Ukraine War: ഞങ്ങള്‍ ആരാണെന്ന് വ്യക്തമാക്കുന്നതില്‍ ലജ്ജയില്ല; റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്
യുക്രൈന്‍ അധിനിവേശത്തിന് (Ukraine War) നാല് മാസങ്ങള്‍ക്ക് ശേഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ച് റഷ്യ (Russia). യുദ്ധത്തിനിടെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് (Sergei Lavrov) ബിബിസിയുമായി നടത്തിയ ആദ്യ അഭിമുഖത്തിലാണ് തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചത്. 'ഞങ്ങൾ ആരാണെന്ന് കാണിക്കുന്നതിൽ ഞങ്ങൾക്ക് ലജ്ജയില്ലെ'ന്ന് അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞു. അതോടൊപ്പം റഷ്യയുടെ മുന്‍ നിലപാടുകളില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയും ചെയ്തു. 'ഞങ്ങള്‍ യുക്രൈന്‍ ആക്രമിച്ചിട്ടില്ലെ'ന്നും ഇപ്പോള്‍ നടക്കുന്നത് വെറും സൈനിക നടപടി മാത്രമാണെന്നും ലാവ്റോവ് ആവര്‍ത്തിച്ചു.
യുക്രൈനെതിരായ റഷ്യന്‍ നീക്കം വെറും സൈനിക നടപടി മാത്രമാണ്. ഞങ്ങള്‍ ഒരു പ്രത്യേക സൈനിക ഓപ്പറേഷനാണ് നടത്തുന്നത്. കാരണം യുക്രൈനെ നാറ്റോയുടെ ഭാഗമാക്കുന്നത് ക്രിമിനല്‍ നടപടിയാണെന്ന് പടിഞ്ഞാറിന് വ്യക്തമാക്കി കൊടുക്കാന്‍ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 24 -ാം തിയതി റഷ്യയുടെ 'പ്രത്യേക സൈനിക നടപടി' തുടങ്ങിയതിന് ശേഷം പാശ്ചാത്യ മാധ്യമങ്ങളില്‍ വളരെ കുറച്ച് അഭിമുഖങ്ങള്‍ മാത്രമേ ലാവ്റോവ് നടത്തിയിട്ടുള്ളൂ. യുക്രൈനില്‍ നാസികളുണ്ടെന്ന റഷ്യന്‍ ആരോപണം അദ്ദേഹം ബിബിസി അഭിമുഖത്തിലും ആവര്‍ത്തിച്ചു.
റഷ്യന്‍ സൈന്യം യുക്രൈനെ ഡിനാസിഫൈ (de-Nazify) ചെയ്യുകയാണെന്നാണ് റഷ്യയുടെ വാദം. യുദ്ധത്തിന്‍റെ തുടക്ക കാലത്ത് ജൂത രക്തത്തെ വേട്ടയാടിയതിന് പേരുകേട്ട അഡോള്‍ഫ് ഹിറ്റ്ലറിനും ജൂത രക്തമായിരുന്നെന്ന് ലാവ്റോവ് അഭിപ്രായപ്പെട്ടിരുന്നു. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു.
യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലെന്‍സ്കി ജൂതനാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടെയായിരുന്നു ലാവ്റോവിന്‍റെ തമാശ. സെലെന്‍സ്കിയ്ക്കെതിരെയുള്ള നാസി അപവാദത്തെ ന്യായീകരിച്ച് റഷ്യന്‍ സൈനിക നീക്കത്തിന് പിന്തുണ തേടിയായിരുന്നു ഹിറ്ററുടെ പേര് ലാവ്റോവ് വലിച്ചിഴച്ചത്. എന്നാല്‍, ഇത് ഇസ്രയേലിന്‍റെ പ്രതിഷേധത്തിന് കാരണമായിരുന്നു.
