സര്‍ക്കാര്‍ ട്രഷറിയില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 94 എണ്ണം കാസിരംഗ ദേശീയോദ്യാനത്തിൽ സ്ഥാപിക്കുന്ന ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. 29 എണ്ണം നിലവില്‍ വിവിധ കോടതികളില്‍ നടക്കുന്ന കേസുകളുടെ വിചാരണയ്ക്കായി സൂക്ഷിക്കും.
സംരക്ഷിക്കപ്പെടുന്ന സാമ്പിളുകളിൽ, ഏറ്റവും നീളമുള്ള കൊമ്പ് കമ്രൂപ്പ് ട്രഷറിയിൽ നിന്നുള്ളതാണ്. ഏറ്റവും ഭാരം കൂടിയത് നാഗാവിൽ നിന്നുമാണ് എത്തിയത്. 1982 ൽ കാസിരംഗ ദേശീയോദ്യാനത്തിലെ ബാഗോറി ശ്രേണിയിലെ ഒരു കാണ്ടാമൃഗത്തിൽ നിന്നാണ് ഈ കൊമ്പ് കണ്ടെത്തിയത്.
ഭാവിയില്‍ ജനിതക വിശകലനത്തിനായി സൂക്ഷിക്കുന്നവയും നശിപ്പിക്കാനുദ്ദേശിച്ചവയും വേര്‍തിരിച്ച് വച്ച ശേഷമായിരുന്നു അഗ്നിക്കിരയാക്കല്‍.
വേദമന്ത്രോച്ചാരണങ്ങളോടെയാണ് കൊമ്പുകള്‍ അഗ്നിക്കിരയാക്കിയത്. ഒറ്റ കൊമ്പുള്ള കണ്ടാമൃഗക്കൊമ്പുകള്‍ക്ക് ഔഷമൂല്യമുണ്ടെന്ന അന്ധവിശ്വാസമാണ് അവയുടെ കൊമ്പുകള്‍ കവര്‍ന്നെടുക്കുന്നതിന് വേട്ടക്കാരെ പ്രയരിപ്പിക്കുന്നത്.
എന്നാല്‍ ഇത്തരം കണ്ടാമൃഗകൊമ്പുകള്‍ക്ക് പ്രത്യേക ഔഷധഗുണമുണ്ടെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. ആളുകളെ തെറ്റദ്ധരിപ്പിക്കുന്നതാണ് ഇത്തരം പ്രചാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനമേഖലയിൽ സ്വാഭാവികമായി മരിച്ച കാണ്ടാമൃഗത്തിൽ നിന്നുള്ള കൊമ്പുകളും അഗ്നിക്കിരയാക്കപ്പെട്ടു. ചിലത് മുങ്ങിമരിച്ചെങ്കില്‍ മറ്റ് ചില കണ്ടാമൃഗങ്ങള്‍ പരസ്പരമുള്ള കലഹത്തിനിടെ കൊല്ലപ്പെട്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
ലോകത്തിലെ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്‍റെ 71 ശതമാനവും അസം സംസ്ഥാനത്താണ്. ഇവയുടെ കൊമ്പുകൾക്ക് ഔഷധ മൂല്യമുണ്ടെന്ന് സംസ്ഥാനത്തെ ജനങ്ങൾ വിശ്വസിക്കുന്നില്ലെന്ന സന്ദേശം നൽകാന്‍ ഈ അഗ്നിക്കിരയാക്കല്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
പരമ്പരാഗതമായി ചൈനീസ് മരുന്നുകളിൽ ഒറ്റക്കൊമ്പന്‍ കണ്ടാമൃഗത്തിന്‍റെ കൊമ്പ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തരം ചികിത്സയ്ക്ക് യാതൊരു ശാസ്ത്രീയ പിന്തുണയും അവകാശപ്പെടാനില്ലെന്നും മറിച്ച്, കാലങ്ങളായി പ്രചരിക്കുന്ന ചില വിശ്വാസങ്ങളുടെ പേരിലാണ് ഇത്തരത്തില്‍ ഇവയുടെ കൊമ്പുകള്‍ ഉപയോഗിക്കുന്നതെന്നും പറയപ്പെടുന്നു.
കള്ളക്കടത്തുകാരിൽ നിന്നും വ്യാപാരികളിൽ നിന്നും പിടിച്ചെടുത്ത 21 വ്യാജ കൊമ്പുകളും ഗുവാഹത്തിയിലെ സംസ്ഥാന മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന 15 ആഫ്രിക്കൻ കാണ്ടാമൃഗങ്ങളുടെ കൊമ്പുകളും നശിപ്പിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
കാണ്ടാമൃഗ കൊമ്പുകൾ ഒതുങ്ങിയ മുടിയുടെ പിണ്ഡമാണെന്നും അവയ്ക്ക് ഔഷധ മൂല്യമില്ലെന്നും ലോകത്തെ അറിയിക്കാനാണ് ഞങ്ങൾ ഈ പരിപാടി സംഘടിപ്പിച്ചത്.
ഈ അപൂർവ മൃഗങ്ങളെ കൊല്ലരുതെന്നും അന്ധവിശ്വാസങ്ങളുടേയോ കെട്ടുകഥകളുടേയോ അടിസ്ഥാനത്തിൽ കൊമ്പുകൾ വാങ്ങരുതെന്നും ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഞാൻ ഒരു ലോക റെക്കോർഡ് സ്ഥാപിച്ചുവെന്ന് ഞാൻ കരുതുന്നു എന്ന് അവകാശപ്പെട്ട അദ്ദേഹം സ്വാഭാവികമായോ അല്ലെങ്കിൽ ദുരന്തങ്ങളിലോ അപകടങ്ങളിലോ മരിക്കുന്ന എല്ലാ കൊമ്പുകളും ഇനിമുതൽ വർഷം തോറും കത്തിക്കുമെന്നും ഡോ. ശർമ്മ പറഞ്ഞു.
കോടതി കേസുകളിൽ ഉൾപ്പെട്ട 29 കൊമ്പുകൾ ട്രഷറികളിൽ സൂക്ഷിക്കുമെന്നും 3.05 കിലോഗ്രാം ഭാരമുള്ളവ ഉൾപ്പെടെ 94 എണ്ണം പ്രദർശനത്തിനോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ സംരക്ഷിക്കുമെന്ന് കാസിരംഗ ഡയറക്ടർ പി. ശിവകുമാർ പറഞ്ഞു.
സംരക്ഷിത കൊമ്പുകൾ പ്രദർശിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ദേശീയോദ്യാനത്തിന് സമീപം ഒരു പ്രകൃതി ചരിത്ര മ്യൂസിയം സ്ഥാപിക്കും. നശിച്ച കൊമ്പുകളുടെ ഭാരം 1,305.25 കിലോഗ്രാം ആണ്. സംരക്ഷിക്കേണ്ടവയുടെ ഭാരം 131.05 കിലോഗ്രാം ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സൂക്ഷിച്ചിരിക്കുന്ന കൊമ്പുകള്‍ ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് പരിശോധിച്ചിരുന്നു. ഓരോ കൊമ്പും വൃത്തിയാക്കി, തൂക്കി, ഫോട്ടോ എടുത്ത്, ഒരു ബാർകോഡ് ഉപയോഗിച്ച് ലേബൽ ചെയ്തു. പിന്നീട് ഡിഎൻഎ സാമ്പിളുകൾ വേർതിരിച്ചെടുത്ത ശേഷം അവ വീണ്ടും അടച്ചു സൂക്ഷിച്ചു.
കത്തിച്ച കൊമ്പുകളുടെ ചിതാഭസ്മം കാസിരംഗ ദേശീയോദ്യാനത്തിന്‍റെ പ്രധാന പ്രവേശന കവാടമായ മിഹിമുഖിൽ സ്ഥാപിക്കുന്ന ഒരു കാണ്ടാമൃഗത്തിന്‍റെ ശില്പത്തിൽ സൂക്ഷിക്കുമെന്ന് ശിവകുമാർ ദി ഹിന്ദുവിനോട് പറഞ്ഞു.
ഐയുസിഎൻ റെഡ് ലിസ്റ്റിലെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ ഗണത്തിലാണ് ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ "ദുർബലർ" എന്ന പട്ടികയിലാണ് ഒറ്റ കൊമ്പന്‍ കണ്ടാമൃഗം. അസമിലെ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്‍റെ ജനസംഖ്യ 1999 ലെ സെൻസസ് അനുസരിച്ച് 1672 ൽ നിന്ന് 2652 ആയി കണ്ടെത്തിയിരുന്നു.
ഭാവിയിൽ സ്വാഭാവികമായോ അല്ലെങ്കിൽ അപകടത്തിലോ മരിക്കുന്ന കാണ്ടാമൃഗങ്ങളുടെ കൊമ്പുകളും ഇത്തരത്തില്‍ വർഷം തോറും കത്തിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കാസിരംഗ ദേശീയോദ്യാനത്തിൽ കോവിഡ് -19 രോഗവ്യാപനത്തെ തുടര്‍ന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒക്ടോബർ 1 മുതൽ പിൻവലിക്കുമെന്നും ചടങ്ങിനിടെ മുഖ്യമന്ത്രി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam