പ്രതിസന്ധി രൂപം കൊണ്ടത് ആഴ്ചകൾക്കുള്ളിൽ, റോസ്റ്ററിൽ 'റോസ്റ്റായി' ഇൻഡിഗോ
സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെയാണ് ഇൻഡിഗോയിലെ പ്രതിസന്ധി ചർച്ചയായത്. എന്നാൽ ആഴ്ചകൾ പഴക്കമുണ്ട് പ്രതിസന്ധിയുടെ മൂലകാരണത്തിന്. പൈലറ്റുമാരുടെ റോസ്റ്റർ ക്രമീകരണവും ഡ്യൂട്ടിക്ക് ശേഷമുള്ള വിശ്രമ മാനദണ്ഡങ്ങളിലുമുണ്ടായ മാറ്റമാണ് പ്രതിസന്ധി രൂക്ഷമായത്.

പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നടപ്പിലാക്കിയത് നവംബർ 1 മുതൽ
നവംബർ 1 മുതലാണ് വിശ്രമം- ഡ്യൂട്ടി സംബന്ധിയായ മാനദണ്ഡങ്ങൾ ഇൻഡിഗോ കൂടുതൽ കർശമാക്കിയത്. പൈലറ്റുമാരുടെ വർധിച്ചുവരുന്ന ക്ഷീണവും ജോലി സമ്മർദ്ദത്തേയും തുടർന്നുണ്ടായ ആശങ്കകൾക്ക് പിന്നാലെ ദില്ലി ഹൈക്കോടതി നിർദ്ദേശമാണ് പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ രൂപീകരിക്കപ്പെട്ടത്. രണ്ട് ഘട്ടമായി ഈ നയം നടപ്പിലാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
നെറ്റ് ഷിഫ്റ്റിലുണ്ടായിരുന്ന പൈലറ്റുമാരെ പിന്നീട് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനടക്കം നിയന്ത്രണം വരുത്തിയ നയം
ഈ പുതുക്കിയ മാനദണ്ഡങ്ങൾക്കെതിരെ രണ്ട് വർഷത്തോളമാണ് വിമാനക്കമ്പനികൾ പോരാടിയത്. പ്രതിവാര വിശ്രമ സമയം 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി ഉയർത്തുന്നത് വിമാന കമ്പനികൾ വലിയ രീതിയിലാണ് എതിർത്തത്. രാത്രി ഡ്യൂട്ടിയിലുള്ള പൈലറ്റുമാരെ ശേഷിക്കുന്ന സമയത്തെ ഡ്യൂട്ടിക്ക് ഉപയോഗിക്കുന്നതിന് അടക്കം നിയന്ത്രണം വരുത്തുന്നതായിരുന്നു പുതുക്കിയ മാനദണ്ഡങ്ങൾ
നയം നടപ്പിലാക്കാൻ സമയം നൽകിയെങ്കിലും പരിഹാരം കാണാതെ ഇൻഡിഗോ
നവംബർ 1 മുതലാണ് പുതിയ നയം നടപ്പിലാക്കിയത്. വലിയ രീതിയിൽ ആൾക്ഷാമം ഉണ്ടാവുമെന്നതിനാൽ സർവീസ് തടസപ്പെടാമെന്ന് വിമാന കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും സർക്കാർ സമയം നൽകിയിരുന്നു.
ജീവനക്കാരുടെ വർഷങ്ങളായുള്ള അതൃപ്തി
പുതിയ നയം നടപ്പിലാക്കിയതോടെ വലിയ രീതിയിലെ തൊഴിലാളി ക്ഷാമം ആണ് ഇൻഡിഗോ നേരിട്ടത്. പൈലറ്റുമാരോട് അവധി റദ്ദാക്കാൻ വരെ ഇൻഡിഗോയ്ക്ക് ആവശ്യപ്പെടേണ്ടി വന്നിരുന്നു. എന്നാൽ ഏതാനും വർഷങ്ങളായി നിലനിൽക്കുന്ന അസംതൃപ്തി പൈലറ്റുമാർ ഇൻഡിഗോയുടെ ആവശ്യം നിരാകരിക്കാൻ കാരണമാവുകയായിരുന്നു.
കമ്പനി ലാഭത്തിലായിട്ടും ശമ്പള വർദ്ധനവുണ്ടായില്ലെന്ന് പൈലറ്റുമാർ
ഡിജിസിഎ മാനദണ്ഡം അനുസരിച്ച് ജോലി ചെയ്തിരുന്ന പൈലറ്റുമാർക്ക് ശമ്പള വർദ്ധനവിന്റെ പേരിൽ കടുത്ത അതൃപ്തിയാണ് നില നിന്നിരുന്നത്. ഇൻഡിഗോയ്ക്ക് 7000 കോടി ലാഭമുണ്ടായിട്ടും ശമ്പള വർദ്ധനവ് അടക്കം നൽകാതിരുന്നതാണ് ജീവനക്കാരെ അസംതൃപ്തിയിലാക്കിയിരുന്നു. പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തെക്കുറിച്ചുള്ള പുതിയ മാനദണ്ഡങ്ങളുടെ അർത്ഥം വിമാനക്കമ്പനി തങ്ങൾക്ക് അനുകൂലമായി വളച്ചൊടിക്കുന്നുവെന്നും പൈലറ്റുമാർ ആരോപിച്ചിരുന്നു.
ഡിസംബർ 5 ന് മാത്രം റദ്ദാക്കിയത് 700ലേറെ സർവീസുകൾ
ദില്ലിയിൽ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്ലാ ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സർവീസുകളും റദ്ദാക്കി. ഛത്തീസ്ഗഡ്, ഗോവ, പറ്റ്ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പ്രതിസന്ധിയുണ്ട്. ചെന്നൈയിൽ നിന്ന് വൈകീട്ട് 6 വരെയുള്ള എല്ലാ ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി.
ഇൻഡിഗോയുടെ അലംഭാവത്തിൽ വലഞ്ഞ് യാത്രക്കാർ
ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് പ്രധാന പ്രതിസന്ധി. ചട്ടം നടപ്പാക്കുന്നതില്‍ ഇൻഡിഗോ കാട്ടിയ അലംഭാവം ആണ് പ്രതിസന്ധി രൂക്ഷം ആക്കിയത്.