അഭിമുഖത്തിനിടെ യുഎന്‍ പാശ്ചാത്യരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നുവെന്നും ലാവ്റോവ് ആരോപിച്ചു. യുക്രൈന്‍ ഗ്രാമമായ യാഹിദ്‌നെയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ലാവ്റോവിന്‍റെ പ്രതികരണം. യാഹിദിലെ റഷ്യന്‍ ബേസ്മെന്‍റിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിഞ്ഞ 360 സാധാരണക്കാരില്‍ 10 പേര്‍ മരിച്ചിരുന്നു.
ഇത് നാസികളോടുള്ള പോരാട്ടത്തിന്‍റെ ഭാഗമായിരുന്നോയെന്ന ചോദ്യത്തിനായിരുന്നു യുഎന്നിനെതിരെ ലാവ്റോവ് തിരിഞ്ഞത്. യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ, യുഎൻ സെക്രട്ടറി ജനറൽ, മറ്റ് യുഎൻ പ്രതിനിധികൾ എന്നിവരുൾപ്പെടെയുള്ള അന്താരാഷ്ട്ര നയതന്ത്രജ്ഞർ പാശ്ചാത്യരുടെ സമ്മർദ്ദത്തിന് വിധേയരാകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
പലപ്പോഴും അവർ പാശ്ചാത്യ രാജ്യങ്ങളുടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. റഷ്യ അത്രയ്ക്ക് വൃത്തിഹീനമല്ലെന്നും തങ്ങള്‍ ആരാണെന്ന് കാണിക്കുന്നതില്‍ തങ്ങള്‍ക്ക് ലജ്ജയില്ലെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞു.
ബ്രിട്ടനെതിരെയും ലാവ്റോവ് തുറന്നടിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ജനങ്ങളുടെ താത്പര്യത്തെയാണ് ബ്രിട്ടന്‍, യുക്രൈനില്‍ അടിയറ വെയ്ക്കുന്നതെന്നായിരുന്നു ലാവ്റോവിന്‍റെ ആരോണം. യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ലിസ് ട്രസ്സും റഷ്യയെ മുട്ടുകുത്തിക്കുമെന്ന് പരസ്യമായി പറഞ്ഞ ആളുകളാണ്. എങ്കില്‍ ചെയ്ത് കാണിക്കൂവെന്നായിരുന്നു ലാവ്റോവിന്‍റെ വാക്കുകള്‍.
കിഴക്കന്‍ യുക്രൈനില്‍, യുക്രൈന്‍ സൈന്യം കഴിഞ്ഞ ഏട്ട് വര്‍ഷമായി വംശഹത്യ നടത്തുകയാണെന്ന് ലാവ്റോവ് ആരോപിച്ചു. കഴിക്കന്‍ യുക്രൈനില്‍ നിന്ന് പിടികൂടിയ രണ്ട് യുക്രൈന്‍ സൈനികരായ ബ്രിട്ടീഷുകാരെ റഷ്യന്‍ സൈന്യം വധിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ അന്താരാഷ്ട്രാ നിയമമാണ് പാലിക്കുന്നതെന്നും അന്താരാഷ്ട്രാ നിയമത്തില്‍ കൂലിപടയാളികളെ പോരാളികളായി കണക്കാക്കുന്നില്ലെന്നുമായിരുന്നു ലാവ്റോവ് അഭിപ്രായപ്പെട്ടത്.
റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍റെ ഏറ്റവും അടുത്ത വിശ്വസ്ഥരില്‍ ഒരാളാണ് വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്. പുടിന്‍റെ വേനല്‍ക്കാല വിനോദ യാത്രകളില്‍ പലപ്പോഴും കൂട്ട് പോകുന്ന അത്യപൂര്‍വ്വം സുഹൃത്തുക്കളില്‍ ഒരാള്‍. 72 -കാരനായ അദ്ദേഹം കഴിഞ്ഞ 18 വര്‍ഷമായി റഷ്യയെ അന്താരാഷ്ട്രാ വേദികളില്‍ പ്രതിനിധീകരിക്കുന്നു.