താലിബാന്‍ ഭീകരത ഓര്‍മ്മപ്പെടുത്തി ഇന്ത്യയിലേയ്ക്ക് 55 സിഖ് അഭയാര്‍ത്ഥി സംഘമെത്തി
2021 ഓഗസ്റ്റ 15 ന് യുഎസ് സേനയുടെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍റെ അധികാരം താലിബാന്‍ കൈയാളിയതിന് പിന്നാലെ അടുത്തകാലത്തായി ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിനാണ് അഫ്ഗാന്‍ തുടക്കമിട്ടത്. ഇതില്‍ ഏറ്റവും ഒടുവിലായി 55 പേരടങ്ങുന്ന സിഖ് അഭയാര്‍ത്ഥി സംഘം അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തി. ഞായറാഴ്ചയാണ് ഇവരെയും വഹിച്ച് കൊണ്ടുള്ള വിമാനം ഇന്ത്യയിലെത്തിയത്. അഷ്റഫ് ഘാനി സര്‍ക്കാറിന്‍റെ വീഴ്ചയ്ക്ക് പിന്നാലെ ദശലക്ഷക്കണക്കിന് ആളുകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്തത്. ഇതില്‍ വലിയൊരു ശതമാനം ആളുകള്‍ പാകിസ്ഥാനിലേക്കും ഇറാനിലേക്കും കുടിയേറിയപ്പോള്‍ തങ്ങളെ സഹായിച്ച ആയിരക്കണക്കിന് തദ്ദേശികളെ യുഎസ്, ഗള്‍ഫ് രാജ്യങ്ങളിലേക്കും കൊണ്ടു പോയിരുന്നു.
രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും അവരെ രാജ്യത്ത് തുടരാന്‍ അനുവദിക്കുമെന്നായിരുന്നു അധികാരമേറ്റെടുക്കുന്ന വേളയില്‍ താലിബാന്‍ ലോകരാജ്യങ്ങളെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് വിദേശമാധ്യമങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ സിഖ് അഭയാര്‍ത്ഥി സംഘവും താലിബാന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അധികാരമുപയോഗിക്കുന്നവെന്ന് ആരോപിച്ചു. ദില്ലിയില്‍ വിമാനമിറങ്ങിയതിന് പിന്നാലെ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച ബൽജീത് സിംഗ് രാജ്യത്തെ അവസ്ഥകളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് പങ്കുവച്ചത്.
താൻ നാല് മാസത്തോളം താലിബാൻറെ തടവിലായിരുന്നെന്ന് അദ്ദേഹം എഎൻഐയോട് പറഞ്ഞു. "അഫ്ഗാനിസ്ഥാനിൽ സ്ഥിതി അത്ര സുഖകരമല്ല. ഞാൻ നാല് മാസത്തോളം ജയിലിൽ കിടന്നു. താലിബാൻ ഞങ്ങളെ വഞ്ചിച്ചു. അവർ ജയിലിൽ വച്ച് ഞങ്ങളുടെ മുടി മുറിച്ചു. ഇപ്പോഴെങ്കിലും ഇന്ത്യയിലേക്ക് മടങ്ങാനായതിൽ എനിക്ക് നന്ദിയും സന്തോഷവുമുണ്ട്," അദ്ദേഹം പറഞ്ഞു.
താലിബാൻ നേതൃത്വത്തിലുള്ള രാജ്യത്തെ ദുരിതബാധിതരായ ന്യൂനപക്ഷങ്ങളെ ഒഴിപ്പിക്കാനുള്ള സർക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് 55 അഫ്ഗാൻ സിഖ് അഭയാര്‍ത്ഥികളെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. അഫ്ഗാനിലെ ന്യൂനപക്ഷങ്ങളെ ഒഴിപ്പിക്കാൻ ഇന്ത്യൻ വേൾഡ് ഫോറത്തിന്‍റെയും കേന്ദ്രത്തിന്‍റെയും ഏകോപനത്തോടെ അമൃത്‌സറിലെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയാണ് വിമാനം സംഘടിപ്പിച്ചതെന്ന് എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.
" ഞങ്ങൾക്ക് അടിയന്തര വിസകൾ നൽകിയതിനും ഇന്ത്യയിലെത്താൻ ഞങ്ങളെ സഹായിച്ചതിനും ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് നന്ദി പറയുന്നു. ഞങ്ങളിൽ പലരുടെയും 30-35 പേരടങ്ങുന്ന കുടുംബാംഗങ്ങള്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ ഒറ്റപ്പെട്ടിരിക്കുകയാണ്." എന്ന് സുഖ്ബീർ സിംഗ് ഖൽസ പറഞ്ഞു. കഴിഞ്ഞ ജൂലൈ 14 ന് അഫ്ഗാനിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈനായ കാം എയറിൽ ഒരു ശിശു ഉൾപ്പെടെ 21 അഫ്ഗാൻ സിഖുകാരെ കാബൂളിൽ നിന്ന് ന്യൂഡൽഹിയിലെത്തിച്ചിരുന്നു.
2020-ൽ ഏകദേശം 700 ഓളം ഹിന്ദുക്കളും സിഖുകാരും അഫ്ഗാനിസ്ഥാനിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ 2021 ഓഗസ്റ്റ് 15-ന് താലിബാൻ അധികാരം ഏറ്റെടുത്തതിന് പിന്നാലെ ഇവരില്‍ വലിയൊരു വിഭാഗം രാജ്യം വിട്ടു. താലിബാന്‍ അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ സിഖുകാര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജൂൺ 18 ന്, ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ (ISKP) കാബൂളിലെ കാർട്ടെ പർവാൻ ഗുരുദ്വാരയ്ക്ക് നേരെ നടന്ന അക്രമത്തില്‍ 50 ഓളം പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 15 മുതൽ 20 വരെ ഭീകരർ കാബൂളിലെ കാർട്ട്-ഇ-പർവാൻ ജില്ലയിലെ ഒരു ഗുരുദ്വാര കീഴടക്കി കാവല്‍ക്കാരെ ബന്ദികളാക്കിയിരുന്നു.