രാജ്യവ്യാപകമായി 700-ഓളം ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. വിമാനത്താവളത്തിൽ കുടുങ്ങിയ മകൾക്ക് സാനിറ്ററി പാഡിനായി ഒരച്ഛൻ നിലവിളിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലാണ്.
ദില്ലി: 700 ഓളം ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാർ. ഇതിനിടെ, എന്റെ മകൾക്ക് ഒരു സാനിറ്ററി പാഡ് വേണം എന്ന് രോഷാകുലനായി നിലവിളിച്ചു കൊണ്ട് എയർപോർട്ടിലൂടെ നടക്കുന്ന ഒരച്ഛന്റെ വീഡിയോ സോഷ്യൽ മീഡിയയിലടക്കം വൈറലാവുകയാണ്. ‘സഹോദരി, എന്റെ മകൾക്ക് ബ്ലീഡിംഗ് ഉണ്ട്..എനിക്ക് ഒരു സാനിറ്ററി പാഡ് വേണം..എനിക്ക് ഒരു സ്റ്റേഫ്രീ തരൂ’ എന്ന് വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്ന് ഉച്ചത്തിൽ നിലവിളിക്കുകയാണ് ഒരു യാത്രക്കാരൻ. സംഭവത്തിന്റെ വീഡിയോ ഒരുപാട് പ്രൊഫൈലുകളിൽ ഷെയർ ചെയ്യപ്പെട്ടിട്ടുമുണ്ട്.
അതേ സമയം, ദില്ലിയിൽ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്ലാ ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സർവീസുകളും റദ്ദാക്കി. ഛത്തീസ്ഗഡ്, ഗോവ, പറ്റ്ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പ്രതിസന്ധിയുണ്ട്. ചെന്നൈയിൽ നിന്ന് വൈകീട്ട് 6 വരെയുള്ള എല്ലാ ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി. ഇന്ന് മാത്രം എഴുനൂറോളം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് പ്രധാന പ്രതിസന്ധി. ചട്ടം നടപ്പാക്കുന്നതില്‍ ഇൻഡിഗോ കാട്ടിയ അലംഭാവം ആണ് പ്രതിസന്ധി രൂക്ഷം ആക്കിയത്.
ഫെബ്രുവരി പത്തോടെ മാത്രമേ സര്‍വീസ് പൂര്‍ണമായി പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് ഇൻഡിഗോ പറയുന്നത്. ദില്ലിയിൽ നിന്ന് ഇന്ന് മാത്രം 400-ലധികം വിമാനങ്ങളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. മഹാരാഷ്ട്രയിൽ നിന്നുള്ള 32 സർവീസുകളും ബെംഗളൂരുവിൽ നിന്നുള്ള 102 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള 31 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 20 വിമാനങ്ങളും ചെന്നൈയിൽ എത്തേണ്ട 11 വിമാനങ്ങളും റദ്ദാക്കി.


