ഇനിയില്ല ആ കോളോണിയല്‍ രാജവീഥി, പകരം കര്‍ത്തവ്യപഥ്
പഴയ കോളോണിയല്‍ അവശേഷിപ്പികള്‍ പേരുകളില്‍ നിന്ന് നീക്കം ചെയ്യുകയാണ് ഇന്ത്യ. ഏറ്റവുമെടുവിലായി രാജ്യത്തിന്‍റെ ഭരണസിരാ കേന്ദ്രമായ ദില്ലിയിലെ പ്രധാനപാതയുടെ പേരും കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരിക്കുന്നു.രാജ്പഥിന്‍റെ പേര് കര്‍ത്തവ്യപഥ് (കടമയുടെ പാത) എന്നാണ് മാറ്റിയത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗമാണ് ഇനി മുതല്‍ കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടുക.സെപ്റ്റംബർ 7 നവീകരിച്ച സെൻട്രൽ വിസ്ത അവന്യൂ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമാണ് അവന്യൂ, പദ്ധതിയുടെ ഭാഗമായി പുതിയ ത്രികോണ പാർലമെന്‍റ് മന്ദിരവും സെൻട്രൽ സെക്രട്ടേറിയറ്റും പ്രധാനമന്ത്രിക്കായി പ്രത്യേക വസതിയും മറ്റ് നിരവധി സർക്കാർ ഓഫീസുകളും പുനർനിർമ്മിക്കുന്നു.
റിപ്പബ്ലിക് ദിന പരേഡ് കടന്നു പോകുന്ന ഈ പാത ഇന്ത്യയുടെ സ്വാതന്ത്ര ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷിയാണ്.
കേന്ദ്ര സര്‍ക്കാര്‍ നവീകരണം നടത്തിയ സെന്‍ട്രല്‍ വിസ്ത അവന്യു സെപ്റ്റംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഈ ഭാഗത്തിന്‍റെ പേര് മാറ്റി ഉത്തരവിറങ്ങിയത്.
കിംഗ് ജോര്‍ജ്ജ് അഞ്ചാമന്‍റെ കാലത്താണ് ഈ പാതയ്ക്ക് കിംഗ്‌സ് വേ എന്ന പേര് നല്‍കിയത്. സ്വാതന്ത്രാനന്തരം കിംഗ്സ് വേ ഹിന്ദിവത്ക്കരിക്കപ്പെട്ട് രാജ്പഥ് ആയി.
രാജ്പഥിന്‍റെ പേരിലുള്ള ബ്രിട്ടീഷ് സ്വാധീനം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് പാതയ്ക്ക് കര്‍ത്തവ്യപഥ് എന്ന പേര് നല്‍കിയത്. സെപ്തംബര്‍ 8 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ പാതയുടെ പേര് കര്‍ത്തവ്യപഥ് എന്നാകും.
ഈ വര്‍ഷത്തെ സ്വാതന്ത്രദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി കൊളോണിയൽ മാനസികാവസ്ഥയുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ഇല്ലാതിന്‍റെ ഭാഗമായി പേര് മാറ്റം നിര്‍ദ്ദേശിച്ചിരുന്നു.
നേരത്തെയും ഇന്ത്യയില്‍ പേര് മാറ്റം നടപ്പാക്കിയിരുന്നു. മുമ്പ് റേസ് കോഴ്‌സ് റോഡ് എന്നറിയപ്പെട്ടിരുന്ന പാത 2016 ല്‍ ലോക് കല്യാൺ മാർഗ് എന്ന പേരില്‍ പുനനാമകരണം ചെയ്തിരുന്നു. അത് പോലെ തന്നെ ഔറംഗസേബ് റോഡ്, 2015 ല്‍എപിജെ അബ്ദുൾ കലാം റോഡ് എന്നും പേര് മാറ്റിയിരുന്നു.
മുഗൾ ചക്രവർത്തി ഷാജഹാന്‍റെ മൂത്ത പുത്രനോടുള്ള ആദരസൂചകമായി 2017 ല്‍ ഡൽഹൗസി റോഡിന്‍റെ പേര് ദാരാ ഷിക്കോ റോഡ് എന്നാക്കി മാറ്റിയിരുന്നു. 2014 ല്‍ ആദ്യത്തെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമാണ് ദില്ലിയിലെ പേരുകളില്‍ പലതും മാറ്റപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.
അതിന് മുമ്പ് 1996 ല്‍ മദ്രാസ് നഗരത്തിന്‍റെ പേര് ചെന്നൈ എന്ന് മാറ്റി തമിഴ്നാട് സര്‍ക്കാരും 2014 ല്‍ ബാംഗ്ളൂര്‍ നഗരം ബെംഗളൂരുവാക്കി കര്‍ണ്ണാടക സര്‍ക്കാരും മുന്നോട്ട് വന്നിരുന്നു.
കോളോണിയല്‍ കാലത്തെ പേര് മാറ്റത്തിന്‍റെ പേരില്‍ മുഗള്‍ കാലഘട്ടത്തിലെ പേരുകള്‍ പോലും മാറ്റുകയാണെന്ന് ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു. സെപ്തംബര്‍ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ തലസ്ഥാന നഗരം പുതിയ നിര്‍മ്മാണത്തില്‍ ഏറെ ശ്രദ്ധേയമാകും. സെപ്തംബര്‍ ഒമ്പത് മുതല്‍ പൊതുജനങ്ങള്‍ക്കായി കര്‍ത്തവ്യപഥ് തുറന്ന് കൊടുക്കും.
1911-ൽ ബ്രിട്ടീഷ് ഗവൺമെന്‍റെ അവരുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാൻ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്‍റ് നിര്‍മ്മാണം തുടങ്ങിയത്. 1920-ൽ ആർക്കിടെക്റ്റുമാരായ എഡ്വിൻ ലൂട്ടിയൻസിനും ഹെർബർട്ട് ബേക്കറിനുമായിരുന്നു ഇതിന്‍റെ നിര്‍മ്മാണ ചുമതല.