- Home
- News
- India News
- രാജ്യം വികസനങ്ങളില്‍ ഊറ്റം കൊള്ളുമ്പോള്‍ ഒരു ജനത സ്വന്തം ജന്മദേശം ഉപേക്ഷിച്ച് പടിയിറങ്ങുകയാണ്
രാജ്യം വികസനങ്ങളില്‍ ഊറ്റം കൊള്ളുമ്പോള്‍ ഒരു ജനത സ്വന്തം ജന്മദേശം ഉപേക്ഷിച്ച് പടിയിറങ്ങുകയാണ്
ഗൃഹപാഠങ്ങള്‍ പലത് ചെയ്തിട്ടും പഠിക്കാത്ത പാഠമാണ് ജോഷിമഠ്. നാല്‍പ്പത് വര്‍ഷത്തിനിടെ നിരവധി പഠനങ്ങള്‍. പഠനങ്ങളെല്ലാം വിരല്‍ചൂണ്ടിയത് ഒരൊറ്റക്കാര്യത്തിലേക്കാണ്, ഇന്നും സജീവമായി വടക്കോട്ട് ചലിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ശിലാമണ്ഡല ഫലകത്തിന്‍റെ വടക്കേ അതിരാണ് ഹിമാലയം. അതിനാല്‍ ഏറെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ഭൂമികയാണത്. താഴ്വാരങ്ങളിലെ വികസന സങ്കല്‍പ്പമല്ല മലമുകളിലേത്. ഏറെ ശ്രദ്ധാപൂര്‍വ്വം വേണം അതിനെ കൈകാര്യം ചെയ്യാന്‍.പക്ഷേ നാല് പതിറ്റാണ്ടായി ഒരേ കാര്യം ആവര്‍ത്തിച്ചിട്ടും ആയിരക്കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തിനെക്കാളും ഭരണകൂടം വിലമതിക്കുന്നത് വികസനത്തിനാണ് എന്നതിന്‍റെ ബാക്കി പത്രമാണ് ഇന്ന് 'X' എന്ന് ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയ ജോഷിമഠിലെ ആളൊഴിഞ്ഞ വീടുകളും കെട്ടിടങ്ങളും. ജോഷിമഠില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്ദു പ്രഭ.

2022 നവംബര്‍ മുതല്‍ ഇന്നും തുടരുന്ന ജോഷിമഠിലെ കാഴ്ചയാണിത്. മലമുകളിലെ വിള്ളല്‍ വീണ വീടുകളില്‍ നിന്ന് കൈയില്‍ കിട്ടിയ സാധനങ്ങളെടുത്ത് താഴ്വാരങ്ങളിലേക്ക് പോകുന്ന നിസഹായരായ ജനങ്ങള്‍. താഴ്വാരങ്ങളില്‍ അവരെ കാത്ത് ഒന്നുമില്ലെന്ന് അവര്‍ക്കറിയാമെങ്കിലും തലമുറകളായി ഉണ്ടാക്കിയ സമ്പാദ്യങ്ങളില്‍ കൈയില്‍ എടുക്കാന്‍ പറ്റുന്നവയുമായി അവര്‍ താഴ്വാരങ്ങളിലേക്ക് നീങ്ങുകയാണ്. പുതിയ അഭയാര്‍ത്ഥികളായി.
അമ്പരചുംബികളായ ഈ മലനിരകള്‍ക്ക് താഴെ ശാന്തജീവിതം നയിച്ചിരുന്നവരായിരുന്നു അവര്‍. സംഘര്‍ഷങ്ങളെക്കാള്‍ സമാധാനത്തെ കാംക്ഷിചിരുന്നവർ. കുന്നിന്‍ പുറങ്ങളിലെ താമസയോഗ്യമായ മലയോരങ്ങളില്‍ കുടിയേറി അവര്‍ ചെറുവീടുകള്‍ വച്ചു. അതിര്‍ത്തികളായി മതിലുകള്‍ പോലുമില്ലാത്ത പരസ്പര സഹകരണത്തോടെ അവര്‍ ജീവിച്ചു.
