ദില്ലി ചലോ ; നാളത്തെ ചര്‍ച്ചയും പരാജയപ്പെട്ടാല്‍ രാജ്യവ്യാപക സമരമെന്ന് കര്‍ഷക സംഘടനകള്‍
First Published Dec 4, 2020, 5:37 PM IST
എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ മൂന്ന് ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ നടത്തുന്ന സമരം ഒമ്പതാം ദിവസവും പിന്നിട്ടു. സമരത്തില്‍ സമവായത്തിനുള്ള സാധ്യതകളൊന്നും നിലനില്‍ക്കുന്നില്ലെങ്കിലും നാളെ ഉച്ചയ്ക്ക് ശേഷം കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ചര്‍ച്ചകളിലാണ് ഏവരുടെയും ശ്രദ്ധ. വിവാദമായ മൂന്ന് കർഷക നിയമ ഭേദഗതിയിലൂന്നിയാണ് നാളെയും കേന്ദ്രസർക്കാർ ചർച്ചയിൽ സംസാരിക്കുന്നതെങ്കിൽ സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് കർഷകർ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ വിവാദമായ ബില്ലുകള്‍ പിന്‍വലിക്കില്ലെന്നും ചില ഭേദഗതികളില്‍ ചര്‍ച്ചയാകാമെന്നുമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന്‍റെ നിലപാട്. നിയമഭേദഗതി പിൻവലിക്കുന്നതിൽക്കുറഞ്ഞ ഒരു സമവായനീക്കത്തിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഓൾ ഇന്ത്യാ കിസാൻ സഭയുൾപ്പടെയുള്ള കർഷകസംഘടനകൾ. ഇതിനിടെ ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ രാജ്യവ്യാപകമായി ചരക്ക് ലോറികള്‍ പണിമുടക്ക് ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ദില്ലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തു പ്രഭ.

നിയമഭേദഗതി നടപ്പാക്കുകയാണ് കേന്ദ്രസർക്കാരിന്‍റെ ഉദ്ദേശമെങ്കിൽ നാളത്തെ ചർച്ച കൊണ്ടും കാര്യമില്ലെന്ന് എഐകെഎസ് നേതാവ് ഹനൻ മൊല്ല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മിനിമം താങ്ങുവില ഉറപ്പുനൽകുന്ന തരത്തിൽ കർഷകനിയമ ഭേദഗതികളിൽ ചട്ടങ്ങൾ കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പുനൽകാമെന്നാണ് കേന്ദ്രസർക്കാരിന്‍റെ വാഗ്ദാനം.

ദില്ലിയിലെ വിഗ്യാൻ ഭവനിൽ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായി നടത്തുന്ന ചർച്ചകളിലാണ് കർഷകസംഘടനകൾ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച സമവായ നിർദേശങ്ങൾ തള്ളിയത്. പുതിയ നിയമഭേദഗതിയുമായി ബന്ധപ്പെട്ട, സംഭരണത്തിലും താങ്ങുവിലയിലും, വിപണിവില ഉറപ്പ് നൽകുന്നതിലുമടക്കം, എട്ട് വീഴ്ചകൾ കർഷകർ ഇന്നലത്തെ ചർച്ചയിലടക്കം ചൂണ്ടിക്കാണിച്ചു. ഇവയൊന്നും പരിഹരിക്കുന്നതിന് കൃത്യമായ ഒരു മാർഗനിർദേശവും ഇതുവരെയായും കേന്ദ്രകൃഷിമന്ത്രിയോ കർഷകവിദഗ്ധരോ മുന്നോട്ടുവയ്ക്കുന്നില്ല.
Post your Comments