15,256 അടി ഉയരം, മഞ്ഞ് പെയ്യുന്ന കൊടുംതണുപ്പ്; ലോകത്തെ ഉയരം കൂടിയ പോളിംഗ് ബൂത്ത് ഇന്ത്യയിലാണ്!
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് എന്ന വിശേഷണമുള്ള ഇന്ത്യന്‍ ലോക്‌സഭ ഇലക്ഷന് മറ്റൊരു റെക്കോര്‍ഡ് കൂടിയുണ്ട്. ലോകത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോളിംഗ് ബൂത്ത് ഇന്ത്യയിലാണ്. മഞ്ഞുമൂടിക്കിടക്കുന്ന ഇവിടെ കൊടുംതണുപ്പിനെ അതിജീവിച്ചാണ് വോട്ടര്‍മാര്‍ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ചില്ലറ വെല്ലുവിളിയല്ല ഈ പോളിംഗ് ബൂത്ത്.
ചിത്രങ്ങള്‍ക്ക് കടപ്പാട്- ഇലക്ഷന്‍ കമ്മീഷന്‍
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് എന്ന് ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പിനെ വിളിക്കുന്നത് വോട്ടര്‍മാരുടെ എണ്ണം കൊണ്ട് മാത്രമല്ല.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് ബൂത്ത് ഇന്ത്യയിലാണ്. 15,256 അടി ഉയരെ (4650 മീറ്റര്‍) ആണ് ഹിമാലയന്‍ മലനിരകളിലെ ഈ പോളിംഗ് ബൂത്ത് സ്ഥിതി ചെയ്യുന്നത്.
ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തെ ലാഹൗൾ ആൻറ് സ്പിതി ജില്ലയിലുള്ള താഷിഗാംഗാണ് ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് ബൂത്ത് എന്ന റെക്കോര്‍ഡ് കൈവശം വച്ചിരിക്കുന്നത്.
ഇന്ത്യ-ടിബറ്റ് അതിർത്തിക്കടുത്തുള്ള സത്‌ലജ് നദീതടത്തിലാണ് താഷിഗാംഗ് എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. മഞ്ഞ് പെയ്യുന്ന സ്ഥലമാണിത്.
ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ 100 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നു. 52 വോട്ടര്‍മാരായിരുന്നു ഇവിടെയുണ്ടായിരുന്നത്.
മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അനായാസം വോട്ട് ചെയ്യാന്‍ പാകത്തില്‍ മോഡല്‍ പോളിംഗ് സ്റ്റേഷനായിരുന്നു ഇത്.