മുപ്പതിനായിരം അടി ഉയരത്തില്‍ 'റീ ഫ്യുവലിംഗ്' നടത്തുന്ന റഫാല്‍ വിമാനങ്ങള്‍; ചിത്രങ്ങള്‍
ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ ബാച്ച് വിമാനത്തില്‍ മാര്‍ഗ്ഗമധ്യേ ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറയ്ക്കുന്ന ചിത്രങ്ങളാണ് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തത്.
ഇന്ത്യയിലേക്കുള്ള യാത്രക്കിടെ 30000 അടി ഉയരത്തില്‍ ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്ന റഫേല്‍ വിമാനങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്. ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ ബാച്ച് വിമാനത്തില്‍ മാര്‍ഗ്ഗമധ്യേ ഇന്ധനം നിറയ്ക്കുന്നു ചിത്രങ്ങളാണ് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തത്.
ഫ്രെഞ്ച് വായുസേനയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. രണ്ടു പാദങ്ങളിലായാണ് റഫേല്‍ വിമാനങ്ങളുടെ ഇന്ത്യയിലേക്കുള്ള യാത്ര. 7000 കിലോമീറ്റര്‍ ദൂരമാണ് ഇവ സഞ്ചരിക്കുന്നത്.
ആദ്യ പാദത്തില്‍ ഏഴ് മണിക്കൂര്‍ യാത്രയ്ക്കൊടുവില്‍ അബുദാബിയിലെ അല്‍ ദാഫ്റ വിമാനത്താവളത്തില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ എത്തി. വിമാനത്തിലെ തുടര്‍ച്ചായ പരിശീലനത്തിന് ശേഷമാണ് വ്യോമസേന പൈലറ്റുമാര്‍ വിമാനം ഇന്ത്യയിലേക്കെത്തിക്കുന്നത്.
മെറിഗ്നാക് വ്യോമതാവളത്തിൽ ഇന്ത്യൻ അംബാസഡറാണ് അഞ്ച് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്ലാഗ് ഓഫ് ചെയ്തത്. 1990 സുഖോയ് വാങ്ങിത്തുടങ്ങിയതിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന പുതിയ തരം വിദേശ ജെറ്റുകളുടെ ആദ്യ വരവാണിത്. 36 വിമാനങ്ങളുടെ കരാറാണ് ഫ്രാൻസുമായുള്ളത്.
ഇന്ത്യയിലേക്കുള്ള സംഘത്തിനൊപ്പം എൻജിനീയറിങ് ക്രൂ അംഗങ്ങളുമുണ്ട്. പതിനേഴാം ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലെ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഏഴ് പൈലറ്റുമാരിൽ ഒരാൾ മലയാളിയാണ്.
എന്നാൽ സംഘാംഗങ്ങളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വ്യോമസേന പുറത്തുവിട്ടില്ല. ജെറ്റ് വിമാനങ്ങളെ സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അംബാലയിലെ വ്യോമതാവളത്തിൽ തയാറാക്കിയതായി വ്യോമസേന അറിയിച്ചിരുന്നു.