അംബാനി, അദാനി, ബിർള; ജി20 ഉച്ചകോടിയിൽ കോടീശ്വരന്‍മാര്‍ക്ക് എന്ത് കാര്യം?
ദില്ലി: രാജ്യത്തെ വ്യവസായ പ്രമുഖര്‍ക്കും ജി20 ഉച്ചകോടിയിലേക്ക് ക്ഷണമുണ്ട് എന്നാണ് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തത്. ലോക നേതാക്കളുടെ സമ്മേളനത്തില്‍ എന്താണ് ഇന്ത്യയിലെ അതിസമ്പന്നരായ വ്യവസായികൾക്ക് കാര്യം എന്ന ചോദ്യം ഉയരുകയാണ്? രാജ്യത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ വമ്പൻ കുതിച്ചുചാട്ടമാണ് നടത്തിയതെന്നും 50 വർഷം കൊണ്ട് നേടേണ്ട പുരോഗതി മോദി ഭരണത്തിന് കീഴിൽ 6 വർഷംകൊണ്ട് നേടിയെന്നും ലോകബാങ്ക് പ്രശംസിക്കുന്നതിന് ഇടയില്‍ കൂടിയാണ് ഉച്ചകോടി രാജ്യതലസ്ഥാനമായ ദില്ലിയില്‍ നടക്കുന്നത്. ലോകബാങ്ക് തയ്യാറാക്കിയ ജി20 ഗ്ലോബൽ പാർട്ണർഷിപ്പ് ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഡോക്യുമെന്റിലാണ് മോദി സർക്കാരിനെ പ്രശംസിച്ചത്. അതേസമയം, ജി20യില്‍ വ്യവസായികള്‍ക്ക് ക്ഷണമുണ്ട് എന്ന വാർത്ത കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
ഇന്ത്യ ആതിഥേയത്വമരുളുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി സെപ്തംബർ 9ന് നടക്കുന്ന അത്താഴവിരുന്നിന് ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യവസായികളെ ലോക നേതാക്കൾക്കൊപ്പം സർക്കാർ ക്ഷണിച്ചതായാണ് റോയിട്ടേഴ്‌സിന്‍റെ റിപ്പോർട്ട്.
മുകേഷ് അംബാനി, ഗൗതം അദാനി, കുമാർ മംഗളം ബിർള തുടങ്ങിയ രാജ്യത്തെ സമ്പന്നരായ വ്യവസായികൾ ജി20 ഉച്ചകോടിയിലെ അത്താഴ വിരുന്നിൽ പങ്കെടുക്കും. പ്രത്യേക ക്ഷണമാണ് ഇവര്‍ക്കെല്ലാം ലഭിച്ചിരിക്കുന്നത് എന്ന് വാര്‍ത്തയില്‍ പറയുന്നു.
റോയിട്ടേഴ്‌സിന്‍റെ റിപ്പോർട്ട് പ്രകാരം 500 വ്യവസായികളെ അത്താഴത്തിന് ക്ഷണിച്ചിട്ടുണ്ട്, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെ കൂടാതെ വ്യവസായികളായ എൻ. ചന്ദ്രശേഖരൻ, സുനിൽ മിത്തൽ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.
ജോ ബൈഡൻ, റിഷി സുനക്, ജസ്റ്റിൻ ട്രൂഡോ തുടങ്ങി 25ലധികം രാജ്യങ്ങളുടെ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കാൻ ദില്ലിയിലേക്കെത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിനെ വ്യവസായരംഗം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത് എന്നും വാര്‍ത്തയില്‍ പറയുന്നു.
2023ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോൾ രാജ്യത്തെ ബിസിനസ്, നിക്ഷേപ അവസരങ്ങൾ ഉയർത്തിക്കാട്ടുന്നതിനുള്ള മറ്റൊരു അവസരം കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുക. അതിനാലാണ് വിവിധ ലോകനേതാക്കൾക്കൊപ്പം മോദി വ്യവസായികളെ കൂടി ഉൾപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്.
ജി20യിലെ 20 അംഗ രാജ്യങ്ങൾക്ക് പുറമെ 9 രാജ്യങ്ങളിലെ നേതാക്കളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യുഎൻ, ഐഎംഎഫ്, ഡബ്ല്യുബി, ഡബ്ല്യുഎച്ച്ഒ, ഡബ്ല്യുടിഒ, ഐഎൽഒ, എഫ്എസ്ബി, ഒഇസിഡി എന്നിവയ്ക്ക് ജി20 ഉച്ചകോടിയിലേക്ക് ക്ഷണമുണ്ട്.
എയു, ഓഡ-നെപാഡ്, ആസിയാൻ എന്നീ പ്രാദേശിക സംഘടനകളുടെ ചെയർമാന്മാരും യോഗത്തിനെത്തും. രാജ്യത്തലവന്‍മാര്‍ക്കൊപ്പം വ്യവസായ പ്രമുഖരും ചേരുമ്പോള്‍ ഭാവി സാമ്പത്തികരംഗത്തെ കുറിച്ചുള്ള നയരൂപീകരണത്തിന്‍റെ ചിത്രവും ജി20 ഉച്ചകോടിയില്‍ തെളിയും. എന്നാല്‍ വ്യവസായ പ്രമുഖര്‍ ജി20യില്‍ പങ്കെടുക്കുന്നതായുള്ള റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഫാക്ട് ചെക്ക് വിഭാഗം തള്ളിക്കളഞ്ഞു.