ഗതാഗത സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും പരിമിതമായ ഇത്തരം ഇടങ്ങളിൽ കൂട്ടായ്മയുടെ പരസ്പര സഹകരണത്തിന്‍റെ ആത്മബന്ധത്തിലാണ് ഇവിടുത്തെ ഓരോ ജീവിതങ്ങളും മുന്നോട്ട് പോയിരുന്നത്. ആ ആത്മബന്ധം സഞ്ചാരികളായി എത്തുന്നവരോടുള്ള സ്നേഹത്തില്‍ പോലും കാണാന്‍ കഴിയും.
സഞ്ചാരികളുടെ തിരക്കിൽ ജോഷിമഠിലെ റോഡുകൾ മുഴുവൻ നിറയേണ്ട സമയം കൂടിയാണിത്. ഇന്നും ആ തിരക്കുണ്ട്.എന്നാല്‍ അത് ഒരു തലമുറകളായി ഉണ്ടാക്കിയ സമ്പാദ്യങ്ങളില്‍ കൈയിലെടുക്കാവുന്നത് മാത്രമെടുത്ത് മറ്റെല്ലാം ജോഷിമഠില്‍ തന്നെ ഉപേക്ഷിച്ച് ജീവനും കൊണ്ട് ജന്മദേശം വിടുന്ന ഒരു ജനയുടെ തിരക്കാണെന്ന് മാത്രം.
പരസ്പര സഹകരണവും അതിലുമേറെ സ്നേഹിക്കാനും മാത്രം അറിയാവുന്ന ഒരു ജനത ഇന്ന് ഇതുപോലെ നിസഹായരായി കൈയിലൊതുക്കാന്‍ കഴിയുന്ന തങ്ങളുടെ ജീവിത സമ്പാദ്യവും എടുത്ത് വഴിയരികില്‍ ആശങ്കയോടെ നില്‍ക്കുകയാണ്. അതില്‍ പ്രായമേറെയുള്ളവരും ബാല്യം വിടാത്ത കുരുന്നുകളുമുണ്ട്. എല്ലാ കണ്ണുകളിലും ആശങ്കമാത്രം.
വാര്‍ദ്ധക്യത്തിന്‍റെ അവസാന നാളുകളില്‍ ഒറ്റയ്ക്ക് ജീവിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. നിറഞ്ഞ കണ്ണുകളില്‍ ജന്മദേശത്തേക്ക് ഇനിയൊരു തിരിച്ച് മടക്കമുണ്ടാകില്ലെന്ന ആധിമാത്രം.
വീടുകളുടെ സുരക്ഷിതത്വത്തിലുള്ള വിശ്വാസം അവര്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. വീട്ടിലുള്ളതെല്ലാം ഇന്ന് വീടിന് വെളിയിലാണ്. കടുത്ത തണുപ്പിലും വീട്ടിനകം അവര്‍ക്ക് അന്യമായി കഴിഞ്ഞു. തങ്ങളെ സംരക്ഷിക്കേണ്ട ഭരണകൂടം പോലും കൈവിട്ടത് വൈകിയാണ് അവര്‍ മനസിലാക്കിയത് പോലും. പക്ഷേ അപ്പോഴേക്കും താമസയോഗ്യമല്ലാത്ത വീടുകളുടെ എണ്ണം ആയിരത്തോളമായിക്കഴിഞ്ഞിരുന്നു.അമ്മാരുടെ കൈകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാതെ പുതു തലമുറയും.
പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ സർക്കാർ തീരുമാനമായത് മുതൽ മറ്റുള്ളവരും ആശങ്കയിൽ ആണ്. ഓരോ കെട്ടിടം പൊളിച്ച് കളയാനായി ചുവന്ന മഷിയില്‍ ക്രോസ് മാര്‍ക്ക് വരച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോള്‍ പൊതുവേ ശാന്ത ശീലരായ ഇവര്‍ക്ക് വഴിയോരത്ത് നിന്ന് പരസ്പരം കെട്ടിപ്പിടിച്ച് കരയാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല.പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയ വീട് വിട്ടു പോകുന്ന സഹോദരിയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുകയാണ് ഇവർ. 1999 ൽ ചമോലിയിലുണ്ടായ ഭൂകമ്പത്തിൽ ഇവരുടെ അച്ഛനും അമ്മയും കൂടപ്പിറപ്പുകളും മരിച്ചു. ഒരു സഹാദരൻ മാത്രമാണ് അന്ന് ബാക്കിയായത്.അന്ന് മുതൽ തനിക്കൊപ്പം നിഴലായി നിന്ന ആങ്ങളയും കുടുംബവും പോകുന്നത് കണ്ടുനില്‍ക്കേണ്ടി വരുന്ന സഹോദരിയുടെ കണ്ണൂനീരാണിത്.
മലമുകളില്‍ ഒരു ജീവിത കാലം കൊണ്ടുണ്ടാക്കിയ സമ്പാദ്യമാണ് ആ തോളും മുതുകും താങ്ങുന്നത്. മലകള്‍ കയറിയും ഇറങ്ങിയും അവര്‍ താഴ്വാരങ്ങളിലേക്ക് അടിവച്ച് നീങ്ങുകയാണ്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വം വെറും വാഗ്ദാനം മാത്രമാണ് ഈ ജനതയും തിരിച്ചറിഞ്ഞിരിക്കുന്നു. പുതിയൊരു ജീവിതം എവിടെ തുടങ്ങുമെന്ന് അറിയില്ലെങ്കിലും താഴ്വാരങ്ങളിലേക്ക് നീളുന്ന ഒറ്റയടി പാതയിലൂടെ മുന്നോട്ട് പോവുക മാത്രമാണ് ഇന്ന് അവരുടെ മുന്നിലുള്ളത്.
കിടപ്പാടം അന്യമായവരില്‍ ചിലര്‍ ബന്ധുവീടുകളിലേക്ക് പോകുന്നു. സാമ്പത്തിക സ്ഥിതി മെച്ചമുള്ളവര്‍ക്ക് കൂടുതല്‍ സാധനങ്ങള്‍ താഴ്വാരങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നു. അത്തരക്കാര്‍ വാഹനങ്ങളെ ആശ്രയിക്കുന്നു. കിട്ടുന്ന വാഹനങ്ങളില്‍ സാമ്പദ്യങ്ങളെല്ലാം അടുക്കിവയ്ക്കുന്ന തിരക്കിലാണ് ജോഷിമഠിലെ ജനത.
ലോകത്തിന്‍റെയെതൊരു ഇടത്തും സൃഷ്ടിക്കപ്പെടുന്ന പലായനം ബാക്കിയാക്കുന്നത് കുട്ടികളുടെ കണ്ണീരും മാനസിക സംഘർഷങ്ങളുമാണ്. ജോഷിമഠിന്‍റെ കുഞ്ഞുങ്ങളും ഒന്നും അറിയാതെ തങ്ങളുടെ പകലുകളില്‍ പകച്ച് നിൽക്കുകയാണ്. ഇന്നലെ വരെ കളിച്ച് ചിരിച്ച് പന്ത് തട്ടിയിരുന്ന തെരുവുകള്‍ വീണ്ട് കീറി അടര്‍ന്ന് മാറിത്തുടങ്ങി. ഇനി ഒരിക്കലും കൂടിച്ചേരാത്ത ആ വിള്ളലുകള്‍ക്ക് മീതെ കൂടി കളിക്കൂട്ടുകാരും അവരുടെ അച്ഛനമ്മമാരും താഴ്വാരങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ തങ്ങളുടെ ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാതെ ബാല്യങ്ങള്‍ ആശങ്കയോടെ തങ്ങളുടെ കളിക്കൂട്ടുകാരെ കാഴ്ച കൊണ്ട് പിന്തുടരുന്നു.
വിവിധ ദേശങ്ങളില്‍ നിന്ന് വരുന്ന വിവിധ ഭാഷകള്‍ സംസാരിക്കുന്ന സഞ്ചാരികളാല്‍ ശബ്ദാനമാനമാകേണ്ട തെരുവുകളിലെ ഇപ്പോഴത്തെ പതിവ് കാഴ്ചകളാണിത്. താഴ്വാരങ്ങളില്‍ നിന്ന് സഞ്ചാരികളെ എത്തിച്ചിരുന്ന ആ വാഹനങ്ങള്‍ ഇന്ന് മലമുകളില്‍ നിന്ന് എന്നന്നേക്കുമായി ജന്മദേശം ഉപേക്ഷിച്ച് യാത്രയാകുന്നവരെ താഴ്വാരത്തിലേക്ക് എത്തിക്കാനായി കാത്തുനില്‍ക്കുകയാണ്.
