Operation Vijay: ഗോവന്‍ വിമോചന ദിനാചരണം; ‘ഓപ്പറേഷൻ വിജയ്’ആഘോഷത്തിന് പ്രധാനമന്ത്രിയും
ഡോ. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നാളെ (19.12.'21) നടക്കുന്ന ഗോവന്‍ വിമോചന ദിനാചരണ (Govan Liberation Day) പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) പങ്കെടുക്കും. പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിച്ച ഇന്ത്യൻ സായുധ സേനയുടെ 'ഓപ്പറേഷൻ വിജയ്' (Operation Vijay) വിജയിച്ചതിന്‍റെ ഓര്‍മ്മയ്ക്കായി എല്ലാ വർഷവും ഡിസംബർ 19 നാണ് ഗോവ വിമോചന ദിനം ആഘോഷിക്കുന്നത്. പരിപാടിയില്‍ സ്വാതന്ത്ര്യ സമര സേനാനികളെയും ‘ഓപ്പറേഷൻ വിജയ്’ സേനാനികളെയും പ്രധാനമന്ത്രി ആദരിക്കും. അഗ്വാഡ ഫോർട്ട് ജയിൽ മ്യൂസിയം പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം സംസ്ഥാനത്ത് 650 കോടിയിലധികം രൂപ ചെലവ് വരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
നവീകരിച്ച ഫോർട്ട് അഗ്വാഡ ജയിൽ മ്യൂസിയം, ഗോവ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ന്യൂ സൗത്ത് ഗോവ ജില്ലാ ആശുപത്രി, മോപ്പ എയർപോർട്ടിലെ ഏവിയേഷൻ സ്കിൽ ഡെവലപ്‌മെന്‍റ് സെന്‍റർ, മർഗോവിലെ ദാബോലിം-നാവെലിമിലെ ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ എന്നിവയുൾപ്പെടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. ഗോവയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്റ്റിന്‍റെ ഇന്ത്യ ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിനും പ്രധാനമന്ത്രി തറക്കല്ലിടും.
മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തുടനീളം ഉയർന്ന നിലവാരത്തിലുള്ള മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയുടെ ഭാഗമായാണ് ഇത്. ഗോവ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് കോടിയിലധികം രൂപയോളം ചെലവിലാണ് നിര്‍മ്മിച്ചത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിക്ക് കീഴിൽ 380 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഗോവയില്‍ ഹൈ എൻഡ് സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ പ്രദാനം ചെയ്യുന്ന ഒരേയൊരു അത്യാധുനിക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണിത്. സംസ്ഥാനത്തുടനീളമുള്ള ആൻജിയോപ്ലാസ്റ്റി, ബൈപാസ് സർജറി, കരൾ മാറ്റിവയ്ക്കൽ, വൃക്ക മാറ്റിവയ്ക്കൽ, ഡയാലിസിസ് തുടങ്ങിയ പ്രത്യേക സേവനങ്ങൾ ഇവിടെ ലഭ്യമാകും. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പിഎം കെയേര്‍സിന് കീഴിൽ സ്ഥാപിച്ചിട്ടുള്ള 1000 എല്‍പിഎം പിഎസ്എ പ്ലാന്‍റും ഇതോടൊപ്പം ഉണ്ടാകും.
ഏകദേശം 220 കോടി രൂപ ചെലവിൽ നിർമ്മിച്ച ന്യൂ സൗത്ത് ഗോവ ജില്ലാ ഹോസ്പിറ്റലിൽ 33 സ്പെഷ്യാലിറ്റികളിലെ ഒപിഡി സേവനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ, അത്യാധുനിക ഡയഗ്നോസ്റ്റിക്, ലബോറട്ടറി സൗകര്യങ്ങളും ഫിസിയോതെറാപ്പി, ഓഡിയോമെട്രി തുടങ്ങിയ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിൽ 500 ഓക്സിജൻ കിടക്കകളുണ്ട്. 5500 ലിറ്റർ എല്‍എംഒ ടാങ്കും 600 lpm ന്റെ 2 പിഎസ്എ പ്ലാന്‍റുകളും ഇതോടൊപ്പം നിര്‍മ്മിച്ചിട്ടുണ്ട്.
സ്വദേശ് ദർശൻ പദ്ധതി പ്രകാരം 28 കോടിയിലധികം രൂപ ചെലവഴിച്ചാണ് അഗ്വാഡ ഫോർട്ട് ജയിൽ മ്യൂസിയം പൈതൃക വിനോദസഞ്ചാര കേന്ദ്രമായി പുനർവികസിപ്പിച്ചത്. ഗോവയുടെ വിമോചനത്തിന് മുമ്പ്, സ്വാതന്ത്ര്യ സമര സേനാനികളെ തടവിലിടാനും പീഡിപ്പിക്കാനും അഗ്വാഡ കോട്ട ഉപയോഗിച്ചിരുന്നു. ഗോവയുടെ വിമോചനത്തിനായി പോരാടിയ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികൾ നൽകിയ സംഭാവനകളും ത്യാഗങ്ങളും മ്യൂസിയം ഉയർത്തിക്കാട്ടുകയും അവർക്ക് ആദരാഞ്ജലിയർപ്പിക്കുകയും ചെയ്യും. നിര്‍മ്മാണത്തിലിരിക്കുന്ന മോപ്പ വിമാനത്താവളത്തിൽ ഏകദേശം 8.5 കോടി രൂപ ചെലവിൽ നിർമ്മിച്ച ഏവിയേഷൻ സ്കിൽ ഡെവലപ്‌മെന്‍റ് സെന്‍റർ. 16 വ്യത്യസ്ത തൊഴിൽ മേഖലകളില്‍ പരിശീലനം നൽകുന്നതിന് ലക്ഷ്യമിടുന്നു.
കേന്ദ്ര ഊർജ മന്ത്രാലയത്തിന്‍റെ സംയോജിത പവർ ഡെവലപ്‌മെന്‍റ് സ്‌കീമിന് കീഴിൽ ഏകദേശം 16 കോടി രൂപ ചെലവിലാണ് മർഗോവിലെ ദാവോർലിം-നാവെലിമിൽ ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. അഞ്ച് ഗ്രാമങ്ങളിലേക്ക് തടസമില്ലാതെ വൈദ്യുതി എത്തിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും. ഗോവയെ ഉന്നത-സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രമാക്കി മാറ്റുന്നതിന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്റ്റിന്‍റെ ഇന്ത്യ ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് സ്ഥാപിക്കും.ഗോവ വിമോചന പ്രസ്ഥാനത്തിലെ രക്തസാക്ഷികളുടെ സ്മരണ പുതുക്കി പത്രദേവിയിലെ ഹുതാത്മ സ്മാരകം ചിത്രീകരിക്കുന്ന 'മൈ സ്റ്റാമ്പും' പ്രധാനമന്ത്രി പ്രകാശനം ചെയ്യും.