- Home
- News
- India News
- Kashi Vishwanath Corridor: കാശിവിശ്വനാഥ ഇടനാഴി ഇന്ത്യയ്ക്ക് നിർണ്ണായക ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി
Kashi Vishwanath Corridor: കാശിവിശ്വനാഥ ഇടനാഴി ഇന്ത്യയ്ക്ക് നിർണ്ണായക ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി
പുതുതായി നിർമ്മിച്ച കാശി വിശ്വനാഥ ഇടനാഴിയുടെ (Kashi Vishwanath Corridor) ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ( Narendra Modi) ഉദ്ഘാടനം ചെയ്തു. 5 ലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന കാശി വിശ്വനാഥ് ഇടനാഴി 339 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്ന് ഗംഗാ (Ganga River) നദിതീരത്തേക്ക് എളുപ്പത്തിലെത്താന്‍ കഴിയുമെന്നതാണ് ഇടനാഴിയുടെ പ്രത്യേകത. തന്‍റെ മണ്ഡലത്തിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിയ നരേന്ദ്രമോദി, ബിജെപി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.

2019 മാർച്ച് 8-നാണ് പ്രധാനമന്ത്രി കാശി വിശ്വനാഥ് ഇടനാഴിയുടെ തറക്കല്ലിട്ടത്. ഹിന്ദു ദൈവമായ ശിവന്‍റെ 11 ജ്യോതിർലിംഗങ്ങളിൽ നിന്നുള്ള വേദ പണ്ഡിതന്മാരും പുരോഹിതന്മാരും ഹിന്ദു സന്യാസിമാരും ഉൾപ്പെടെ മൂവായിരത്തോളം അതിഥികൾ ഉദ്ഘാടന ചടങ്ങിനെത്തി.
രാജ്യത്തെ എല്ലാ പ്രമുഖ നദികളിൽ നിന്നും വെള്ളം കൊണ്ടുവന്ന് 'ജല അഭിഷേക്' നടത്തി. എല്ലാ ജ്യോതിർലിംഗങ്ങളിൽ നിന്നുമുള്ള പുരോഹിതന്മാർ ചടങ്ങിനായി ഇവിടെ എത്തി ചേര്‍ന്നിരുന്നു. കാശിയിലെ ഘാട്ടുകൾ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു.
"കാശി വിശ്വനാഥ് ഇടനാഴിയുടെ ഉദ്ഘാടനം ഇന്ത്യയ്ക്ക് നിർണ്ണായക ദിശാബോധം നൽകുകയും ശോഭനമായ ഭാവിയിലേക്ക് നയിക്കുകയും ചെയ്യും. ഈ സമുച്ചയം നമ്മുടെ ശക്തിയുടെയും കടമയുടെയും സാക്ഷിയാണ്. നിങ്ങൾ വിചാരിച്ചാൽ, ദൃഢനിശ്ചയം ചെയ്താൽ അസാധ്യമായി ഒന്നുമില്ല." കാശി വിശ്വനാഥ ഇടനാടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങുകള്‍ ബിജെപിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തത്സമയം സംപ്രേഷണം ചെയ്തു. കാലഭൈരവ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കാശിവിശ്വനാഥ കേന്ദ്ര സന്ദര്‍ശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി, കാശി വിശ്വനാഥ് ഇടനാഴിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്.
ഡിസംബറില്‍ തിരക്കിട്ട ഒന്നാം ഘട്ട ഉദ്ഘാടനത്തിനായി ഏതാണ്ട് 400 അധികം തൊഴിലാളികള്‍ രാവും പകലും ജോലി ചെയ്താണ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. '
പ്രധാനമന്ത്രിയുടെ മണ്ഡലമായതിനാൽ യുപി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുൻഗണനാ പട്ടികയിൽ ഒന്നാമതുള്ള പദ്ധതിയാണിത്. ഭക്തര്‍ക്ക് സൌകര്യമൊരുക്കുന്നതിന്‍റെ ഭാഗമായി 23 പുതിയ കെട്ടിടങ്ങളാണ് പദ്ധതിയുടെ ഭാഗമായി പണിതത്.
അസം, അരുണാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, മണിപ്പൂർ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. ബീഹാറിലെയും നാഗാലാൻഡിലെയും ഉപമുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയ സന്ദര്‍ശിക്കും.
കാശിയാത്ര 'അവിസ്മരണീയ തീര്‍ത്ഥാടന അനുഭവമാക്കാന്‍' ബഹുരാഷ്ട്ര സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യങിനാണ് (Ernst & Young ) പദ്ധതിയുടെ ആസൂത്രണ ചുമതല നല്‍കിയിരിക്കുന്നത്.
കാശി വിശ്വനാഥ ക്ഷേത്രത്തെ ചുറ്റിയുള്ള ഈ പദ്ധതിക്ക് 400 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. പദ്ധതി നടത്തിപ്പിനിടെ നൂറ് കണക്കിന് പഴയ ക്ഷേത്രങ്ങള്‍ കണ്ടെത്തി. ഇവയും പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കും.
നിലവിലുള്ള പൈതൃക ഘടനകൾ സംരക്ഷിക്കുക, പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ക്ഷേത്ര സമുച്ചയത്തിൽ പുതിയ സൗകര്യങ്ങൾ ഒരുക്കുക, ക്ഷേത്രത്തിന് ചുറ്റുമുള്ള ആളുകളുടെ ഗതാഗതവും സഞ്ചാരവും സുഗമമാക്കുക, ക്ഷേത്രത്തെ ഘാട്ടുകളുമായി നേരിട്ട് കാണാന്‍ പറ്റുന്ന രീതിയില്‍ ബന്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ആശയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam