- Home
- News
- India News
- സർവീസുകൾ കൂട്ടത്തോടെ വെട്ടി, വിമാനത്താവളങ്ങളിൽ കുടുങ്ങി ആയിരങ്ങൾ; ഇൻ്റിഗോയെ വിമർശിച്ച് കേന്ദ്രമന്ത്രി; കേന്ദ്രത്തെ പഴിച്ച് രാഹുൽ ഗാന്ധി
സർവീസുകൾ കൂട്ടത്തോടെ വെട്ടി, വിമാനത്താവളങ്ങളിൽ കുടുങ്ങി ആയിരങ്ങൾ; ഇൻ്റിഗോയെ വിമർശിച്ച് കേന്ദ്രമന്ത്രി; കേന്ദ്രത്തെ പഴിച്ച് രാഹുൽ ഗാന്ധി
ഇൻഡിഗോയുടെ നൂറുകണക്കിന് വിമാന സർവീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കിയത് രാജ്യവ്യാപകമായി യാത്രക്കാരെ ദുരിതത്തിലാക്കി. ദില്ലി, മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കുടുങ്ങി. കേന്ദ്രസർക്കാരിനോട് പുതിയ വ്യവസ്ഥ നടപ്പാക്കാൻ സമയം തേടി ഇൻ്റിഗോ

ദുരിതഭാരം ജനത്തിൻ്റെ തലയിൽ
ഇൻഡിഗോയുടെ നൂറുകണക്കിന് സർവീസുകൾ റദ്ദാക്കിയതോടെ യാത്രക്കാർ കേരളത്തിൽ അടക്കം പെരുവഴിയിലായി. അപ്രതീക്ഷിതമായി വിമാനം മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാർ വിവിധ നഗരങ്ങളിൽ കുടുങ്ങി. കൂട്ട റദ്ദാക്കലുകൾക്ക് ഒപ്പം മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും കൂടി ആയതോടെ വലിയ പ്രതിഷേധങ്ങൾ പലയിടത്തും ഉയരുകയാണ്. യഥാർത്ഥ കാരണം എന്തെന്ന് അധികൃതർ വെളിപ്പെടുത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
സർവീസ് റദ്ദാക്കുന്നത് തുടർന്ന് ഇൻ്റിഗോ
ദില്ലിയിൽനിന്നും ഇന്ന് 3 മണിവരെയുള്ള എല്ലാ ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സർവീസുകളും റദ്ദാക്കി. ഛത്തീസ്ഗഡ്, ഗോവ, പറ്റ്ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പ്രതിസന്ധിയുണ്ട്.
ദില്ലിയിൽ നിന്നുള്ള എല്ലാ സർവീസുകളും റദ്ദാക്കി
ദില്ലിയിൽ നിന്ന് ഇന്ന് മാത്രം 400-ലധികം വിമാനങ്ങൾ റദ്ദാക്കി. മഹാരാഷ്ട്രയിൽ നിന്നുള്ള 32 സർവീസുകളും ബെംഗളൂരുവിൽ നിന്നുള്ള 102 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള 31 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 20 വിമാനങ്ങളും ചെന്നൈയിൽ എത്തേണ്ട 11 വിമാനങ്ങളും റദ്ദാക്കി.
കേന്ദ്രത്തെ പഴിച്ച് രാഹുൽ ഗാന്ധി
രാജ്യത്തുണ്ടായ വിമാന സർവീസ് പ്രതിസന്ധി, കേന്ദ്രസർക്കാറിന്റെ കുത്തക വൽക്കരണത്തിന്റെ ഫലമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻ്റിഗോ പ്രതിസന്ധിയെ കുറിച്ച് എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് വിമർശനം.
പുതിയ വ്യവസ്ഥ നടപ്പാക്കാൻ സമയം തേടി ഇൻ്റിഗോ
പുതിയ വ്യവസ്ഥകൾ പ്രകാരം പ്രവർത്തിക്കാൻ ഫെബ്രുവരി പത്തു വരെ സമയം വേണമെന്ന് ഇൻഡിഗോ ആവശ്യപ്പെട്ടു. ദിവസവും ശരാശരി വൈകുന്നത് 170-200 സർവീസുകളാണെന്ന് ഡിജിസിഎ കണക്ക് വ്യക്തമാക്കുന്നു. വേണ്ടത്ര സമയം നൽകിയിട്ടും പുതിയ വ്യവസ്ഥകൾ പാലിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പറഞ്ഞു. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
അറിയിപ്പുമായി ദില്ലി വിമാനത്താവളം
വിമാന സർവീസ് പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ദില്ലി വിമാനത്താവളം നിർദേശം നൽകി. തടസങ്ങൾ കുറയ്ക്കാൻ പ്രവർത്തനങ്ങൾ നടത്തുന്നതായും ദില്ലി വിമാനത്താവള അധികൃതർ വ്യക്തമാക്കി.