ആശങ്കകളും നിരാശകളും മാത്രമാണ് അവരുടെ മുഖങ്ങളില്‍ ബാക്കിയുള്ളത്. വീടൊഴിഞ്ഞ് സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂടത്തിന് പക്ഷേ വീടൊഴിയുന്നവരെ മുഴുവനും പാര്‍പ്പിക്കാനുള്ള സൌകര്യങ്ങളൊരുക്കാന്‍ കഴിയുന്നില്ല. ജീവിതവും ജീവനം പ്രതിസന്ധിയിലായ ജനതയ്ക്ക് പിന്നെ റോഡില്‍, തെരുവില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ മാത്രമാണ് കഴിയുന്നത്. ഭൂമിയിലെ അസാധാരണമായ വിള്ളലുകള്‍ക്ക് കാരണം എന്‍ടിപിസിയുടെ നിർമ്മാണ പ്രവര്‍ത്തികളാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. സര്‍ക്കാറിന്‍റെ ഭൌമ പഠനങ്ങളും വിരല്‍ ചൂണ്ടുന്നത് മറ്റൊന്നിലേക്കല്ല. പ്രതിഷേധങ്ങള്‍ ജോഷിമഠിലാകെ വ്യാപിച്ചിരിക്കുന്നു. അതിൽ മുന്നിൽ നിക്കുന്നത് സ്ത്രീകളാണ്.
അയല്‍പക്കത്തെ വീടുകള്‍ പൊളിച്ച് കളയാനുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിതുടങ്ങുമ്പോഴും അവര്‍ സ്വന്തം വീടുകളില്‍ ആശങ്കയോടെയാണ് നില്‍ക്കുന്നത്. നാളെ ഈ യന്ത്രങ്ങള്‍ തങ്ങളുടെ വീടുകളിലേക്കും എത്തുമെന്ന ഭയം അവരുടെ ഉള്ളിലേക്ക് തണുപ്പിനെക്കാള്‍ ആഴത്തില്‍ അരിച്ചിറങ്ങുന്നു.
ബന്ധുക്കളും അയല്‍ക്കാരും നാടും വീടും ഉപേക്ഷിച്ച് പോകുമ്പോള്‍ നിസഹായരായി വിള്ളലുകള്‍ വീണ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ അവര്‍ ഒറ്റയ്ക്കായി പോകുന്നു. നാളെയല്ല, ഇന്നത്തെ പകലുകള്‍ ഏങ്ങനെ കഴിഞ്ഞ് പോകുമെന്നത് തന്നെയാണ് ഓരോ ജോഷിമഠുകാരുടെയും ഉള്ളിലെ തീ.
പേരിന് സര്‍ക്കാറിന്‍റെ റസ്ക്യൂ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍, വിള്ളല്‍ വീണ വീടുകളില്‍ നിന്ന് ബാക്കിയായ ജീവനും കൈയില്‍പ്പിടിച്ച് അവര്‍ കുടിയൊഴിയുകയാണ്. ഇനിയും വിള്ളല്‍ വീഴാത്ത കെട്ടിടങ്ങളിലുള്ളവര്‍ വേദനയോടെ നിസഹായരായി ആ കാഴ്ച കണ്ട് നില്‍ക്കേണ്ടി വരുന്നു.
മഹാമേരുവിന്‍റെ താഴെ ഉടമകള്‍ ഉപേക്ഷിച്ച് പോയ വീടുകളുടെ വാതിലുകള്‍ അവരെന്നെങ്കിലും തിരിച്ച് വരുമെന്നതും കാത്ത് അടയ്ക്കാതെ തുറന്ന് തന്നെ കിടക്കുന്നു. അപ്പോഴും ചുമരുകളില്‍ നിന്ന് ചുമരുകളിലേക്ക് പടര്‍ന്നു കയറുന്ന വിള്ളലുകള്‍ ആഴവും വ്യാപ്തിയും വര്‍ദ്ധിപ്പിച്ച് കൊണ്ടേയിരുന്നു. സര്‍ക്കാര്‍ പുതിയ ഭൌമ പ്രതിസന്ധിയുടെ കാരണം അന്വേഷിച്ച് പഠന സംഘങ്ങള്‍ക്ക് രൂപം കൊടുത്തു കഴിഞ്ഞു. ഇതിനിടെയിലും ഹിമവാന്‍റെ നെഞ്ചകം തുരന്ന് എന്‍ടിപിസി തങ്ങളുടെ പദ്ധതിയുമായി മുന്നോട്ട് മുന്നോട്ട് മുന്നോട്ട്....
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam