ലോക്ഡൌണ്‍; തൊഴില്‍ നഷ്ടപ്പെടുന്നത് 40 കോടി ഇന്ത്യക്കാര്‍ക്ക്

First Published May 13, 2020, 3:51 PM IST


ഇന്ത്യ ലോക്ഡൌണിലേക്ക് നീങ്ങിയിട്ട് 51 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതിനിടെ തൊഴില്‍ നഷ്ടമായ ഇന്ത്യക്കാരുടെ കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ്. ലോക്ഡൌണില്‍ രാജ്യത്തെ കോടിക്കണക്കിന് വരുന്ന തൊഴിലാളികളാണ് ദുരിതം അനുഭവിക്കുന്നത്. ഈ വറുതിക്കാലത്ത്  ജോലി നഷ്ടമായത് കോടിക്കണക്കിന് ആളുകള്‍ക്കാണ്. കുട്ടികള്‍ക്ക് ആഹാരം പോലും വാങ്ങികൊടുക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് മാതാപിതാക്കള്‍. ഇന്ത്യയിലെ പകുതിയിലധികം ജനങ്ങളും പട്ടിണിയിലേയ്ക്ക് നീങ്ങുകയാണെന്നാണ് അടുത്തകാലത്തായി നടന്ന ഒരു സർവ്വേ സൂചിപ്പിക്കുന്നത്. 130 കോടിക്ക് മേലെ ജനസംഖ്യയുള്ള ഇന്ത്യയില്‍ 40 കോടി അടിസ്ഥാന വര്‍ഗ്ഗത്തിനാണ് തൊഴിലും അതുവഴി വരുമാനവും നഷ്ടമായത്. ലോക്ഡൌണ്‍ പ്രഖ്യാപിച്ച് സമയത്ത് 500 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി നല്‍കിയിത്. എന്നാല്‍ നല്‍കിയതിന്‍റെ നാലിരട്ടി കാശാണ് അവരെ സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കാന്‍ റെയില്‍വേയിലൂടെ കേന്ദ്ര സര്‍ക്കാര്‍ തിരികെ വാങ്ങിയത്. ദുരിതങ്ങളില്‍ നിന്ന് ദുരിതക്കയത്തിലേക്കാണ് ഇന്ത്യയുടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ യാത്ര. ചിത്രങ്ങള്‍ :  അരുണ്‍ എസ് നായര്‍. (ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍)