Kashmir: കശ്മീരില്‍ പ്രതിഷേധം പുകയുന്നു; സുരക്ഷിതത്വം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍
ഒരിടവേളയ്ക്ക് ശേഷം കശ്മീർ താഴ്‌വരയിൽ (Kashmir Valley) വീണ്ടും വെടിയൊച്ചകള്‍ ഉയരുന്നു. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി താഴ്വരയില്‍ ഭീതി പടര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സാധാരണക്കാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്. അധ്യാപികയുടെയും ബാങ്ക് മാനേജറുടെയും കൊലപാതകം ഇതാണ് കാണിക്കുന്നതെന്ന് കശ്മീര്‍ ഡിജിപി പറയുന്നു. ഇതിനിടെ കശ്മീരിലെ ഭീകരാക്രമണത്തിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധമുയര്‍ന്നു. സുരക്ഷിതയിടങ്ങളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരായ കശ്മീരി പണ്ഡിറ്റുകളാണ് തെരുവിലിറങ്ങിയത്. കശ്മീരില്‍ നടന്ന പ്രതിഷേധത്തില്‍ അധ്യാപികമാരടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. താഴ്വരയില്‍നിന്ന് ജമ്മു മേഖലയിലേക്കോ, സുരക്ഷിതമായ ഉൾഗ്രാമങ്ങളിലേക്കോ സ്ഥലം മാറ്റമാവശ്യപ്പെട്ടാണ് കശ്മീരി പണ്ഡിറ്റുകളുടെ പ്രതിഷേധം. കശ്മീരിലും ദില്ലി ജന്തര്‍മന്ദിറിലും പ്രതിഷേധം അരങ്ങേറി. ദില്ലി ജന്തര്‍മന്ദിറിലെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാനമാന്‍ ദീപു എം നായര്‍.
കോണ്‍സ്റ്റബിള്‍ ഗുലാം ഹസ്സന്‍ (മെയ് 8), സര്‍ക്കാര്‍ ക്ലാര്‍ക്ക് രാഹുല്‍ ഭട്ട് (മെയ് 12), കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദ് (മെയ് 13), വൈന്‍ ഷോപ്പ് ജീവനക്കാരന്‍ രഞ്ജിത്ത സിങ് (മെയ് 17), കോണ്‍സ്റ്റബിള്‍ സൈഫുള്ള ഖാദ്രി (മെയ്25), ടെലിവിഷന്‍ അവതാരക അമ്രീന്‍ ഭട്ട് (മെയ് 25), സ്കൂള്‍ അധ്യാപിക രജ്നി ബാല (മെയ് 31), ബാങ്ക് മാനേജര്‍ വിജയ് കുമാര്‍ (ജൂണ്‍ 2), അതിഥി തൊഴിലാളി ദില്‍ഖുഷ് (ജൂണ്‍ 2) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരില്‍ ഭീകരരുടെ അക്രമണങ്ങളില്‍ മരിച്ച് വീണത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമണം ശക്തമാതോടെ സുരക്ഷിതയിടങ്ങളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരായ കശ്മീരി പണ്ഡിറ്റുകളാണ് തെരുവിലിറങ്ങിയത്. കശ്മീരില്‍ നടന്ന പ്രതിഷേധത്തില്‍ അധ്യാപികമാരടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.
താഴ്വരയില്‍നിന്ന് ജമ്മു മേഖലയിലേക്കോ, സുരക്ഷിതമായ ഉൾഗ്രാമങ്ങളിലേക്കോ സ്ഥലം മാറ്റമാവശ്യപ്പെട്ടാണ് കശ്മീരി പണ്ഡിറ്റുകളുടെ പ്രതിഷേധം. അമിത്ഷായുടെ നേതൃത്ത്വത്തില്‍ ചേർന്ന ഉന്നത തല യോഗത്തിന് പിന്നാലെ സർക്കാരും ഇക്കാര്യം പരിശോധിക്കുന്നുണ്ട്. കുല്‍ഗാമില്‍ അധ്യാപികയെ ഭീകരർ സ്കൂളിലെത്തി വെടിവെച്ചുകൊന്നത് താഴ്വരയില്‍ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്.
അതിനിടെ അനന്ത്നാഗില്‍ ഹിസ്ബുൾ മുജാഹിദീന്‍ ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ മൂന്ന് സൈനികരും ഒരു പ്രദേശവാസിയും ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ കശ്മീരില്‍ ഇതര സംസ്ഥാനക്കാർക്ക് നേരെ ഭീകരാക്രമണം തുടരുകയാണ്. ബദ്ഗാമിന് പിന്നാലെ ഷോപിയാനിലും രണ്ട് ഇതരസംസ്ഥാനക്കാർക്ക് ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റു.
വ്യാഴാഴ്ച സൈന്യം സഞ്ചരിച്ച സ്വകാര്യ വാഹനം പൊട്ടിത്തെറിച്ച് പരിക്കേറ്റ മൂന്ന് സൈനികരില്‍ ഒരാൾ വീരമൃത്യ വരിച്ചു. ആക്രമണം തുടരുന്ന സാഹചര്യത്തിൽ കശ്മീരിൽ നിന്ന് ജനങ്ങൾ ജമ്മുവിലേക്ക് പാലായനം ചെയ്യുകയാണ്. നിരവധി കുടുംബങ്ങൾ ഇതിനോടകം നഗരം വിട്ടുകഴിഞ്ഞു.
ശ്രീനഗറിൽ സുരക്ഷിതമായ ഒരു സ്ഥലം പോലുമില്ലാതായെന്നാണ് കഴിഞ്ഞ ദിവസം പിഎം പാക്കേജിൽ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളിലൊരാൾ എഎൻഐയോട് പറഞ്ഞത്. മാത്രമല്ല, 1990 കളിലേതിനേക്കാൾ മോശമായ അവസ്ഥയാണ് കശ്മിരിലേതെന്നും മറ്റൊരാൾ പ്രതികരിച്ചിരുന്നു.
അതേസമയം കശ്മീരിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഭീകരരുടെ കേന്ദ്രങ്ങള്‍ കണ്ടെത്തണമെന്നും ഒരു തീവ്രവാദിയെ പോലും വെറുതെ വിടരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദ്ദേശിച്ചു. ജമ്മുകശ്മീരില്‍ സുരക്ഷാ വിന്യാസം കൂട്ടാന്‍ യോഗം തീരുമാനിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, ജമ്മുകശ്മീര്‍ ലഫ് ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
സാധാരക്കാർക്ക് നേരെ ഭീകരാക്രമണം തുടരുന്നത് ജമ്മുകാശ്മീരില്‍ ആശങ്ക പടർത്തിയിരിക്കുകയാണ്. കുല്‍ഗാമില്‍ കഴിഞ്ഞ ദിവസം ബാങ്ക് മാനേജരെ വെടിവച്ചുകൊന്നതിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടന ഏറ്റെടുത്തിരുന്നു.
കുല്‍ഗാം ജില്ലയില്‍ മോഹന്‍പുരയിലെ ബാങ്ക് മാനേജരും രാജസ്ഥാന്‍ സ്വദേശിയുമായ വിജയകുമാറിന് നേരെ ബാങ്കിലെത്തിയാണ് ഭീകരന്‍ വെടിയുതിർത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭീകരർക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ജമ്മു കാശ്മീർ ഫ്രീഡം ഫൈറ്റേഴ്സെന്ന ഭീകര സംഘടന ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകേട്ട് കശ്മീരിലെത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് കൊലപാതകമെന്നും കശ്മീരിനെ മാറ്റാന്‍ ശ്രമിക്കുന്നവർക്കെല്ലാം ഈ ഗതി വരുമെന്നും ജെഎഫ്എഫ് ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.